ടെഹ്രാൻ/വാഷിങ്ടൺ: ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ സംയുക്ത വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ കൂടുതൽ സംഘർഷഭരിതമാകുന്നതിനിടെ, ഇറാന്റെ തിരിച്ചടിയിൽ മേഖലയിലെ 20 അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. ഉപഗ്രഹ ചിത്രങ്ങളും ദൃശ്യങ്ങളും വിശകലനം ചെയ്താണ് ഈ വിവരം പുറത്തുവന്നത്.
ഇറാന്റെ ആക്രമണങ്ങൾ അമേരിക്ക ഇതുവരെ പൊതുവെ സമ്മതിച്ചതിനേക്കാൾ വ്യാപകമായിരുന്നുവെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. അമേരിക്കയുടെ സൈനിക താവളങ്ങളും സംയുക്ത സൈനിക സൗകര്യങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇറാൻ ആക്രമണത്തിൽ സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ഇറാക്ക്, ജോർദാൻ, ബഹറിൻ. ഒമാൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് കേടുപാടുകൾ നേരിട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. ആക്രമിക്കപ്പെട്ട കേന്ദ്രങ്ങളുടെ എണ്ണം 28 വരെയാകാമെന്നും ചില പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
പ്രത്യേകിച്ച് യുഎഇയിലെ അൽ റുവൈസ്, അൽ സദർ വ്യോമതാവളങ്ങൾ, ജോർദാനിലെ മുവാഫഖ് സാൽതി വ്യോമതാവളം എന്നിവിടങ്ങളിലെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ, സൈനിക ഉപകരണങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
ഇതിനിടെ, പശ്ചിമേഷ്യ ഇനി അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് സുരക്ഷിത മേഖലയല്ലെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ മകനും മുതിർന്ന രാഷ്ട്രീയ നേതാവുമായ മൊജ്തബ ഖമെനേയി അവകാശപ്പെട്ടു. ഇറാൻ നടത്തിയ തിരിച്ചടികൾ കൃത്യവും ഫലപ്രദവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ സൈനിക അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാൻ വൻതുക ചെലവാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാനെപ്പോലുള്ള ശക്തമായ എതിരാളിക്ക് സമീപം അമേരിക്കൻ സൈനിക താവളങ്ങൾ നിലനിർത്തുന്നതിന്റെ പ്രായോഗികതയെക്കുറിച്ചുള്ള ചർച്ചകൾക്കും ഇത് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
ഇറാൻ ആക്രമണത്തിൽ മിഡിൽ ഈസ്റ്റിലെ 20 അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നാശനഷ്ടമെന്ന് റിപ്പോർട്ട്
