ടൂറിൻ ശവക്കച്ച: വിശ്വാസത്തിനും ശാസ്ത്രത്തിനുമിടയിലെ 2,000 വർഷത്തെ ചോദ്യങ്ങൾ

ടൂറിൻ ശവക്കച്ച: വിശ്വാസത്തിനും ശാസ്ത്രത്തിനുമിടയിലെ 2,000 വർഷത്തെ ചോദ്യങ്ങൾ


48 വർഷം പഴക്കമുള്ള സാമ്പിളുകളിൽ കണ്ടെത്തിയത് നൂറ്റാണ്ടുകളുടെ ജൈവചരിത്രം; യേശുവിന്റെ ശവക്കച്ചയാണോ എന്ന ചോദ്യത്തിന് ഉത്തരമില്ലെങ്കിലും തുറക്കുന്നത് പുതിയ അന്വേഷണവഴികൾ

ചില ചരിത്രവസ്തുക്കൾക്ക് പഴക്കം കൂടുന്തോറും ദുരൂഹതയും വർധിക്കും. അത്തരത്തിൽ ലോകത്തെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മതചരിത്ര അവശിഷ്ടങ്ങളിലൊന്നാണ് ഇറ്റലിയിലെ ടൂറിൻ നഗരത്തിൽ സൂക്ഷിച്ചിരിക്കുന്ന ടൂറിൻ ശവക്കച്ച (Shroud of Turin). യേശുക്രിസ്തുവിന്റെ ക്രൂശീകരണശേഷം മൃതദേഹം പൊതിയാൻ ഉപയോഗിച്ച തുണിയാണിതെന്നാണ് കോടിക്കണക്കിന് വിശ്വാസികളുടെ വിശ്വാസം. എന്നാൽ നൂറ്റാണ്ടുകളായി ശാസ്ത്രലോകം ചോദിക്കുന്ന ചോദ്യം ഇന്നും അതേപടി തുടരുകയാണ് ' ഇത് യഥാർത്ഥത്തിൽ യേശുവിന്റെ ശവക്കച്ച തന്നെയാണോ?'

ഈ ചോദ്യത്തിന് നേരിട്ടുള്ള ഉത്തരമല്ല, പക്ഷേ പുതിയ ചില സൂചനകളാണ് ഇപ്പോൾ ശാസ്ത്രലോകം മുന്നോട്ടുവയ്ക്കുന്നത്.

സയന്റിഫിക് റിപ്പോർട്‌സ് (Scientific Reporst) ജേണലിൽ ഈയിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, 1978ൽ ശവക്കച്ചയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ അത്യാധുനിക ജനിതക പരിശോധനകളുടെ ഫലങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ സാമ്പിളുകളിൽ ഇന്നും നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ ജൈവ അവശിഷ്ടങ്ങൾ നിലനിൽക്കുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയത്.

ഒരു തുണിയിൽ എഴുതപ്പെട്ട ചരിത്രം

ഒരു തുണിക്കഷണം ചരിത്രം പറയുമോ? പുതിയ പഠനം പറയുന്നത് 'അതെ' എന്നാണ്.

മനുഷ്യരുടെ മൈറ്റോകോൺഡ്രിയൽ ഡി.എൻ.എ., ബാക്ടീരിയ, ഫംഗസ്, സൂക്ഷ്മജീവികൾ, സസ്യങ്ങളുടെയും മൃഗങ്ങളുടെയും ജനിതക അടയാളങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ജൈവസാന്നിധ്യമാണ് ശവക്കച്ചയിൽ കണ്ടെത്തിയത്. മെഡിറ്ററേനിയൻ കടലിലെ ചുവന്ന പവിഴത്തിന്റെ അടയാളങ്ങൾ മുതൽ ഗോതമ്പ്, കാരറ്റ്, ചോളം, വാഴ, നിലക്കടല തുടങ്ങിയ കൃഷിവിളകളുടെയും കന്നുകാലി, പന്നി, കോഴി, നായ, പൂച്ച എന്നിവയുടെയും ഡി.എൻ.എ. സാന്നിധ്യവും കണ്ടെത്തി.

ഇതെല്ലാം ഒരു കാര്യമാണ് വ്യക്തമാക്കുന്നത്. ഒരൊറ്റ സ്ഥലത്ത് സൂക്ഷിക്കപ്പെട്ട വസ്തുവല്ല ഈ ശവക്കച്ച. വ്യത്യസ്ത ഭൂഖണ്ഡങ്ങളിലൂടെയും കാലഘട്ടങ്ങളിലൂടെയും സഞ്ചരിച്ചപ്പോൾ അനേകം മനുഷ്യരുടെ സ്പർശവും പരിസ്ഥിതിയുടെ സ്വാധീനവും അത് ഏറ്റുവാങ്ങിയിട്ടുണ്ട്.

അതാണ് അന്വേഷണത്തിന് തടസ്സവും

ഇത്രയും വൈവിധ്യമാർന്ന ജൈവസാന്നിധ്യം ശവക്കച്ചയുടെ യാത്ര വ്യക്തമാക്കുമ്പോൾ, അതുതന്നെയാണ് അതിന്റെ യഥാർത്ഥ ഉത്ഭവം കണ്ടെത്തുന്നതിന് ഏറ്റവും വലിയ വെല്ലുവിളിയും.

