കൊളംബോ: 2019ലെ ഈസ്റ്റര്‍ ദിന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ 15 പേര്‍ കുറ്റക്കാരാണെന്ന് ശ്രീലങ്കന്‍ ഹൈക്കോടതി കണ്ടെത്തി. വിധി പ്രസ്താവിച്ച മൂന്നംഗ ഹൈക്കോടതി ബെഞ്ച് ഓരോ പ്രതിക്കും 200 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഇതോടെ പ്രതികള്‍ ശേഷിക്കുന്ന ജീവിതകാലം ജയിലില്‍ കഴിയേണ്ടിവരും.
പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. അഞ്ചുവര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി. കനത്ത സുരക്ഷയിലാണ് കോടതി വിധി പ്രസ്താവിച്ചത്. നൂറുകണക്കിന് പൊലീസുകാരെ കോടതിക്ക് സമീപം വിന്യസിച്ചിരുന്നു.
2019 ഏപ്രില്‍ 21ന് ഈസ്റ്റര്‍ പ്രാര്‍ഥനകളും ആഘോഷങ്ങളും നടക്കുന്നതിനിടെയാണ് ശ്രീലങ്കയിലെ മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായി സ്‌ഫോടനങ്ങള്‍ നടന്നത്. 260ലേറെ പേര്‍ കൊല്ലപ്പെടുകയും 500ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആക്രമണം നടന്നതെന്നാണ് കണ്ടെത്തല്‍. ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നായിരുന്നു ഇത്. കൊല്ലപ്പെട്ടവരില്‍ 42 വിദേശ പൗരന്മാരും ഉള്‍പ്പെടുന്നു.
കുറ്റക്കാരെന്ന് കണ്ടെത്തിയ 15 പേരും ശ്രീലങ്കയിലെ ന്യൂനപക്ഷ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്.
ആക്രമണത്തിന് പദ്ധതിയിടുകയോ പ്രചോദനം നല്‍കുകയോ ചെയ്തതായി ആരോപിച്ച് 2021ല്‍ 24 പ്രതികള്‍ക്കെതിരെ 23,270 കുറ്റങ്ങള്‍ അധികൃതര്‍ ചുമത്തിയിരുന്നു. കൊലപാതകം, ഭീകരപ്രവര്‍ത്തനത്തിന് ഗൂഢാലോചന, ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ എന്നിവയും ഭീകരവിരുദ്ധ നിയമപ്രകാരമുള്ള കുറ്റങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ആക്രമണങ്ങളില്‍ നേരിട്ട് പങ്കെടുത്തതായി കരുതപ്പെടുന്ന ആരും ഇപ്പോള്‍ ജീവനോടെയില്ല. ശ്രീലങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് ഇസ്ലാമിക തീവ്രവാദ സംഘടനകളാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് ആരോപിക്കപ്പെട്ടിരുന്നു.
അതേസമയം, ആക്രമണങ്ങളുടെ യഥാര്‍ഥ ആസൂത്രകരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ശ്രീലങ്കന്‍ കത്തോലിക്കാ സഭ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിന് തെളിവുകള്‍ സഭ പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തെക്കുറിച്ച് ലഭിച്ച നിരവധി രഹസ്യാന്വേഷണ മുന്നറിയിപ്പുകളില്‍ പൊലീസ്, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടതായി പാര്‍ലമെന്ററി സമിതി കണ്ടെത്തിയിരുന്നു.
വിദേശ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്ന് ലഭിച്ച ആക്രമണ മുന്നറിയിപ്പുകളില്‍ സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലെന്ന കേസില്‍ മുന്‍ പൊലീസ് മേധാവിക്കും പ്രതിരോധ മന്ത്രാലയത്തിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥനും ജൂലൈയില്‍ വധശിക്ഷ വിധിച്ചിരുന്നു.
1976ന് ശേഷം ശ്രീലങ്കയില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല. അതിനാല്‍ വധശിക്ഷ വിധിക്കപ്പെടുന്നവര്‍ സാധാരണയായി ജീവപര്യന്തം തടവിലേക്ക് മാറുകയാണ് ചെയ്യുന്നത്.
സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ആക്രമണകാരികള്‍ക്ക് ശ്രീലങ്കന്‍ സ്റ്റേറ്റ് ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധമുണ്ടായിരുന്നെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ രാജ്യത്തെ പ്രതിരോധ മന്ത്രാലയം പങ്കാളിത്തം നിഷേധിച്ചു.
ഫെബ്രുവരിയില്‍ മുന്‍ രഹസ്യാന്വേഷണ മേധാവിയും വിരമിച്ച മേജര്‍ ജനറലുമായ സുരേഷ് സാലിയെ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തെക്കുറിച്ച് സാലിക്ക് നേരത്തെ അറിവുണ്ടായിരുന്നെന്നും ആക്രമണം നടപ്പാക്കുന്നതിനായി ഗൂഢാലോചനയില്‍ സജീവമായി പങ്കെടുത്തെന്നുമാണ് സര്‍ക്കാര്‍ ആരോപണം. സാലി ഇപ്പോഴും കസ്റ്റഡിയിലാണ്.
2009ല്‍ അവസാനിച്ച ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സൈനിക നീക്കത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനായാണ് സാലി അറിയപ്പെട്ടിരുന്നത്.
ഈസ്റ്റര്‍ സ്‌ഫോടനങ്ങള്‍ ശ്രീലങ്കയെ ഞെട്ടിക്കുകയും തമിഴ് വിമോചന പുലികള്‍ (എല്‍ ടി ടി ഇ) ഉള്‍പ്പെട്ട 26 വര്‍ഷത്തെ ആഭ്യന്തര സംഘര്‍ഷത്തിന്റെ ഓര്‍മകള്‍ വീണ്ടും ഉണര്‍ത്തുകയും ചെയ്തു.
