യുഎസ് യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിൽ വൻ തീപിടിത്തം; 30 മണിക്കൂറിന് ശേഷം നിയന്ത്രണം

യുഎസ് യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിൽ വൻ തീപിടിത്തം; 30 മണിക്കൂറിന് ശേഷം നിയന്ത്രണം


വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ യുഎസിന്റെ ആണവശക്തിയിൽ പ്രവർത്തിക്കുന്ന വിമാനവാഹിനിയായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് യുദ്ധക്കപ്പലിൽ വൻ തീപിടിത്തം. 30 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിന് ശേഷമാണ് നാവികർ തീ നിയന്ത്രണവിധേയമാക്കിയത്.

കപ്പലിലെ പ്രധാന ലാണ്ട്രി വിഭാഗത്തിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. പിന്നീട് ഡ്രയറിന്റെ വെന്റിലേഷൻ ഭാഗങ്ങളിലേക്കും അവിടെനിന്ന് കപ്പലിന്റെ മറ്റ് ഭാഗങ്ങളിലേക്കും തീ പടർന്നതായാണ് റിപ്പോർട്ടുകൾ. ഒരുദിവസത്തിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

സംഭവത്തിൽ മൂന്ന് നാവികർക്കു പരിക്കേറ്റു. പുക ശ്വസിച്ചതിനെ തുടർന്ന് രണ്ടുപേർക്ക് ചികിത്സ നൽകി പിന്നീട് ഡ്യൂട്ടിയിലേക്ക് മടങ്ങാൻ അനുവദിച്ചു. മറ്റൊരാളെ കൂടുതൽ ചികിത്സയ്ക്കായി ഹെലികോ്ര്രപറിൽ കരയിലേക്ക് മാറ്റി.

തീപിടിത്തത്തെ തുടർന്ന് കുറഞ്ഞത് 600 നാവികർക്കും ജീവനക്കാർക്കും അവരുടെ കിടപ്പിടങ്ങൾ നഷ്ടപ്പെട്ടു. കപ്പലിലെ ചില ഭാഗങ്ങൾ നാശം സംഭവിച്ചതിനാൽ പലരും നിലത്തും മേശകളിലും താത്കാലികമായി ഉറങ്ങേണ്ടിവരുന്ന സ്ഥിതിയാണ്. ഏകദേശം 4500 നാവികരും വിമാനസേനാംഗങ്ങളും കപ്പലിലുണ്ട്.

അതേസമയം കപ്പലിന്റെ പ്രധാന എഞ്ചിൻ സംവിധാനങ്ങൾക്ക് കേടുപാടുകളൊന്നുമില്ലെന്നും യുദ്ധപ്രവർത്തനങ്ങൾക്ക് കപ്പൽ ഇപ്പോഴും സജ്ജമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഏകദേശം പത്ത് മാസമായി പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന ജെറാൾഡ് ആർ. ഫോർഡ് യുദ്ധക്കപ്പൽ ഇപ്പോൾ ചെങ്കടൽ പ്രദേശത്താണെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ മറ്റൊരു വിമാനവാഹിനി സംഘം കപ്പലിനു പകരം ചുമതല ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതിനിടെ, ചെങ്കടലിൽ കപ്പലിനെ സഹായിക്കുന്ന എല്ലാ ലജിസ്റ്റിക് കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷൻ ഗാർഡ് കോർപ്‌സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.