ടിബറ്റില്‍ 1.28 ലക്ഷം വര്‍ഷം പഴക്കമുള്ള ഹിമപാളി കണ്ടെത്തി

ടിബറ്റില്‍ 1.28 ലക്ഷം വര്‍ഷം പഴക്കമുള്ള ഹിമപാളി കണ്ടെത്തി


ടിബറ്റ്: അവസാന ഹിമയുഗ കാലഘട്ടത്തിലേതെന്ന് കരുതുന്ന 1.28 ലക്ഷം വര്‍ഷത്തിലേറെ പഴക്കമുള്ള ഹിമപാളി ടിബറ്റിലെ ഗുലിയ പീഠഭൂമിയില്‍ കണ്ടെത്തി. പര്‍വത ഹിമാനിയില്‍ ആഴത്തില്‍ അടിഞ്ഞുകിടക്കുന്ന ഈ ഹിമപാളി, ഹിമയുഗ കാലാവസ്ഥയെക്കുറിച്ചുള്ള അപൂര്‍വ രേഖയാണെന്ന് ഗവേഷകര്‍ പറയുന്നു. അവസാന ഹിമയുഗത്തിലും ഈ ഹിമാനി നിലനിന്നിരുന്നുവെന്ന സൂചനയും കണ്ടെത്തല്‍ നല്‍കുന്നു.

ധ്രുവപ്രദേശങ്ങള്‍ക്ക് പുറത്ത് ഇത്രയും പഴക്കമുള്ള പര്‍വത ഹിമപാളി കണ്ടെത്തുന്നത് അപൂര്‍വമാണ്. ആന്‍ഡീസ് പര്‍വതനിരകളില്‍നിന്ന് ലഭിച്ച ഹിമകോര്‍ സാമ്പിളുകള്‍ക്ക് ഏകദേശം 30,000 വര്‍ഷം വരെ പഴക്കമുണ്ട്. ഇതോടെ പര്‍വതപ്രദേശങ്ങളില്‍നിന്ന് ലഭിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ തുടര്‍ച്ചയായ കാലാവസ്ഥാ രേഖകളിലൊന്നായി ഗുലിയയിലെ ഹിമപാളി മാറുന്നു.

12,000 വര്‍ഷം പഴക്കമെന്നായിരുന്നു മുന്‍ നിഗമനം

ഗുലിയയിലെ ഏറ്റവും പഴക്കമുള്ള ഹിമപാളിക്ക് 12,000 വര്‍ഷത്തിലേറെ പഴക്കമുണ്ടാകുമോ എന്നത് സംബന്ധിച്ച് നേരത്തെ തന്നെ ഗവേഷകര്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. പുതിയ പഠനത്തിലാണ് ഇവിടെയുള്ള ചില ഹിമപാളികള്‍ക്ക് അവസാന ഹിമയുഗം വരെയുള്ള പഴക്കമുണ്ടാകാമെന്ന കണ്ടെത്തല്‍.

ടിബറ്റില്‍ ഹോളോസീന്‍ കാലഘട്ടത്തിലേതായ ഹിമപാളികള്‍ മാത്രമാണ് നിലനിന്നിരുന്നതെങ്കില്‍ കഴിഞ്ഞ ഹിമയുഗത്തിലെ വലിയ ഹിമപാളികള്‍ ഹോളോസീന്‍ കാലഘട്ടത്തിന്റെ തുടക്കത്തിലും നിലനിന്നിരുന്നില്ലെന്ന് കരുതേണ്ടിവരുമായിരുന്നുവെന്നും എന്നാല്‍ ഗുലിയയിലെ ഹിമപാളി അതിജീവിച്ചതായാണ് കണ്ടെത്തല്‍ സൂചിപ്പിക്കുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ലോന്നി തോംപ്‌സണ്‍ പറഞ്ഞു.

