വധശിക്ഷയ്ക്കായി രണ്ട് ഡോസ് മാരക മരുന്ന് നൽകിയിട്ടും മരണം വഴിമാറിയ ക്രിസ്റ്റ പൈക്ക് അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ

വധശിക്ഷയ്ക്കായി രണ്ട് ഡോസ് മാരക മരുന്ന് നൽകിയിട്ടും മരണം വഴിമാറിയ ക്രിസ്റ്റ പൈക്ക് അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ


ടെന്നസിയിൽ വധശിക്ഷകൾ തൽക്കാലികമായി നിർത്തിവച്ചു

നാഷ്‌വിൽ: വധശിക്ഷ നടപ്പാക്കുന്നതിനിടെ മാരക മരുന്നിന്റെ രണ്ട് ഡോസ് നൽകിയിട്ടും മരിക്കാതെ രക്ഷപ്പെട്ട അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തെ ക്രിസ്റ്റ പൈക്ക് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ. സെപ്തംബർ 30ന് മാരക മരുന്ന് കുത്തിവച്ച് വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ആശുപത്രിയിലെത്തിച്ച 50കാരിയായ പൈക്ക് ഇപ്പോൾ അബോധാവസ്ഥയിലും വെന്റിലേറ്ററിലുമാണെന്ന് അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച രേഖയിൽ വ്യക്തമാക്കി. 

ടെന്നസിയിലെ റിവർബെൻഡ് മാക്‌സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റിയൂഷനിലായിരുന്നു വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം. പെന്റോബാർബിറ്റൽ എന്ന മരുന്നിന്റെ രണ്ട് ഡോസുകളാണ് പൈക്കിന് നൽകിയത്. എന്നാൽ മരുന്ന് നൽകിയ ശേഷവും അവർ ജീവിച്ചിരുന്നതായി വധശിക്ഷയ്ക്ക് സാക്ഷികളായ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു. പിന്നീട് പൈക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

വധശിക്ഷയ്ക്കിടെ സ്ഥാപിച്ച ഇൻട്രാവീനസ് ലൈനുകളുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് നടപടിക്രമം പരാജയപ്പെടാൻ കാരണമായതെന്നാണ് പൈക്കിന്റെ അഭിഭാഷകരുടെ ആരോപണം. മരുന്ന് രക്തക്കുഴലിലൂടെ ശരീരത്തിലെത്തുന്നതിന് പകരം ചുറ്റുമുള്ള കോശങ്ങളിലേക്ക് ചോർന്നതായാണ് അവർ കോടതിയിൽ നൽകിയ രേഖയിൽ പറയുന്നത്. ആശുപത്രിയിലെത്തുമ്പോൾ പൈക്കിന്റെ ഇരുകൈകളും വീർത്ത് പൊള്ളലേറ്റതുപോലെയും കുമിളകൾ രൂപപ്പെട്ട നിലയിലുമായിരുന്നുവെന്നും അഭിഭാഷകർ വ്യക്തമാക്കി. 

ആദ്യ ഡോസ് ഫലപ്രദമാകാത്ത സാഹചര്യത്തിൽ നടപടിക്രമത്തിലെ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം രണ്ടാമത്തെ ഡോസ് നൽകിയെന്നാണ് അഭിഭാഷകരുടെ ആരോപണം. എന്നാൽ സംഭവത്തിന്റെ ഔദ്യോഗിക അന്വേഷണഫലം പുറത്തുവന്നിട്ടില്ല. വധശിക്ഷയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും തെളിവുകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൈക്കിന്റെ അഭിഭാഷകർ കോടതിയെ സമീപിച്ചിട്ടുണ്ട്. 

1995ൽ സഹപാഠിയായ 19കാരി കോളീൻ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിലാണ് പൈക്കിന് വധശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടക്കുമ്പോൾ പൈക്കിന് 18 വയസ്സായിരുന്നു. ടെന്നസിയിൽ രണ്ട് നൂറ്റാണ്ടിലേറെ കാലത്തിനുശേഷം വധശിക്ഷയ്ക്ക് വിധേയയാകുന്ന ആദ്യ വനിതയാകുമായിരുന്നു പൈക്ക്. 

വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ടെന്നസി ഗവർണർ ബിൽ ലീ ഈ വർഷം സംസ്ഥാനത്ത് ഇനി നടക്കേണ്ട എല്ലാ വധശിക്ഷകളും താൽക്കാലികമായി നിർത്തിവച്ചു. സംഭവത്തിൽ സ്വതന്ത്ര പരിശോധനയ്ക്കും അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. 

ഇതിനിടെ, വധശിക്ഷ നടപ്പാക്കാനുള്ള പുതിയ ശ്രമം എപ്പോൾ ഉണ്ടാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. പൈക്ക് ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ അവരുടെ വധശിക്ഷാ വിധിയുടെ തുടർനടപടികളും നിയമപരമായ പുതിയ നീക്കങ്ങളും നിർണായകമാകും. അതേസമയം, വധശിക്ഷാ നടപടിക്രമത്തിലെ വീഴ്ചകളെക്കുറിച്ചുള്ള വിശദമായ അന്വേഷണം തുടരുകയാണ്.