കടുത്ത പട്ടിണി ഭീഷണിയില്‍ 36.3 കോടി ജനങ്ങള്‍; ഭക്ഷ്യപ്രതിസന്ധിക്ക് പിന്നില്‍ യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും

കടുത്ത പട്ടിണി ഭീഷണിയില്‍ 36.3 കോടി ജനങ്ങള്‍; ഭക്ഷ്യപ്രതിസന്ധിക്ക് പിന്നില്‍ യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും


ന്യൂയോര്‍ക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധങ്ങളും കാലാവസ്ഥാ ദുരന്തങ്ങളും സാമ്പത്തിക മേഖലകളിലും മനുഷ്യജീവിതത്തിലും സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, അതിന്റെ മറ്റൊരു ഗുരുതര പ്രത്യാഘാതമായ പട്ടിണിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല. വിവിധ രാജ്യങ്ങളിലെ സായുധ സംഘര്‍ഷങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന ദുരന്തങ്ങളും ഭക്ഷ്യവിതരണ സംവിധാനങ്ങളെ തകര്‍ത്തതോടെ ലോകജനതയിലെ വലിയൊരു വിഭാഗം കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണ്.

ലോക ഭക്ഷ്യ പദ്ധതിയുടെ (ഡബ്ല്യു എഫ് പി) കണക്കുകള്‍ പ്രകാരം, 2026ല്‍ ലോകമെമ്പാടും 36.3 കോടി ആളുകള്‍ കടുത്ത പട്ടിണിയുടെ ഭീഷണിയിലാണ്. മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷങ്ങള്‍ മാത്രം നാലരക്കോടി ആളുകളെ ഗുരുതരമായ ഭക്ഷ്യപ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായാണ് വിലയിരുത്തല്‍.

ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് പിന്നിലെ പ്രധാന ഘടകം യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളുമാണെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നേരിടുന്ന ജനങ്ങളില്‍ മൂന്നില്‍ രണ്ടുപേരും സുഡാന്‍, ഗാസ, ദക്ഷിണ സുഡാന്‍, ഹെയ്തി, മാലി തുടങ്ങിയ സംഘര്‍ഷബാധിത രാജ്യങ്ങളിലാണ് ജീവിക്കുന്നത്.

മധ്യപൂര്‍വേഷ്യയിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും കിഴക്കന്‍, മധ്യ, പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലെ അസ്ഥിരതയും കരീബിയന്‍ മേഖല, ദക്ഷിണേഷ്യ, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് നയിക്കുകയാണ്.

യുദ്ധങ്ങള്‍ മൂലം ലക്ഷക്കണക്കിന് ആളുകള്‍ സ്വന്തം നാടുവിടാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് കാര്‍ഷിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും കൃഷി ഭൂമികളുടെ നാശത്തിന് കാരണമാവുകയും ചെയ്യുന്നു. വിപണന സംവിധാനങ്ങള്‍ തകരുന്നതോടെ ഭക്ഷ്യസുരക്ഷ കൂടുതല്‍ ദുര്‍ബലമാകുന്നു. മാനുഷിക സഹായം വൈകുകയോ ലഭിക്കാതിരിക്കുകയോ ചെയ്യുന്നതും സാധാരണക്കാരുടെ ദുരിതം വര്‍ധിപ്പിക്കുന്നു. ദീര്‍ഘകാല സംഘര്‍ഷത്തെ തുടര്‍ന്ന് സുഡാനിലെ നിരവധി പ്രദേശങ്ങള്‍ ഇതിനോടകം ക്ഷാമാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതിനിടെ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ ആവര്‍ത്തനവും വര്‍ധിച്ചിരിക്കുകയാണ്. ഇത് ആഗോള പട്ടിണിയുടെ മറ്റൊരു പ്രധാന കാരണമായി മാറിയിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം, 2024ല്‍ മാത്രം ഏകദേശം 9.6 കോടി ആളുകള്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഭക്ഷ്യാഘാതങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. പ്രത്യേകിച്ച് എല്‍ നിനോ പ്രതിഭാസം മൂലമുണ്ടായ വരള്‍ച്ച, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങള്‍ എന്നിവ കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിച്ചു.

മധ്യ- കിഴക്കന്‍ പസഫിക് സമുദ്രത്തിലെ ജലോപരിതല താപനില സാധാരണയേക്കാള്‍ ഉയരുന്നതാണ് എല്‍ നിനോ പ്രതിഭാസത്തിന് കാരണം. ഇത് ആഗോളതലത്തില്‍ മഴയുടെയും താപനിലയുടെയും ക്രമത്തില്‍ മാറ്റം വരുത്തുന്നു.

