ഇറാനില്‍ പ്രതിഷേധം ശമിക്കുന്നു; ' 5,000ലേറെ മരണം' ; ഇന്റര്‍നെറ്റ് ഇപ്പോഴും നിലച്ച നിലയില്‍

ഇറാനില്‍ പ്രതിഷേധം ശമിക്കുന്നു; ' 5,000ലേറെ മരണം' ; ഇന്റര്‍നെറ്റ് ഇപ്പോഴും നിലച്ച നിലയില്‍


ടെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധമായി പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ നിലവില്‍ ശമിച്ച നിലയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങളായി തുടരുന്ന ഇന്റര്‍നെറ്റ്, ആശയവിനിമയ നിയന്ത്രണങ്ങള്‍ മൂലം രാജ്യത്തിനകത്ത് നിന്നുള്ള പുതിയ ദൃശ്യങ്ങളോ വിവരങ്ങളോ പുറത്തേക്ക് ലഭിക്കുന്നില്ല. കഴിഞ്ഞ ഡിസംബര്‍ അവസാനം ആരംഭിച്ച പ്രതിഷേധങ്ങളില്‍ 3,000ലേറെ പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ചില കണക്കുകള്‍ മരണസംഖ്യ 5,000 കടന്നിരിക്കാമെന്നും സൂചിപ്പിക്കുന്നു.

നോര്‍വേ ആസ്ഥാനമായുള്ള 'ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ്' സംഘടനയുടെ കണക്കുപ്രകാരം സുരക്ഷാസേനയുടെ വെടിവെപ്പിലും അടിച്ചമര്‍ത്തലിലും ഇതുവരെ 3,428 പ്രതിഷേധക്കാരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിലുമധികമായിരിക്കാമെന്നാണ് വിലയിരുത്തല്‍. അസോസിയേറ്റഡ് പ്രസ് 3,090 മരണങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്ക ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ ശമിച്ചതിന് പിന്നില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളും ലോകനേതാക്കളുടെ സമാധാന ആഹ്വാനങ്ങളും കാരണമായെന്ന വിലയിരുത്തലുമുണ്ട്. എന്നാല്‍ ഇതു നേരിട്ട് പ്രതിഷേധം അവസാനിപ്പിച്ചതാണോ എന്നതില്‍ വ്യക്തതയില്ല.

ഇതിനിടെ, വിദേശത്തുള്ള ഇറാന്റെ മുന്‍ രാജകുടുംബാംഗം റെസ പഹ്‌ലവി വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. വാരാന്ത്യത്തില്‍ 'ദേശീയ മുദ്രാവാക്യങ്ങളോടെ തെരുവിലിറങ്ങി ശബ്ദമുയര്‍ത്തുക' എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

അതേസമയം, പ്രതിഷേധക്കാര്‍ക്കെതിരെ വധശിക്ഷ ആവശ്യപ്പെട്ട് കടുത്ത നിലപാടുമായി പ്രമുഖ മതപുരോഹിതന്‍ ആയത്തുല്ല അഹമ്മദ് ഖതാമി രംഗത്തെത്തി. 'ആയുധധാരികളായ കപടന്മാര്‍ക്ക് വധശിക്ഷ നല്‍കണം' എന്ന മുദ്രാവാക്യങ്ങള്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനകളില്‍ മുഴങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും ട്രംപിന്റെയും 'സൈനികര്‍' എന്നുവിശേഷിപ്പിച്ച ഖതാമി, ഇരുവര്‍ക്കുമെതിരെ 'കഠിന പ്രതികാരം' ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.

ഇതിനു വിരുദ്ധമായി, നൂറുകണക്കിന് പ്രതിഷേധക്കാരുടെ വധശിക്ഷ ഇറാന്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചതായി ട്രംപ് അവകാശപ്പെട്ടു. '800ലേറെ പേരുടെ തൂക്കിക്കൊല്ലല്‍ ഇറാന്‍ റദ്ദാക്കി. അതിന് ഞാന്‍ ബഹുമാനം നല്‍കുന്നു,' ട്രംപ് പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് ഇറാനിലെ ആരുമായി സംസാരിച്ചുവെന്നോ, യുഎസ് സൈനിക ഇടപെടല്‍ ഒഴിവാക്കിയതിന്റെ സൂചനയാണോ എന്നതോ അദ്ദേഹം വ്യക്തമാക്കിയില്ല.അതേസമയം, ഇറാനിലെ ഇന്റര്‍നെറ്റ് നിരോധനം ഇപ്പോഴും തുടരുകയാണെന്ന് നെറ്റ്‌ബ്ലോക്‌സ് അറിയിച്ചു. 180 മണിക്കൂറിലേറെയായി പൂര്‍ണ ഇന്റര്‍നെറ്റ് ബ്ലാക്ക്ഔട്ടാണ് നിലവിലുള്ളത്. വിദേശത്തേക്ക് ഫോണ്‍ വിളിക്കാന്‍ ഭാഗികമായി അനുമതി നല്‍കിയെങ്കിലും, എസ്എംഎസ് സേവനങ്ങളും ഇന്റര്‍നെറ്റ് ആക്‌സസും പുനഃസ്ഥാപിച്ചിട്ടില്ല. സര്‍ക്കാര്‍ അംഗീകരിച്ച ചില ആഭ്യന്തര വെബ്‌സൈറ്റുകള്‍ മാത്രമാണ് ലഭ്യമെന്ന് തലസ്ഥാനത്തെ താമസക്കാര്‍ വ്യക്തമാക്കി.