സാന്‍ ജുവാന്‍: ലോകസുന്ദരിപ്പട്ടത്തിനായുള്ള മിസ് യൂണിവേഴ്‌സ് 2026 മത്സരത്തില്‍ വന്‍ മാറ്റങ്ങള്‍. 75-ാമത് പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന പ്യൂര്‍ട്ടോ റിക്കോയിലെ മത്സരത്തില്‍നിന്ന് 15 രാജ്യങ്ങള്‍ പിന്മാറിയതായാണ് റിപ്പോര്‍ട്ട്. മത്സരാര്‍ഥികളുടെ എണ്ണം കുറഞ്ഞതോടെ ഇത്തവണത്തെ അന്താരാഷ്ട്ര സൗന്ദര്യമത്സരം ശ്രദ്ധേയമായ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സുന്ദരിമാരെ ഒരുമിപ്പിക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇത്തവണ വ്യക്തിപരമായ കാരണങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍, ഫ്രാഞ്ചൈസി അവകാശത്തര്‍ക്കം, വിസാ പ്രതിസന്ധി എന്നിവയാണ് രാജ്യങ്ങളുടെ പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍.
വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങള്‍
മിസ് യൂണിവേഴ്‌സ് ഓസ്ട്രിയ വിക്ടോറിയ അമേഴ്‌സണാണ് മത്സരത്തില്‍നിന്ന് പിന്മാറിയവരില്‍ ഒരാള്‍. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് മുന്‍ഗണന നല്‍കേണ്ട സാഹചര്യമുണ്ടെന്നും വിവിധ കാരണങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും ഇന്‍സ്റ്റഗ്രാമിലൂടെ അവര്‍ അറിയിച്ചു.
മിസ് യൂണിവേഴ്‌സ് ബള്‍ഗേറിയ അന മരിയ ബബാവു വാഹനാപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് പിന്മാറിയത്. ആരോഗ്യസ്ഥിതി മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ബള്‍ഗേറിയന്‍ ദേശീയ സംഘാടകര്‍ സ്ഥിരീകരിച്ചു.
വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് മിസ് യൂണിവേഴ്‌സ് സെന്റ് മാര്‍ട്ടിന്‍ മാഡ്ലി മരിയനും മത്സരത്തില്‍നിന്ന് പിന്മാറി. മാലദ്വീപ്, മൊറോക്കോ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും മത്സരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ പിന്മാറ്റത്തിന്റെ കാരണങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഫ്രാഞ്ചൈസി അവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് തായ്ലന്‍ഡ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ലാവോസ് എന്നീ ആറ് രാജ്യങ്ങളും ഇത്തവണ മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതായാണ് ഇന്‍സ്റ്റഗ്രാം പേജ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്റെ ബ്രാന്‍ഡ് അവകാശങ്ങളുമായി ബന്ധപ്പെട്ട ജെകെഎന്‍ യൂണിവേഴ്‌സ് എല്‍എല്‍സിയും തായ് വ്യവസായി നവാത് ഇറ്റ്സരിഗ്രിസിലുമായി ബന്ധപ്പെട്ട മിസ് യൂണിവേഴ്‌സ് ഈസ്റ്റേണ്‍ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ഫ്രാഞ്ചൈസി കരാറുകളെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇതിന് പിന്നില്‍.
സെപ്റ്റംബറില്‍ മിസ് യൂണിവേഴ്‌സ് ബ്രാന്‍ഡിന്റെ ലൈസന്‍സ് അനുവദിക്കാനോ കൈമാറാനോ മിസ് യൂണിവേഴ്‌സ് ഈസ്റ്റേണിന് അധികാരമില്ലെന്ന് ജെകെഎന്‍ യൂണിവേഴ്‌സ് എല്‍എല്‍സി വ്യക്തമാക്കിയിരുന്നു. ഈ കമ്പനി മുഖേന നല്‍കിയ ഫ്രാഞ്ചൈസി കരാറുകള്‍ അംഗീകരിക്കില്ലെന്നും അറിയിച്ചിരുന്നു.
ഇതോടെ ആറ് രാജ്യങ്ങളിലെയും ദേശീയ പ്രതിനിധികളെ ഇത്തവണത്തെ അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ അയോഗ്യരായി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കരാറുകള്‍ നിയമപരമായി സാധുവാണെന്ന നിലപാടിലാണ് നവാത് ഇറ്റ്സരിഗ്രിസുമായി ബന്ധപ്പെട്ട മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍. മത്സരത്തില്‍ പങ്കെടുക്കാനാകില്ലെങ്കിലും ആറ് രാജ്യങ്ങളിലെയും സുന്ദരിമാര്‍ക്ക് ദേശീയ പട്ടങ്ങള്‍ നിലനിര്‍ത്താനാകും.
യാത്രാ അനുമതിയും വിസയും സംബന്ധിച്ച പ്രശ്‌നങ്ങളും ചില രാജ്യങ്ങളുടെ പങ്കാളിത്തത്തെ ബാധിച്ചു. നേപ്പാള്‍, അംഗോള, സാംബിയ, സിംബാബ്വെ, റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് വിസാ- യാത്രാ തടസ്സങ്ങള്‍ കാരണം ഇത്തവണ മത്സരത്തില്‍ പങ്കെടുക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ട്.
സാംബിയയുടെ പ്രതിനിധി മുബാംഗ പമേല ഹത്യോകയ്ക്ക് ആവശ്യമായ യു എസ് വിസ ലഭിച്ചില്ല. വിസയ്ക്കായി ശ്രമങ്ങള്‍ നടത്തിയെങ്കിലും അനുമതി നേടാനായില്ലെന്നാണ് വിവരം. സിംബാബ്വെയുടെ പ്രതിനിധി റോസന്ന ഹാളിനും യാത്ര പുറപ്പെടേണ്ട സമയത്ത് വിസ സംബന്ധിച്ച അനിശ്ചിതത്വം നേരിട്ടു.
ഇതോടെ വിവിധ രാജ്യങ്ങളുടെ പ്രാതിനിധ്യത്തോടെ നടക്കേണ്ടിയിരുന്ന മത്സരത്തില്‍ പങ്കാളിത്തം ഗണ്യമായി കുറയുന്ന സാഹചര്യമാണുള്ളത്.
രാജ്യങ്ങളുടെ പിന്മാറ്റവും ഫ്രാഞ്ചൈസി അവകാശത്തര്‍ക്കവും നിലനില്‍ക്കുമ്പോഴും മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ 75-ാമത് പതിപ്പ് പ്യൂര്‍ട്ടോ റിക്കോയില്‍ തുടരുകയാണ്.
നവംബര്‍ 24ന് സാന്‍ ജുവാനിലെ ഹോസെ മിഗ്വേല്‍ അഗ്രെലോട്ട് കൊളീസിയത്തിലാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുക. ഫൈനലിന് മുന്നോടിയായി മത്സരാര്‍ഥികള്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നിലവിലെ മിസ് യൂണിവേഴ്‌സ് ഫാത്തിമ ബോഷ് തന്റെ പിന്‍ഗാമിക്ക് കിരീടം കൈമാറുന്നതോടെ ഈ വര്‍ഷത്തെ മത്സരത്തിന് സമാപനമാകും.