1992ലും 2015ലും ഗുലിയ ഹിമപാളിയില്‍നിന്ന് ശേഖരിച്ച ഹിമകോര്‍ സാമ്പിളുകളാണ് ഗവേഷകര്‍ വിശദമായി പരിശോധിച്ചത്. 23 വര്‍ഷത്തെ ഇടവേളയില്‍ ശേഖരിച്ച സാമ്പിളുകളായിരുന്നിട്ടും രണ്ടിലും ഓക്‌സിജന്‍ ഐസോടോപ്പുകളുടെ സമാനമായ സവിശേഷതകള്‍ കണ്ടെത്തി. ഇതുവഴി ഹിമപാളിയില്‍ സംരക്ഷിക്കപ്പെട്ട കാലാവസ്ഥാ സൂചനകള്‍ ഒരു പ്രത്യേക ഡ്രില്ലിങ് സ്ഥലത്തുണ്ടായ പ്രതിഭാസമല്ലെന്ന് സ്ഥിരീകരിക്കാനായി.

ഒരു ഹിമപാളിയില്‍നിന്ന് 25 വര്‍ഷത്തോളം ഇടവേളയില്‍ ലഭിച്ച സാമ്പിളുകളിലും ഒരേ കാലാവസ്ഥാ രേഖ ആവര്‍ത്തിച്ച് ലഭിക്കുന്നത് കാലക്രമത്തില്‍ ഹിമപാളിയുടെ സ്വഭാവം മനസ്സിലാക്കാന്‍ ഏറെ സഹായിക്കുമെന്ന് തോംപ്‌സണ്‍ പറഞ്ഞു.

റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍ ഉപയോഗിച്ച് കാലപ്പഴക്കം നിര്‍ണയിച്ചു

ഹിമപാളിയുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ബെറിലിയം, ക്ലോറിന്‍ എന്നിവയുടെ റേഡിയോ ആക്ടീവ് ഐസോടോപ്പുകളാണ് ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചത്. ദീര്‍ഘകാലം മുമ്പുണ്ടായ പരിസ്ഥിതി മാറ്റങ്ങളുടെ രേഖകള്‍ സംരക്ഷിക്കാന്‍ ഇവയ്ക്ക് കഴിയുമെന്ന് ഗവേഷകര്‍ പറഞ്ഞു.

41,000 വര്‍ഷം മുമ്പ് ഭൂമിയുടെ കാന്തികമണ്ഡലത്തിലുണ്ടായ വലിയ മാറ്റമായ ലാഷാംപ് ജിയോമാഗ്നറ്റിക് എക്‌സ്‌കര്‍ഷന്റെ അടയാളങ്ങളും ഹിമകോര്‍ സാമ്പിളുകളില്‍ കണ്ടെത്തി. കാലപ്പഴക്കം നിര്‍ണയിക്കുന്നതിനുള്ള പ്രധാന സമയസൂചികയായാണ് ഈ അടയാളങ്ങള്‍ ഉപയോഗിച്ചത്.

ടിബറ്റന്‍ പീഠഭൂമിയിലെ ഗുഹാനിക്ഷേപങ്ങളില്‍നിന്നുള്ള ഓക്‌സിജന്‍ ഐസോടോപ്പ് രേഖകളുമായും ഹിമകോര്‍ ഫലങ്ങള്‍ താരതമ്യം ചെയ്തു. രണ്ട് രേഖകളും സംയോജിപ്പിച്ചുള്ള വിശകലനത്തിലാണ് ഗുലിയയിലെ ഏറ്റവും പഴക്കമുള്ള ഹിമപാളിക്ക് 1.28 ലക്ഷം വര്‍ഷത്തിലേറെ പഴക്കമുണ്ടാകാമെന്ന നിഗമനത്തിലെത്തിയത്.

ഉയര്‍ന്ന പര്‍വതപ്രദേശങ്ങളിലെ പ്രധാന ഹിമാനികള്‍ വിവിധ കാലഘട്ടങ്ങള്‍ക്കിടയിലെ മാറ്റങ്ങളെ അതിജീവിച്ചിരുന്നുവെന്നതിന് പുതിയ കണ്ടെത്തല്‍ തെളിവ് നല്‍കുന്നു. നിരവധി ഹിമയുഗ ചക്രങ്ങളിലുണ്ടായ അന്തരീക്ഷ, ജൈവ, താപനിലാ മാറ്റങ്ങള്‍ പഠിക്കുന്നതിന് പഴയ പ്രകൃതിദത്ത സാഹചര്യങ്ങളുടെ കൂടുതല്‍ വ്യക്തമായ അടിസ്ഥാനരേഖ ഒരുക്കാനും ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.