ടെല്‍ അവീവ്: ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചുമതല പ്രസിഡന്റ് ഐസക് ഹെര്‍സോഗില്‍നിന്ന് ഏറ്റുവാങ്ങിയ യാഷര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഗാദി ഐസന്‍കോട്ട് രാജ്യത്ത് പുതിയ രാഷ്ട്രീയ കാലഘട്ടത്തിന് ആഹ്വാനം ചെയ്തു. സയണിസം, ഐക്യദാര്‍ഢ്യം, സൗഹൃദം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന പുതിയ നേതൃത്വമാണ് രാജ്യത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ, നയതന്ത്ര, ആഭ്യന്തര വെല്ലുവിളികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദേശീയ അടിയന്തര സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു.
ഞായറാഴ്ച പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങിലാണ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചുമതല ഐസന്‍കോട്ടിന് കൈമാറിയത്. 120 അംഗ നെസറ്റിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുമായി പ്രസിഡന്റ് നടത്തിയ കൂടിയാലോചനകള്‍ക്കു ശേഷമായിരുന്നു നടപടി.
ചുമതല ഏറ്റെടുത്തതിന് പിന്നാലെ സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ഐസന്‍കോട്ട് രാജ്യത്തെ രാഷ്ട്രീയ ഭിന്നതകള്‍ മറികടന്ന് ജനവിഭാഗങ്ങളെ ഒന്നിപ്പിക്കാന്‍ കഴിയുന്ന പുതിയ നേതൃത്വം വേണമെന്ന് വ്യക്തമാക്കി.
ഇസ്രയേലിന് പുതിയൊരു സര്‍ക്കാര്‍ ആവശ്യമാണ്. നമ്മെ ഒന്നിപ്പിക്കുന്ന മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും പുതിയൊരു കാലഘട്ടത്തിലേക്ക് വഴിതെളിക്കുകയും ചെയ്യുന്ന നേതൃത്വമാണ് രാജ്യത്തിന് വേണ്ടത്. സയണിസത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ കാലഘട്ടം. ദൗത്യം പ്രയാസകരമാണ്. മുന്നില്‍ ഏറെ ജോലികളുണ്ട്. എന്നാല്‍ വിജയം കൈവരിക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇസ്രയേല്‍ വിജയിക്കണം. അതിനായി സാധ്യമായതെല്ലാം ഞാന്‍ ചെയ്യും. ദൈവസഹായത്തോടെ നാം പ്രവര്‍ത്തിക്കുകയും വിജയിക്കുകയും ചെയ്യും'- അദ്ദേഹം കുറിച്ചു.
ദേശീയ അടിയന്തര സര്‍ക്കാര്‍ ലക്ഷ്യം
പ്രസിഡന്റില്‍നിന്ന് ചുമതല ഏറ്റുവാങ്ങിയതിന് പിന്നാലെ രാജ്യത്തെ വെല്ലുവിളികള്‍ നേരിടാന്‍ വിശാലാടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഐസന്‍കോട്ട് വ്യക്തമാക്കി.
ദേശീയ അടിയന്തര സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് താന്‍ നേതൃത്വം നല്‍കുമെന്നും അതിനായി പരമ്പരാഗത രീതികളില്‍നിന്ന് വ്യത്യസ്തവും സര്‍ഗാത്മകവുമായ രാഷ്ട്രീയ നീക്കങ്ങള്‍ ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ നീണ്ടുപോകാന്‍ അനുവദിക്കാനാവില്ലെന്നും തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന് താങ്ങാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നിലവിലുള്ള രാഷ്ട്രീയ ചേരികളില്‍പ്പെട്ടവരെന്ന വ്യത്യാസമില്ലാതെ എല്ലാ പാര്‍ലമെന്ററി കക്ഷികളെയും ജനപ്രതിനിധികളെയും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് ഐസന്‍കോട്ട് ക്ഷണിച്ചു.
നിര്‍ണായക സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കുകയും ഇസ്രയേല്‍ രാജ്യത്തിനുവേണ്ടി ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ തയ്യാറാകുകയും ചെയ്യുന്ന എല്ലാവര്‍ക്കുമായി തന്റെ വാതില്‍ തുറന്നുകിടക്കുകയാണെന്നും പൂര്‍ണ മനസ്സോടെയും സന്നദ്ധതയോടെയും അവര്‍ക്കു കൈ നീട്ടുന്നതായും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ സഖ്യത്തിലെ പ്രധാന കക്ഷികളായ ലിക്കുഡ്, റിലീജ്യസ് സയണിസം പാര്‍ട്ടികളിലെ അംഗങ്ങളോടും ഐസന്‍കോട്ട് പിന്തുണ അഭ്യര്‍ഥിച്ചു. താന്‍ മുന്നോട്ടുവയ്ക്കുന്ന തത്വങ്ങളോട് യോജിക്കുന്ന പക്ഷം ഈ പാര്‍ട്ടികളിലെ എം പിമാര്‍ക്കും പുതിയ സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദേശീയ ഐക്യം രാഷ്ട്രീയ വിലപേശലിനുള്ള ഉപാധിയല്ലെന്നും അതൊരു പരമമായ മൂല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഐക്യത്തോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ നല്‍കണമെന്നും ലിക്കുഡ്, റിലീജ്യസ് സയണിസം അംഗങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡന്റിന്റെ കൂടിയാലോചനകളില്‍ 67 നെസറ്റ് അംഗങ്ങള്‍ ഐസന്‍കോട്ടിനെ സര്‍ക്കാര്‍ രൂപീകരണത്തിനായി ശുപാര്‍ശ ചെയ്തു. 46 അംഗങ്ങള്‍ നെതന്യാഹുവിനെ പിന്തുണച്ചു. ഏഴ് അംഗങ്ങളുള്ള ഒരു വിഭാഗം ഇരുവരില്‍ ആരെയും ശുപാര്‍ശ ചെയ്യാതെ വിട്ടുനിന്നു.
ഐസന്‍കോട്ടിന് ലഭിച്ച 67 അംഗങ്ങളുടെ പിന്തുണയില്‍ ജൂത ഭൂരിപക്ഷമുള്ള പ്രതിപക്ഷ ചേരിയിലെ 48 അംഗങ്ങളും ഉള്‍പ്പെടുന്നു. യാഷര്‍, ടുഗെദര്‍, ദി ഡെമോക്രാറ്റ്‌സ്, യിസ്രായേല്‍ ബെയ്തേനു എന്നീ പാര്‍ട്ടികളാണ് ഈ വിഭാഗത്തിലുള്ളത്. അറബ് പാര്‍ട്ടിയായ റാഅമിന്റെ എട്ട് അംഗങ്ങളും ജോയിന്റ് ലിസ്റ്റിന്റെ 11 അംഗങ്ങളും ഐസന്‍കോട്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഐസന്‍കോട്ടിന് 28 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ പ്രസിഡന്റ് ഹെര്‍സോഗിന് 14 ദിവസം കൂടി അധികമായി അനുവദിക്കാം.
