കാഠ്മണ്ഡു: ബസ് പുഴയിലേക്ക് മറിഞ്ഞ് 18 പേര്‍ മരിച്ചു. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബെനിഘട്ട് റോറങ് മുന്‍സിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാരയിലാണ് ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ 18 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. പരുക്കേറ്റ 25 പേരെ ആശുപത്രിയിലേക്ക് മാറ്റി.
അപകട സമയത്ത് ബസില്‍ 35ലേറെ യാത്രക്കാരുണ്ടായിരുന്നു. നേപ്പാള്‍ സൈന്യം, സായുധ പൊലീസ് സേന, നേപ്പാള്‍ പൊലീസ് എന്നിവര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌കരമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ട ബസില്‍ ഉണ്ടായിരുന്നു. മൃതദേഹങ്ങള്‍ ഗജൗരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് പൊഖാറയില്‍ നിന്ന് പുറപ്പെട്ടത്. പ്രിഥ്വി രാജ്മാര്‍ഗ് ബസ് സഞ്ചാലക് കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഉടമയായിരുന്ന ഓം കുമാര്‍ ശ്രേഷ്ഠ അപകട സമയത്ത് ബസിലുണ്ടായിരുന്നു. അപകടത്തില്‍ ഇയാള്‍ മരിച്ചതായാണ് വിവരം. ബസിന്റെ ഡ്രൈവറെ കാണാതായിട്ടുണ്ട്.
