ബീജിങ്: റഷ്യയും ചൈനയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് 20 കരാറുകളില്‍ ഒപ്പുവെച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും. ബീജിങില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് പിന്നാലെയായിരുന്നു കരാര്‍ ഒപ്പിടല്‍.
ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പിളില്‍ നടന്ന സ്വീകരണ ചടങ്ങോടെയായിരുന്നു കൂടിക്കാഴ്ചയുടെ തുടക്കം. ദീര്‍ഘനേരം കൈകോര്‍ത്ത ശേഷമാണ് ഇരു നേതാക്കളും ഉദ്ഘാടന പ്രസംഗങ്ങള്‍ നടത്തിയത്. തന്റെ പ്രസംഗത്തില്‍ പുടിന്‍ ഒരു ദിവസം കാണാതിരുന്നാല്‍ മൂന്ന് ശരത്കാലം അകന്നിരിക്കുന്നതുപോലെയാണ് തോന്നുകയെന്ന ചൈനീസ് പഴമൊഴിയും ഉദ്ധരിച്ചു.
ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ചൈനയും റഷ്യയും പരസ്പര വികസനത്തിനും പുനരുജ്ജീവനത്തിനും കൈകോര്‍ക്കണമെന്നും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തണമെന്നും ഷി ജിന്‍പിംഗ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ പരിമിത അംഗങ്ങളോടെയുള്ള ചര്‍ച്ചയാണ് നടന്നത്. അടുത്ത വര്‍ഷം റഷ്യ സന്ദര്‍ശിക്കണമെന്ന് പുടിന്‍ ഷിയെ ക്ഷണിച്ചതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത വിപുലമായ ചര്‍ച്ചയും നടന്നു.
ചര്‍ച്ചകള്‍ക്ക് ശേഷം നടന്ന ഒപ്പിടല്‍ ചടങ്ങില്‍ വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം, മാധ്യമം, സിനിമ, ശാസ്ത്ര ഗവേഷണം, പ്രതിഭ വികസനം തുടങ്ങിയ മേഖലകളില്‍ 20 കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
വ്യാപാര സഹകരണത്തിന്റെ ഭാഗമായി സാങ്കേതിക സഹകരണ കരാര്‍, സുസ്ഥിര വ്യാപാര- നഗര സഹകരണ കരാര്‍, ആന്റി- മോണോപോളി പരിശീലന കരാര്‍ എന്നിവയും ഒപ്പുവെച്ചു. മാധ്യമ സഹകരണ പ്രവര്‍ത്തനങ്ങള്‍ക്കും സിനിമാ ബൗദ്ധിക സ്വത്തവകാശ സഹകരണത്തിനുമായി പ്രത്യേക കരാറുകളും ഉണ്ടായി.
പ്രതിഭ വികസനത്തിനും ശാസ്ത്ര ഗവേഷണത്തിനുമായി സഹകരണ കരാറും സംയുക്ത ഇന്നവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രവും ഒപ്പുവെച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന പശ്ചാത്തലത്തില്‍ ബീജിംഗും മോസ്‌കോയും തമ്മിലുള്ള അടുത്ത തന്ത്രപ്രധാന ബന്ധത്തിന്റെ സൂചനയായാണ് പുതിയ കരാറുകളെ വിലയിരുത്തുന്നത്.
