പാരിസ്: അമൂല്യമായ കിരീടങ്ങളും ആഭരണങ്ങളുമടക്കം മോഷ്ടിക്കപ്പെതിനെ തുടര്‍ന്ന് ഉയര്‍ന്ന സുരക്ഷാ ആശങ്കകള്‍ക്കു പിന്നാലെ പാരിസിലെ ലോകപ്രശസ്ത ലൂവര്‍ മ്യൂസിയം വീണ്ടും വാര്‍ത്തയാകുന്നു.
മ്യൂസിയം കനത്ത തോതില്‍ ചോര്‍ന്നൊലിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ നവംബര്‍ അവസാനം ഉണ്ടായ ജലചോര്‍ച്ചയില്‍ ഈജിപ്ഷ്യന്‍ വിഭാഗത്തിലെ 300 മുതല്‍ 400 വരെ അപൂര്‍വ ഗവേഷണ രേഖകള്‍ക്കും ജേര്‍ണലുകള്‍ക്കും കേടുപാടുണ്ടായതായി മ്യൂസിയം അധികൃതര്‍ അറിയിച്ചു.
നവംബര്‍ 26ന് ആണ് ചോര്‍ച്ച കണ്ടെത്തിയത്. എയര്‍ കണ്ടീഷനിംഗ് സംവിധാനത്തിലെ ഒരു വാല്‍വ് തെറ്റായി തുറന്നതിനെ തുടര്‍ന്ന് മൊലിയന്‍ വിങ്ങിലെ മേല്‍ക്കൂരയിലൂടെ വെള്ളം ഒഴുകിയെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
19ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ 20ാം നൂറ്റാണ്ടിന്റെ തുടക്കംവരെ കാലഘട്ടത്തിലെ രേഖകളാണ് നനഞ്ഞ് നശിക്കാറായത്. ഈ രേഖകള്‍ ഗവേഷകര്‍ക്ക് അത്യന്തം പ്രയോജനകരമായിരുന്നുവെങ്കിലും അപൂര്‍വ പൈതൃക വസ്തുക്കള്‍ക്ക് കേടുപാടുണ്ടായിട്ടില്ലെന്നും തിരുത്താനാകാത്ത നഷ്ടങ്ങളൊന്നുമില്ലെന്നും മ്യൂസിയത്തിന്റെ ഉപഭരണാധികാരി ഫ്രാന്‍സിസ് സ്‌റ്റൈന്‍ബോക്ക് വ്യക്തമാക്കി.
രേഖകള്‍ ഉണക്കി പുനരുദ്ധാരണം നടത്തി വീണ്ടും ശേഖരത്തിലേക്ക് തിരിച്ചുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറില്‍ പട്ടാപ്പകല്‍ ഏഴു മിനിറ്റിനുള്ളില്‍ 102 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ആഭരണങ്ങള്‍ കവര്‍ന്ന സംഭവവും നവംബറില്‍ ഗ്രീക്ക് പാത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ഗാലറി ഘടനാപരമായ ദൗര്‍ബല്യം മൂലം അടച്ചതും ലൂവറിന്റെ പഴകിയ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.
മാസങ്ങളായി പ്രവര്‍ത്തനരഹിതമായ ഈ 'പൂര്‍ണ്ണമായും പഴകിയ' സംവിധാനത്തിന് 2026 സെപ്റ്റംബര്‍ മുതല്‍ പകരം സംവിധാനം ഏര്‍പ്പെടുത്താനാണ് മ്യൂസിയത്തിന്റെ പദ്ധതി. അതിനിടയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പണം കണ്ടെത്താന്‍ യൂറോപ്യന്‍ യൂണിയനില്‍ പെടാത്ത സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റ് നിരക്ക് 32 യൂറോ ആയി ഉയര്‍ത്തിയതിലൂടെ 45% വര്‍ധനവാണ് ലൂവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്; ഇതിലൂടെ വാര്‍ഷിക വരുമാനത്തില്‍ 23 മില്യണ്‍ ഡോളര്‍ വരെ വര്‍ധന പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
മോഷണം നടന്ന ലൂവര്‍ മ്യൂസിയം ചോര്‍ന്നൊലിക്കുന്നു; നൂറുകണക്കിന് അപൂര്‍വ ഗവേഷണ രേഖകള്‍ക്ക് കേടുപാട്
