വാഷിംഗ്ടൺ: ഇറാനെതിരെ കടുത്ത ആരോപണങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാനിൽ സർക്കാർ നടത്തിയ കടുത്ത അടിച്ചമർത്തലിൽ 32,000 പേർ കൊല്ലപ്പെട്ടതായി ട്രംപ് ആരോപിച്ചു. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ആദ്യമായി ഈ കണക്ക് വ്യക്തമാക്കിയത്.
ഇറാൻ ഭരണകൂടത്തെയും സാധാരണ ജനങ്ങളെയും വേർതിരിച്ച് കാണണമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ സാധാരണ ജനങ്ങൾ കടുത്ത ദുരിതത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ നൂറുകണക്കിന് തടവുകാരെ പൊതു വധശിക്ഷയ്ക്ക് വിധേയരാക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും, ക്രെയിൻ ഉപയോഗിച്ച് തൂക്കിലേറ്റലുകൾ നടത്തിയെന്നുമാണ് ട്രംപിന്റെ ആരോപണം. എന്നാൽ, അമേരിക്കയുടെ മുന്നറിയിപ്പിനെ തുടർന്ന് 837 തടവുകാരുടെ വധശിക്ഷ ഇറാൻ പിൻവലിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
കരാർ സംബന്ധിച്ച ചർച്ചകൾക്കായി ഇറാൻ നേതൃത്വം മുന്നോട്ട് വരണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. 'ന്യായമായ ഒരു കരാർ' ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അർത്ഥവത്തായ ധാരണയിൽ എത്താൻ 10 മുതൽ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് വ്യാഴാഴ്ച ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇല്ലെങ്കിൽ ഗൗരവമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും, പരിമിതമായ സൈനിക നടപടി പരിഗണനയിലുണ്ടെന്നും ട്രംപ് സൂചന നൽകി.
ഇതിന് മറുപടിയായി ഐക്യരാഷ്ട്രസഭയിലെ ഇറാൻ സ്ഥാനപതി അമിർ സഈദ് ഇറവാനി, യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് കത്തയച്ചു. ഇറാനെതിരായ ഏതെങ്കിലും ആക്രമണം ഉണ്ടായാൽ അമേരിക്കൻ സൈനിക താവളങ്ങളെയും സൗകര്യങ്ങളെയും ഇറാനും ആക്രമിക്കും എന്നായിരുന്നു മുന്നറിയിപ്പ്.
വാക്ക്‌പോരുകൾ ശക്തമാകുന്നതിനിടെ മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർധിപ്പിച്ചതായാണ് റിപ്പോർട്ട്. യുദ്ധ വിമാന വാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഇറാൻ തീരത്തോട് അടുത്ത് നീക്കിയതും സംഘർഷാവസ്ഥ കൂടുതൽ കടുപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
ഇറാൻ-അമേരിക്ക ബന്ധം വീണ്ടും സംഘർഷഭരിതമാകുമ്പോൾ പ്രദേശത്തെ സമാധാനവും സുരക്ഷയും സംബന്ധിച്ച് ആശങ്കകൾ ഉയരുകയാണ്.
ഇറാനിൽ 32,000 പേർ കൊല്ലപ്പെട്ടുവെന്ന് ട്രംപ്; കരാറില്ലെങ്കിൽ കർശന നടപടിയെന്ന മുന്നറിയിപ്പ്
