റഷ്യയുമായുള്ള നാലുവര്‍ഷത്തെ യുദ്ധത്തില്‍ 55,000 യുക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടു: സെലെന്‍സ്‌കി

റഷ്യയുമായുള്ള നാലുവര്‍ഷത്തെ യുദ്ധത്തില്‍ 55,000 യുക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടു: സെലെന്‍സ്‌കി


കീവ്: റഷ്യയുടെ ആക്രമണം ആരംഭിച്ച് നാല് വര്‍ഷമായ സാഹചര്യത്തില്‍ ഇതുവരെ ഏകദേശം 55,000 യുക്രെയ്ന്‍ സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഫ്രഞ്ച് ബ്രോഡ്കാസ്റ്ററായ ഫ്രാന്‍സ് 2ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കണക്കുകള്‍ പങ്കുവെച്ചത്. 

ഇതിന് പുറമെ, കൂടുതല്‍ ആളുകളെ ഇപ്പോഴും ഔദ്യോഗികമായി കാണാതായവരായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്‌നും റഷ്യയും എതിര്‍വശത്തിന്റെ നഷ്ടങ്ങളെക്കുറിച്ച് പലപ്പോഴും കണക്കുകള്‍ പറയുന്നുണ്ടെങ്കിലും സ്വന്തം നഷ്ടങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അപൂര്‍വമായാണ് പുറത്തുവിടുന്നത്.

2022 ഫെബ്രുവരി 22-നാണ് റഷ്യ യുക്രെയ്‌നിലേക്ക് സമ്പൂര്‍ണ സൈനികാക്രമണം ആരംഭിച്ചത്. അതിന് ശേഷം യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേതൃത്വം നല്‍കിവരികയാണ്. ഈ ആഴ്ച, യു എസിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകനായ ജാരഡ് കുഷ്നറും അബുദാബിയില്‍ യുക്രെയ്ന്‍- റഷ്യ പ്രതിനിധികളുമായി തുടര്‍ച്ചയായ രണ്ടാം ദിവസവും ചര്‍ച്ച നടത്തി. യു എസ് പിന്തുണയുള്ള സമാധാന നിര്‍ദ്ദേശം മുന്നോട്ട് കൊണ്ടുപോകുന്നതിലായിരുന്നു ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചത്.

ഈ കൂടിക്കാഴ്ചകള്‍ വിശദവും ഫലപ്രദവുമായിരുന്നുവെന്ന് വിറ്റ്കോഫ് വിശേഷിപ്പിച്ചെങ്കിലും പരിഹരിക്കേണ്ട വലിയ വെല്ലുവിളികള്‍ ഇപ്പോഴും നിലനില്ക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂമിശാസ്ത്രപരമായ തര്‍ക്കങ്ങളാണ് ഏറ്റവും കടുത്ത പ്രശ്‌നമായി തുടരുന്നത്. കിഴക്കന്‍ ഡോണ്‍ബാസ് മേഖലയിലെ യുക്രെയ്ന്‍ നിയന്ത്രണത്തിലുള്ള ശേഷിക്കുന്ന പ്രദേശങ്ങള്‍ കൈമാറണമെന്ന് മോസ്‌കോ ആവശ്യപ്പെടുന്നു. ചര്‍ച്ചകള്‍ ബുദ്ധിമുട്ടേറിയതാണെന്ന് സെലെന്‍സ്‌കിയും അംഗീകരിച്ചെങ്കിലും ഫലപ്രദമായ പരിഹാരങ്ങള്‍ ലക്ഷ്യമിട്ട് യുക്രെയ്ന്‍ ചര്‍ച്ചകളില്‍ സജീവമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

