കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 97കാരിയെ രക്ഷപ്പെടുത്തി. ഗുണ മായ ബൊഹാരയാണ് രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ബൊഹാരയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നാല് മണിക്കൂറോളമാണ് വേണ്ടിവന്നത്. കാഠ്മണ്ഡുവില്‍ നിന്ന് ബന്ധുവായ ദീപക് ബൊഹാരയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
രക്ഷപ്പെടുത്തിയ ശേഷം ഗുണ മായയെ കണ്ടപ്പോള്‍ 'യുദ്ധം ജയിച്ച് തിരിച്ചെത്തിയ യോദ്ധാവിനെപ്പോലെ' തോന്നിയെന്ന് ദീപക് ബി ബി സി നേപ്പാളിയോട് പറഞ്ഞു.
ഹിമാലയന്‍ അതിര്‍ത്തി മേഖലയിലുണ്ടായ മഞ്ഞുമല തകര്‍ച്ചയാണ് മിന്നല്‍പ്രളയത്തിന് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ടിബറ്റിനോട് ചേര്‍ന്ന പ്രദേശത്തുണ്ടായ പ്രളയത്തില്‍ നൂറുകണക്കിന് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രളയത്തെ തുടര്‍ന്ന് വ്യാപകമായ നാശനഷ്ടങ്ങളാണ് നേപ്പാളിലുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് 97കാരിയുടെ അതിജീവനവാര്‍ത്ത പ്രതീക്ഷ പകരുന്നത്.