ഇത്തരം സാഹചര്യങ്ങള്‍ കാര്‍ഷിക ഉത്പാദനത്തെ നേരിട്ട് ബാധിക്കുകയും ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും വഴിവെക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ലോകം അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പട്ടിണി നിയന്ത്രണാതീതമാകുമെന്ന് ഡബ്ല്യു എഫ് പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംഘര്‍ഷങ്ങളും കാലാവസ്ഥാ വ്യതിയാനവും മാത്രമല്ല, സാമ്പത്തിക അസ്ഥിരതയും ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടുന്നുണ്ട്. വിലക്കയറ്റം, കറന്‍സിയുടെ മൂല്യത്തകര്‍ച്ച, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവ ഭക്ഷണം ലഭ്യമാണെങ്കിലും അത് വാങ്ങാനുള്ള ജനങ്ങളുടെ ശേഷിയെ ബാധിക്കുകയാണ്.

ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം, സാമ്പത്തിക ആഘാതങ്ങള്‍ മാത്രം ഏകദേശം 5.9 കോടി ആളുകളെ ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയിലേക്ക് നയിച്ചിട്ടുണ്ട്. രാസവളങ്ങളുടെ വര്‍ധിച്ച വിലയും വ്യാപാര തടസ്സങ്ങളും കാര്‍ഷിക ഉത്പാദനത്തെ ബാധിച്ചതോടെ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളിലെ സ്ഥിതി കൂടുതല്‍ ഗുരുതരമായിരിക്കുകയാണ്.

പട്ടിണി പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകള്‍ കുട്ടികളാണ്. ലോകമെമ്പാടുമായി അഞ്ച് വയസ്സില്‍ താഴെയുള്ള ഏകദേശം 3.6 കോടി കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നതായാണ് കണക്കുകള്‍.

ഗുരുതരമായ പോഷകാഹാരക്കുറവ് സാധാരണ രോഗങ്ങളില്‍ നിന്നുള്ള മരണസാധ്യത വര്‍ധിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ ശാരീരിക- മാനസിക വളര്‍ച്ചയ്ക്ക് പരിഹരിക്കാനാകാത്ത ദോഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ആരോഗ്യസംരക്ഷണ സംവിധാനങ്ങളും ശുചിത്വ സംവിധാനങ്ങളും ഭക്ഷ്യലഭ്യതയും തകരാറിലായതിനാല്‍ പോഷകാഹാരക്കുറവിന്റെ തോത് മാനുഷിക സഹായ ഏജന്‍സികള്‍ നിശ്ചയിച്ചിട്ടുള്ള അടിയന്തര പരിധികളേക്കാള്‍ കൂടുതലാണ്.

ലോകം വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ ഭക്ഷ്യ പ്രതിസന്ധിയും ദിനംപ്രതി രൂക്ഷമാകുകയാണ്. വര്‍ഷങ്ങളായി ഭക്ഷ്യക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണ് സ്ഥിതി ഏറ്റവും ആശങ്കാജനകം.

ഗുരുതരമായ ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നേരിടുന്ന ജനങ്ങളില്‍ 80 ശതമാനത്തിലധികം പേരും സുഡാന്‍, ഗാസ തുടങ്ങിയ ദീര്‍ഘകാല അസ്ഥിരത നിലനില്‍ക്കുന്ന പ്രദേശങ്ങളിലാണ് ജീവിക്കുന്നത്.

സര്‍ക്കാരുകളും ധനകാര്യ സ്ഥാപനങ്ങളും സ്വകാര്യ മേഖലയുമൊന്നിച്ചുള്ള ഏകോപിത ഇടപെടലുകളിലൂടെ മാത്രമേ ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് പരിഹാരം കാണാനാകൂവെന്ന് ലോക ഭക്ഷ്യ പദ്ധതി വ്യക്തമാക്കുന്നു.

സമാധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അതിര്‍ത്തികള്‍ക്കും സംഘര്‍ഷ മേഖലകള്‍ക്കുമിടയിലൂടെ സുരക്ഷിതവും തടസ്സരഹിതവുമായ സഹായ വിതരണം ഉറപ്പാക്കുന്നതിനുമായി രാഷ്ട്രീയ- നയതന്ത്ര പരിഹാരങ്ങള്‍ അനിവാര്യമാണെന്നും ജീവന്‍ രക്ഷിക്കുന്നതിനും പട്ടിണി കൂടുതല്‍ വ്യാപിക്കുന്നത് തടയുന്നതിനും ഇത്തരം നടപടികള്‍ അത്യന്താപേക്ഷിതമാണെന്നും ഡബ്ല്യു എഫ് പി ചൂണ്ടിക്കാട്ടുന്നു.