2024 ഡിസംബറിലാണ് സെലെന്‍സ്‌കി അവസാനമായി യുക്രെയ്‌ന്റെ സൈനിക നഷ്ട കണക്കുകള്‍ പുതുക്കിയത്. അപ്പോള്‍ 43,000 സൈനികര്‍ കൊല്ലപ്പെട്ടതായി അദ്ദേഹം അറിയിച്ചിരുന്നു. ഇപ്പോഴത്തെ 55,000 എന്ന കണക്ക് പ്രൊഫഷണല്‍ സൈനികരും നിര്‍ബന്ധിത സൈനിക സേവനത്തിലുള്ളവരും ഉള്‍പ്പെടെ, സ്ഥിരീകരിച്ച യുദ്ധഭൂമി മരണങ്ങളെ മാത്രമാണ് സൂചിപ്പിക്കുന്നതെന്നും യഥാര്‍ഥ നഷ്ടസംഖ്യ ഇതിലും കൂടുതലായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രെയ്ന്‍ ആഭ്യന്തര മന്ത്രാലയം മുന്‍പ് 70,000-ത്തിലധികം പേരെ സിവിലിയന്മാരെയും സൈനികരെയും ഉള്‍പ്പെടുത്തി കാണാതായവരായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വിശദമായ വിഭാഗീകരണം ലഭ്യമാക്കിയിരുന്നില്ല. കാണാതായ പലരുടെയും കുടുംബങ്ങള്‍ അവര്‍ ജീവനോടെ റഷ്യയില്‍ യുദ്ധ തടവുകാരായി കഴിയുന്നുണ്ടാകുമെന്ന പ്രതീക്ഷയില്‍ തുടരുകയാണ്.

റെഡ് ക്രോസ് പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ക്ക് റഷ്യന്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ പരിമിതമായ പ്രവേശനം മാത്രമേ അനുവദിക്കുന്നുള്ളു. ഇതുമൂലം തടവുകാരുടെ സ്ഥിതി സ്ഥിരീകരിക്കുന്നത് ബുദ്ധിമുട്ടുണ്ട്. ചില സാഹചര്യങ്ങളില്‍ മൃതദേഹങ്ങള്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ തന്നെ സൂക്ഷിക്കുകയോ ഡി എന്‍ എ പരിശോധനയിലൂടെ തിരിച്ചറിയലിന് കാത്തിരിക്കുകയോ ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള മൃതദേഹ കൈമാറ്റങ്ങള്‍ അപൂര്‍വമാണ്. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം അത്തരമൊരു കൈമാറ്റം നടന്നിട്ടില്ല.

അബുദാബിയിലെ ചര്‍ച്ചകളില്‍ യുദ്ധ തടവുകാരെ കൈമാറാനുള്ള കരാറുണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ധാരണ. വിറ്റ്കോഫിന്റെ കണക്കുകള്‍ പ്രകാരം 314 തടവുകാരെയാണ് പരസ്പരം കൈമാറിയത്. സെലെന്‍സ്‌കി 157 യുക്രെയ്ന്‍ പൗരന്മാര്‍ തിരിച്ചെത്തിയതായി സ്ഥിരീകരിച്ചു. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും മോചിതരായ തങ്ങളുടെ സൈനികരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

ചര്‍ച്ചകള്‍ക്ക് പിന്നാലെ യു എസ്- യൂറോപ്യന്‍ കമാന്‍ഡ് 2021 അവസാനത്തില്‍ നിര്‍ത്തിവെച്ചിരുന്ന നേരിട്ടുള്ള സൈനിക ആശയവിനിമയം വാഷിങ്ടണും മോസ്‌കോയും പുനഃസ്ഥാപിക്കാന്‍ ധാരണയായതായി അറിയിച്ചു. ദീര്‍ഘകാല സമാധാന ശ്രമങ്ങള്‍ക്ക് ഇത് സഹായകരമാകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇതിനിടെ, അതിശൈത്യ തരംഗത്തിനിടെ ട്രംപിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന യുക്രെയിനിന്റെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ആക്രമണങ്ങള്‍ റഷ്യ വീണ്ടും ആരംഭിച്ചു. താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നതോടെ നിരവധി യുക്രെയ്ന്‍ പൗരന്മാര്‍ വൈദ്യുതിയും ചൂടും ഇല്ലാതെ കഴിയേണ്ടിവന്നു.