ഇറാന് പിന്നാലെ യു എസിന്റെ ലക്ഷ്യം ക്യൂബ

ഇറാന് പിന്നാലെ യു എസിന്റെ ലക്ഷ്യം ക്യൂബ


തെഹ്‌റാന്‍: ഇറാനുമായുള്ള സംഘര്‍ഷം അവസാനിച്ചതിന് ശേഷം യു എസിന്റെ ശ്രദ്ധ ക്യൂബയിലേക്കായിരിക്കുമെന്ന യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഇറാന് പിന്തുണ പ്രഖ്യാപിച്ച് ക്യൂബ. മിഡില്‍ ഈസ്റ്റിലെ പുതിയ സംഭവവികാസങ്ങള്‍ സംബന്ധിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയും ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പാരില്ലയും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തി.

സംഭാഷണത്തിനിടെ ഇറാന്‍ പരമോന്നത നേതാവിനും ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും റോഡ്രിഗസ് അനുശോചനം രേഖപ്പെടുത്തി. പ്രത്യേകിച്ച് മിനാബ് നഗരത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരണപ്പെട്ട സംഭവത്തെ അദ്ദേഹം പരാമര്‍ശിച്ചു.

യു എസും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരെ നടത്തിയ ആക്രമണങ്ങളെ ക്യൂബ ശക്തമായി അപലപിച്ചു. രാജ്യങ്ങളുടെ അസ്തിത്വത്തെ മാനിക്കണമെന്നും യു എന്‍ ചാര്‍ട്ടറും അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളും പാലിക്കണമെന്നും റോഡ്രിഗസ് ആവശ്യപ്പെട്ടു.

അമേരിക്കയും ഇസ്രയേലും നടത്തിയ നടപടികളെക്കുറിച്ച് അരാഘ്ചി വിശദീകരിച്ചു. ഇറാന്റെ പരമോന്നത നേതാവിന്റെ വധം ഉള്‍പ്പെടെ നടന്ന ആക്രമണങ്ങള്‍ വലിയ തോതില്‍ സാധാരണ ജനങ്ങളുടെ മരണത്തിനും പരിക്കുകള്‍ക്കും കാരണമായതായി അദ്ദേഹം പറഞ്ഞു.

കൂടാതെ ആശുപത്രികള്‍, പള്ളികള്‍, നയതന്ത്ര മിഷനുകള്‍, സിവില്‍ ഭരണ സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടറിനെയും അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളെയും ഗുരുതരമായി ലംഘിക്കുന്നതാണെന്നും അരാഘ്ചി പറഞ്ഞു.

രാജ്യത്തിന്റെ പ്രതിരോധ ശേഷിയും ജനങ്ങളുടെ പിന്തുണയും ആശ്രയിച്ച് ഇറാന്‍ സ്വന്തം അസ്തിത്വവും ഭൂപരിധിയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഏത് ആക്രമണത്തോടും ദൃഢമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനുമായി തുടരുന്ന സൈനിക സംഘര്‍ഷം അവസാനിച്ചതിന് ശേഷം അമേരിക്കയുടെ ശ്രദ്ധ ക്യൂബയിലേക്ക് മാറ്റാനാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പരിപാടി. 

വൈറ്റ് ഹൗസില്‍ 2025-ലെ ഇന്റര്‍ മിയാമി എഫ് സി ഫുട്‌ബോള്‍ ടീമിന്റെ താരങ്ങളെയും ഉദ്യോഗസ്ഥരെയും സ്വീകരിച്ച ചടങ്ങിലാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്. ഇറാനുമായി നടക്കുന്ന യുദ്ധം ആദ്യം പൂര്‍ത്തിയാക്കണമെന്നും അതിന് ശേഷം ക്യൂബയെക്കുറിച്ചുള്ള വിഷയങ്ങളിലേക്ക് അമേരിക്ക ശ്രദ്ധ തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ട്രംപ് ക്യൂബയുടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഉടന്‍ തന്നെ തകരുമെന്ന് പ്രവചിക്കുകയും ചെയ്തു. 'ക്യൂബയും ഉടന്‍ വീഴും' എന്നാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ക്യൂബയ്ക്ക് പ്രധാനമായിരുന്ന എണ്ണവിതരണം വെനിസ്വേലയില്‍ അമേരിക്ക തടഞ്ഞതിനെ തുടര്‍ന്ന് ദ്വീപ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ശക്തമായതായി ട്രംപ് പറഞ്ഞു. ഇതിന്റെ ഫലമായി ഹവാനയിലെ ഭരണകൂടം അമേരിക്കയുമായി കരാറിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇതിനിടെ ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കയുംഇസ്രായേരലുമായി ചേര്‍ന്ന് നടത്തുന്ന സൈനിക നടപടികള്‍ പദ്ധതിയേക്കാള്‍ മുന്നിലാണ് എന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ട്രംപ് ക്യൂബയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതോടെ, മിഡില്‍ ഈസ്റ്റ് യുദ്ധം അവസാനിച്ചതിന് ശേഷം ക്യൂബ അമേരിക്കയുടെ അടുത്ത പ്രധാന വിദേശ നയ ലക്ഷ്യമായി മാറുമോ എന്ന ചര്‍ച്ചകള്‍ ശക്തമായിട്ടുണ്ട്.