ഏഥൻസിൽ വാതകചോർച്ചയും സഫോടനവും; കെട്ടിടം തകർന്നുവീണ് നാല് അമേരിക്കക്കാരടക്കം ആറ് മരണം

ഏഥൻസിൽ വാതകചോർച്ചയും സഫോടനവും; കെട്ടിടം തകർന്നുവീണ് നാല് അമേരിക്കക്കാരടക്കം ആറ് മരണം


ഏഥൻസ്:  ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിൽ വാതക ചോർച്ചയെതുടർന്നുണ്ടായ സഫോടനത്തെ തുടർന്ന് രണ്ടുനില കെട്ടിടം തകർന്നുവീണ് ആറ് പേർ മരിച്ചു. മരിച്ചവരിൽ നാല് അമേരിക്കൻ പൗരന്മാരുണ്ടെന്ന് യുഎസ് അധികൃതർ സ്ഥിരീകരിച്ചു. ജനപ്രിയ വിനോദസഞ്ചാര മേഖലയായ പ്ലാക്കയിൽ വെള്ളിയാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. പുരാതന അക്രോപൊളിസിന് സമീപത്തെ പ്രദേശമാണ് പ്ലാക്ക.

സഫോടനത്തെ തുടർന്ന് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ സമീപപ്രദേശങ്ങളിലാകെ ചിതറിത്തെറിച്ചു. അപകടത്തിൽ കാണാതായ ആറ് പേരുടെയും മൃതദേഹങ്ങൾ ശനിയാഴ്ച കണ്ടെത്തിയതായി ഹെല്ലനിക് ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. മരിച്ചവരുടെ മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിട്ടിട്ടില്ല.

വാതക ചോർച്ചയെ തുടർന്നുണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രാഥമിക വിവരം. അതേസമയം, സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു.

ഗ്രീസിലെ യുഎസ് അംബാസഡർ കിംബർലി ഗിൽഫോയിൽ നാല് അമേരിക്കൻ പൗരന്മാർ മരിച്ചവരിൽ ഉൾപ്പെട്ടതായി സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ അവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഗ്രീക്ക് സേനാംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. കുടുംബങ്ങളുമായി യുഎസ് എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു.

അപകടത്തിൽ സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റതായും ഏഥൻസ് മേയർ ഹാരിസ് ഡൂക്കാസും അഗ്‌നിരക്ഷാസേനാ അധികൃതരും അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.