നൂറ്റാണ്ടുകളായി ആയിരക്കണക്കിന് ആളുകൾ ഈ തുണി സ്പർശിക്കുകയും പ്രദർശനങ്ങൾക്കായി വിവിധ സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഓരോ യാത്രയിലും പുതിയ ഡി.എൻ.എ.യും സൂക്ഷ്മജീവികളും അതിൽ അടിഞ്ഞുകൂടി. അതിനാൽ ഇന്ന് കണ്ടെത്തുന്ന ജനിതക വിവരങ്ങളിൽ ഏതാണ് ആദിമഘട്ടത്തിലേത്, ഏതാണ് പിന്നീട് ചേർന്നത് എന്ന് വേർതിരിച്ചറിയുക അതീവ ദുഷ്‌കരമാണ്.

അതുകൊണ്ടുതന്നെ ഈ പഠനം വ്യക്തമാക്കുന്ന  നിർണായക കാര്യം ഈ കണ്ടെത്തലുകൾ ശവക്കച്ചയുടെ ആധികാരികത തെളിയിക്കുന്നില്ല എന്നതാണ്.

വിശ്വാസവും ശാസ്ത്രവും രണ്ട് വഴികളിലൂടെ

ടൂറിൻ ശവക്കച്ചയെക്കുറിച്ചുള്ള തർക്കം പുതിയതല്ല.

1988ൽ നടത്തിയ കാർബൺ ഡേറ്റിങ് പരിശോധനയിൽ ഇത് മധ്യകാലഘട്ടത്തിൽ നിർമിച്ചതാകാമെന്ന നിഗമനത്തിലായിരുന്നു ശാസ്ത്രലോകം എത്തിയത്. എന്നാൽ പിന്നീട് ആ പരിശോധനയ്ക്കായി എടുത്ത സാമ്പിൾ പിന്നീട് തുന്നിച്ചേർത്ത ഭാഗത്തുനിന്നായിരുന്നുവെന്ന വാദങ്ങളും ഉയർന്നു. അതോടെ വിവാദം വീണ്ടും സജീവമായി.

അതിന് ശേഷമുള്ള നിരവധി പഠനങ്ങൾ തുണിയുടെ നെയ്ത്ത്, രക്തക്കറകൾ, പൂമ്പൊടി, നാരുകളുടെ സ്വഭാവം എന്നിവയെ അടിസ്ഥാനമാക്കി പുതിയ നിഗമനങ്ങൾ മുന്നോട്ടുവെച്ചെങ്കിലും ശാസ്ത്രീയ സമൂഹം ഏകാഭിപ്രായത്തിലെത്തിയിട്ടില്ല.

അതേസമയം വിശ്വാസികൾക്ക് ഇത് യേശുവിന്റെ ശവക്കച്ചതന്നെയാണ്. എന്നാൽശാസ്ത്രലോകത്തിന് ഇത് ഇപ്പോഴും അന്വേഷണവിധേയമായ ഒരു ചരിത്രവസ്തു മാത്രമാണ്.

പുതിയ ശാസ്ത്രത്തിന്റെ സാധ്യത

ഈ പഠനത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം മറ്റൊരിടത്താണ്.

ഫോറൻസിക് ജീനോമിക്‌സും പ്രോട്ടിയോമിക്‌സും ഉപയോഗിച്ച് ഒരു ചരിത്രവസ്തുവിന്റെ 'ജൈവചരിത്രം' പുനർനിർമിക്കാനാകുമെന്ന് ഇത് തെളിയിക്കുന്നു. നൂറ്റാണ്ടുകളായി ആരൊക്കെ സ്പർശിച്ചു, ഏതെല്ലാം പ്രദേശങ്ങളിലൂടെ അത് സഞ്ചരിച്ചു, ഏതുതരത്തിലുള്ള പരിസ്ഥിതികളിലൂടെ കടന്നുപോയി തുടങ്ങിയ വിവരങ്ങൾ ഭാവിയിൽ കൂടുതൽ കൃത്യമായി കണ്ടെത്താൻ ഇത്തരം സാങ്കേതികവിദ്യകൾ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ഉത്തരം ലഭിച്ചിട്ടില്ല... ചോദ്യങ്ങൾ വർധിച്ചു

ടൂറിൻ ശവക്കച്ച യേശുക്രിസ്തുവിന്റെ ശരീരത്തെ പൊതിഞ്ഞതാണെന്ന് ഈ പഠനം തെളിയിച്ചിട്ടില്ല. അതുപോലെ അത് അങ്ങനെയല്ലെന്നും പറയുന്നില്ല.

പക്ഷേ ഒരു കാര്യം വ്യക്തമാക്കുന്നു. നൂറ്റാണ്ടുകളായി മനുഷ്യരുടെ വിശ്വാസവും ചരിത്രവും സ്പർശിച്ച ഈ തുണിക്കഷണം, അതിന്റെ നാരുകളിൽ മനുഷ്യരാശിയുടെ തന്നെ ഒരു ദീർഘയാത്രയുടെ അടയാളങ്ങൾ സൂക്ഷിച്ചുവെച്ചിരിക്കുന്നു.

ഒരുപക്ഷേ ടൂറിൻ ശവക്കച്ചയുടെ ഏറ്റവും വലിയ പ്രത്യേകതയും അതുതന്നെയാകാം. അത് ഇന്നും മനുഷ്യർ തൃപ്തികരമായ ഉത്തരങ്ങൾ നൽകുന്നില്ല; പകരം പുതിയ ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കുകയാണ്.