സിഡ്‌നി: ഇറാനിയൻ വനിതാ ഫുട്‌ബോൾ ടീമിലെ ഏഴ് അംഗങ്ങൾക്ക് ഓസ്‌ട്രേലിയ മനുഷ്യത്വപരമായി വിസ അനുവദിച്ചു. സിഡ്‌നിയിൽ നിന്നു ടീമിലെ മറ്റ് അംഗങ്ങൾ മടങ്ങിയതിന് തൊട്ടുമുമ്പാണ് രണ്ടുപേർക്കുകൂടി വിസ അനുവദിച്ചതെന്ന് ആഭ്യന്തരകാര്യ മന്ത്രി ടോണി ബർക്ക് അറിയിച്ചു.
ഇതോടെ വിസ ലഭിച്ചവരുടെ എണ്ണം ഏഴായി. ഇതിൽ ആറു താരങ്ങളും ഒരു സപ്പോർട്ട് സ്റ്റാഫ് അംഗവും ഉൾപ്പെടുന്നു. ടീമിലെ മറ്റ് അംഗങ്ങൾ സിഡ്‌നി വിട്ട് നാട്ടിലേക്ക് മടങ്ങിയതായും അധികൃതർ പറഞ്ഞു.
ഓസ്‌ട്രേലിയൻ ആഭ്യന്തരകാര്യ വകുപ്പിന്റെ ഉദ്യോഗസ്ഥരുമായി താരങ്ങൾ സ്വകാര്യമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം നൽകിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇറാനിയൻ സംഘത്തിലെ മേൽനോട്ടക്കാരിൽ നിന്ന് ഇവരെ വേർതിരിക്കാൻ ശക്തമായ പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു.
താരങ്ങളെ പ്രത്യേകം മുറികളിലേക്ക് കൊണ്ടുപോയി ഉദ്യോഗസ്ഥരും വിവർത്തകനുമൊപ്പമാണ് സംസാരിക്കാൻ അവസരം നൽകിയതെന്നും അവർക്കു സ്വതന്ത്രമായി തീരുമാനമെടുക്കാൻ സമയം നൽകിയതായും ബർക്ക് വ്യക്തമാക്കി. യാതൊരു തരത്തിലുള്ള സമ്മർദവും ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, താരങ്ങളെ രാജ്യത്ത് തുടരാൻ പ്രലോഭിപ്പിക്കുന്ന ശ്രമമാണ് ഓസ്‌ട്രേലിയ നടത്തുന്നതെന്ന് ഇറാൻ നേരത്തെ ആരോപിച്ചിരുന്നു.
വിസ അനുവദിക്കുന്നതിന് മുമ്പ് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസുമായി സംസാരിച്ചെന്നും, രാജ്യത്ത് തുടരുന്ന താരങ്ങൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനിടെ, ഒരു പ്രാദേശിക ഫുട്‌ബോൾ ക്ലബ് ഈ താരങ്ങൾക്ക് പരിശീലന സൗകര്യം നൽകാൻ തയ്യാറാണെന്നും റിപ്പോർട്ടുകളുണ്ട്.
ഇറാനിയൻ വനിതാ ഫുട്‌ബോൾ താരങ്ങളിൽ 7 പേർക്കു ഓസ്‌ട്രേലിയയിൽ മാനവിക വിസ
