വാഷിംഗ്ടൺ: രാജ്യത്തെ നടുക്കി വാഷിംഗ്ടണിലെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് വേദിക്ക് സമീപം നടന്ന വെടിവെപ്പ് സംഭവത്തിൽ നെഞ്ചിനുവെടിയേറ്റ സീക്രട്ട് സർവീസ് ഏജന്റ് രക്ഷപ്പെട്ടു.
ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിനിടെ ആയുധങ്ങളുമായി എത്തിയ ഒരാളാണ് സുരക്ഷാ പരിശോധനാ മേഖല തകർത്ത് കടക്കാൻ ശ്രമിക്കുകയും വെടിവെപ്പ് നടത്തുകയും ചെയ്തത്. ഉടൻ തന്നെ സീക്രട്ട് സർവീസ് ഇടപെട്ട് പ്രതിയെ പിടികൂടി.
പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെയും ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് നെഞ്ചിൽ വെടിയേറ്റെങ്കിലും അദ്ദേഹം ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ആണ് ജീവൻ രക്ഷിപ്പെടുന്നതിന് ഇടയാക്കിയത്. നിസ്സാര പരിക്കേറ്റ അദ്ദേഹം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.
അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള 31കാരനായ കോൾ അലൻ എന്നയാളാണ് പ്രതിയെന്ന് അധികൃതർ തിരിച്ചറിഞ്ഞു. ഇയാൾ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നും ഇയാളുടെ കൈവശം ഷോട്ട്ഗൺ, ഹാൻഡ്ഗൺ, കത്തികൾ തുടങ്ങിയ ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
പ്രസിഡന്റിനെയും ഭരണകൂടത്തിലെ പ്രധാന നേതാക്കളെയും കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഇയാൾ പദ്ധതിയിട്ടിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തെ തുടർന്ന് പ്രസിഡന്റ് ട്രംപിനെയും മറ്റു പ്രമുഖരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു.
വെടിവെപ്പിനെ തുടർന്ന് വിരുന്ന് നിർത്തിവെക്കുകയും പിന്നീട് മറ്റൊരു തീയതിയിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏജൻസികൾ അന്വേഷണം തുടരുകയാണ്.
വൈറ്റ് ഹൗസ് വിരുന്നിനിടെ വെടിവെപ്പ്: നെഞ്ചിനുവെടിയേറ്റ സീക്രട്ട് സർവീസ് ഏജന്റ് രക്ഷപ്പെട്ടു; അക്രമിയുടെ ലക്ഷ്യം പ്രസിഡന്റ്
