ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം; തുടർച്ചയായി ഒമ്പതാം വർഷവും ഫിൻലൻഡിന് ഒന്നാം സ്ഥാനം

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം; തുടർച്ചയായി ഒമ്പതാം വർഷവും  ഫിൻലൻഡിന് ഒന്നാം സ്ഥാനം


ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി ഒൻപതാം വർഷമാണ് ഫിൻലൻഡ് ഒന്നാം സ്ഥാനത്ത് എത്തുന്നത്.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ വെൽബീയിംഗ് ഗവേഷണ കേന്ദ്രം തയ്യാറാക്കുന്ന 'വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്' പ്രകാരമാണ് ഈ വിലയിരുത്തൽ.
ഈ വർഷത്തെ പട്ടികയിൽ ഐസ്‌ലൻഡ് രണ്ടാം സ്ഥാനവും ഡെന്മാർക്ക് മൂന്നാം സ്ഥാനവും നേടി. ലാറ്റിൻ അമേരിക്കയിൽനിന്ന് കോസ്റ്ററിക്ക നാലാം സ്ഥാനത്തെത്തി ശ്രദ്ധേയമായ നേട്ടമുണ്ടാക്കി.

അടുത്ത സ്ഥാനങ്ങളിൽ സ്വീഡൻ, നോർവെ എന്നിവ അഞ്ചും ആറും സ്ഥാനങ്ങൾ നേടി. യൂറോപ്യൻ രാജ്യങ്ങളായ നെതൽലാൻഡ്‌സ്  (ഏഴാം സ്ഥാനം), ലക്‌സംബർഗ്  (ഒമ്പതാംസ്ഥാനം), സ്വിറ്റ്‌സർലന്റ് (പത്താംസ്ഥാനം) എന്നിവയും ആദ്യ പത്തിൽ ഇടം നേടി.
മധ്യപൂർവദേശത്ത് നിന്നുള്ള ഏക രാജ്യമായ ഇസ്രയേൽ എട്ടാം സ്ഥാനത്താണ്.
അമേരിക്ക ഈ വർഷം 23ാം സ്ഥാനത്താണ്. കാനഡ 25ാം സ്ഥാനവും യു.കെ  29ാം സ്ഥാനവും നേടി. തുടർച്ചയായി രണ്ടാം വർഷമാണ് ഇംഗ്ലീഷ് ഭാഷാ രാജ്യങ്ങൾ ആദ്യ പത്തിൽ ഇടംനേടാതെ പോകുന്നത്.
ഗാലപ്പ് വേൾഡ് പോൾ നടത്തിയ സർവേയിൽ, 147 രാജ്യങ്ങളിലെ ജനങ്ങൾ തങ്ങളുടെ ജീവിതം 0 മുതൽ 10 വരെയുള്ള സ്‌കെയിലിൽ വിലയിരുത്തിയാണ് റാങ്കിങ് നിർണയിച്ചത്. ആളുകളുടെ വരുമാനം, ആയുർദൈർഘ്യം, സ്വാതന്ത്ര്യബോധം, ഔദാര്യത, അഴിമതി സംബന്ധിച്ച ധാരണ എന്നിവ ഉൾപ്പെടെ ആറു ഘടകങ്ങൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്.
റിപ്പോർട്ട് പ്രകാരം, ഫിൻലൻഡിലെ ജനങ്ങൾ 7.764 എന്ന ശരാശരി സ്‌കോർ നേടി. സഹകരണ മനോഭാവവും ശക്തമായ സാമൂഹിക സുരക്ഷാ സംവിധാനവുമാണ് രാജ്യത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഇതിനിടെ, യുവജനങ്ങളിൽ സന്തോഷനില കുറയുന്നതായി റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലാന്റ് എന്നിവിടങ്ങളിൽ 25 വയസ്സിന് താഴെയുള്ളവരുടെ സന്തോഷനില കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി.
സാമൂഹിക മാധ്യമങ്ങളുടെ അതിരുകടന്ന ഉപയോഗം ഇതിന് പ്രധാന കാരണമാകാമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഇന്റർനെറ്റ് ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായകരമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പട്ടികയുടെ അവസാന സ്ഥാനത്ത് അഫ്ഗാനിസ്ഥാൻ മാറ്റമില്ലാതെ തുടരുന്നു. കൂടാതെ സിയര ലിയോണെ, മലാവി, സിംബാബ്‌വെ, ബോറ്റ്‌സ്വാനഎന്നിവയും അവസാന സ്ഥാനങ്ങളിലുണ്ട്.