ഇറാൻ യുദ്ധം രൂക്ഷം; മിഡിൽ ഈസ്റ്റിൽ നിന്ന് 27,000 അമേരിക്കക്കാർ മടങ്ങി

ഇറാൻ യുദ്ധം രൂക്ഷം; മിഡിൽ ഈസ്റ്റിൽ നിന്ന് 27,000 അമേരിക്കക്കാർ മടങ്ങി


അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിയ വ്യാപക സൈനികാക്രമണങ്ങൾക്ക് പിന്നാലെ മധ്യപൂർവ മേഖലയിലെ സംഘർഷം രൂക്ഷമാകുന്നു. സംയുക്ത ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഇസ്രയേലിനെയും മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുകയാണ്. ഗൾഫ് രാജ്യങ്ങളിലേക്കും ആക്രമണശ്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ഇറാന്റെ പിന്തുണയുള്ള ലെബനനിലെ ഹെസ്‌ബൊല്ലാ സംഘടനയ്‌ക്കെതിരായ ആക്രമണവും ഇസ്രയേൽ ശക്തമാക്കിയിട്ടുണ്ട്.

സംഘർഷം രൂക്ഷമായതോടെ മിഡിൽ ഈസ്റ്റിൽ നിന്നുള്ള അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികളും അമേരിക്ക ആരംഭിച്ചു. ശനിയാഴ്ച മുതൽ ഇതുവരെ 27,000 അമേരിക്കക്കാർ സുരക്ഷിതമായി യുഎസിലേക്ക് മടങ്ങിയതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ആവശ്യമുള്ളവർക്ക് ചാർട്ടർ വിമാനങ്ങളോ കരമാർഗ യാത്രാസൗകര്യങ്ങളോ ഒരുക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇതിനിടെ ലെബനാനിലെ ഐക്യരാഷ്ട്രസഭ സമാധാന സേനയുടെ താവളത്തിനടുത്ത് ഉണ്ടായ ശക്തമായ വെടിവയ്പ്പിൽ മൂന്ന് സമാധാനസേനാംഗങ്ങൾക്ക് പരിക്കേറ്റു. തെക്കുപടിഞ്ഞാറൻ ലെബനാനിലെ യുഎൻഐഫിൽ താവളത്തിനുള്ളിലായിരുന്നു സംഭവം. പരിക്കേറ്റവരിൽ രണ്ടുപേർക്കു ക്യാമ്പിലെ ചികിത്സാ കേന്ദ്രത്തിൽ ചികിത്സ നൽകിയപ്പോൾ ഗുരുതരമായി പരിക്കേറ്റ ഒരാളെ ബെയ്‌റൂട്ടിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് യുഎൻ അറിയിച്ചു.

അതേസമയം ഇറാനിലെ ഒരു പ്രാഥമിക സ്‌കൂൾ ആക്രമണത്തിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കൻ സൈന്യത്തിന്റെ പങ്ക് ഉണ്ടാകാമെന്ന സൂചനകളും പുറത്തുവന്നു. സ്‌കൂൾ ആക്രമിക്കപ്പെട്ട പ്രദേശത്ത് അമേരിക്കൻ സൈന്യം അതേ സമയം ലക്ഷ്യസ്ഥാനങ്ങൾ ആക്രമിച്ചുകൊണ്ടിരുന്നുവെന്ന് അന്വേഷണത്തിൽ പങ്കെടുത്ത വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.