ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴി കപ്പല്‍ ഗതാഗതം നിലച്ചിരിക്കെ 28 ഇന്ത്യന്‍ കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫ് പ്രദേശത്ത് കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയുടെ ഊര്‍ജ വിതരണ ശൃംഖലക്ക് സമ്മര്‍ദ്ദം ഉയര്‍ന്നു.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജിഎസ്) നല്കിയ വിവരങ്ങള്‍ പ്രകാരം കുടുങ്ങിയ കപ്പലുകളില്‍ 22 എണ്ണം ഇന്ത്യയുടെ ഊര്‍ജസുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടവയാണ്. ഇതില്‍ മൂന്ന് എല്‍ എന്‍ ജി കപ്പലുകള്‍, 11 എല്‍ പി ജി കപ്പലുകള്‍, എട്ട് ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ക്രൂഡ് ഓയില്‍ കപ്പലുകളില്‍ രണ്ടെണ്ണം ഇന്ത്യയിലേക്കുള്ളതല്ല.
ലഭ്യമായ കണക്കുകള്‍ പ്രകാരം ഈ കപ്പലുകളില്‍ ഏകദേശം 2,15,000 ടണ്‍ എല്‍ എന്‍ ജിയും 4,15,000 ടണ്‍ എല്‍ പി ജിയും ഏകദേശം 17.5 ലക്ഷം ടണ്‍ ക്രൂഡ് ഓയിലുമാണുള്ളത്.
ഹോര്‍മുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നാണ്. ഇറാന് ഇതുവഴി കപ്പല്‍ ഗതാഗതം തടഞ്ഞതോടെ പ്രദേശം ഉയര്‍ന്ന സുരക്ഷാ ഭീഷണിയുള്ള മേഖലയായി വിലയിരുത്തപ്പെടുന്നു. ഈ കടലിടുക്ക് പേര്‍ഷ്യന്‍ ഉള്‍ക്കടലിനെ ഒമാന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്നതാണ്.
കുടുങ്ങിയ 28 കപ്പലുകളില്‍ 24 എണ്ണം പേഴ്സ്യന്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറ് ഭാഗത്താണുള്ളത്. നാലെണ്ണം ഹോര്‍മുസ് കടലിടുക്കിന്റെ കിഴക്ക് ഭാഗത്തുള്ള ഒമാന്‍ ഉള്‍ക്കടല്‍ മേഖലയിലാണ്.
ഷിപ്പിംഗ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ (എസ് സി ഐ) എട്ട് കപ്പലുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ നാല് ക്രൂഡ് ഓയില്‍ ടാങ്കറുകള്‍, ഒരു എല്‍ എന്‍ ജി കപ്പല്‍, രണ്ട് എല്‍ പി ജി കപ്പലുകള്‍, ഒരു ബള്‍ക്ക് കപ്പല്‍ എന്നിവയാണുള്ളത്.
എസ് സി ഐയുടെ ഏഴ് കപ്പലുകള്‍ ഇപ്പോള്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ പ്രദേശത്തും ഒരു കപ്പല്‍ ഏദന്‍ ഉള്‍ക്കടല്‍ പ്രദേശത്തുമാണ്.
പേഴ്സ്യന്‍ ഗള്‍ഫിലേക്ക് പോകേണ്ടിയിരുന്ന ചില കപ്പലുകള്‍ സുരക്ഷാ സാഹചര്യം മെച്ചപ്പെടും വരെ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളില്‍ തന്നെ കാത്തിരിക്കുകയാണ്. എന്നാല്‍ ഇറാനിലെ ഛബഹര്‍ തുറമുഖം ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്ന് ഡി ജി എസ് അറിയിച്ചു.
സ്ഥിതി നിയന്ത്രിക്കാന്‍ നിരവധി കേന്ദ്ര ഏജന്‍സികള്‍ തമ്മില്‍ ഏകോപനം നടത്തുന്നുണ്ട്. തുറമുഖ മന്ത്രാലയം, ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഓപറേഷന്‍സ്, പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ ്ഫ്യൂഷന് സെന്റര്‍ ഇന്ത്യന്‍ ഓഷ്യന്‍ റീജിയന് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സുരക്ഷാ മുന്‍കരുതലായി 25 കപ്പലുകളെ സാധ്യതയുള്ള ഒഴിപ്പിക്കല്‍ നടപടിക്കായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഡി ജി എസ് അറിയിച്ചു. ആവശ്യമായാല്‍ നാവികരെ സുരക്ഷിതമായി മാറ്റുന്നതിനായി ഇന്ത്യയുടെ മൂന്ന് കണ്ടെയ്നര്‍ കപ്പലുകളും തയ്യാറാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ വിതരണത്തിന് എത്രത്തോളം ബാധകമാണെന്ന് ഈ സാഹചര്യം വീണ്ടും തെളിയിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ ക്രൂഡ് ഓയിലും എല്‍ പി ജി ഇറക്കുമതിയുടെയും വലിയൊരു വിഹിതം ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്.
