കുടിയേറ്റ അഭിമുഖത്തിനിടെ യു.എസ്. സൈനികന്റെ ഭാര്യ പിടിയിൽ; മൂന്നാം രാജ്യത്തേക്ക് നാടുകടത്തൽ ഭീഷണി

കുടിയേറ്റ അഭിമുഖത്തിനിടെ യു.എസ്. സൈനികന്റെ ഭാര്യ പിടിയിൽ; മൂന്നാം രാജ്യത്തേക്ക് നാടുകടത്തൽ ഭീഷണി


എൽ പാസോ: സജീവ സേവനത്തിലുള്ള യു.എസ്. സൈനികന്റെ ഭാര്യയെ കുടിയേറ്റ അഭിമുഖത്തിനിടെ പിടികൂടിയ സംഭവം വിവാദമായി. 27 വർഷത്തെ സേവനമുള്ള സാർജന്റിന്റെ ഭാര്യയായ  ഡെയ്‌സി ഫിഡെലിന റിവേറ ഓർടേഗയെ ഏപ്രിൽ 14ന് എൽ പാസോയിൽ നടന്ന അഭിമുഖത്തിനിടെയാണ് അധികാരികൾ കസ്റ്റഡിയിൽ എടുത്തത്.

 'പരോൾ ഇൻ പ്ലേസ് ' പദ്ധതിയിലൂടെ നിയമപരമായി യുഎസിൽ തുടരാൻ അപേക്ഷ നൽകിയിരുന്ന സമയത്താണ് അറസ്റ്റ്. സൈനികരുടെ രേഖകളില്ലാത്ത കുടുംബാംഗങ്ങൾക്ക് രാജ്യത്ത് തുടരാൻ അവസരം നൽകുന്നതാണ് ഈ പദ്ധതി.

 റിവേര ഓർടേഗയുടെ ഭർത്താവായ  ജോസ് സെറാനോ അമേരിക്കൻ ആർമിയിലെ സാർജന്റാണ്. ഫോർട്ട് ബ്ലിസ്സിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം മൂന്ന് തവണ അഫ്ഗാനിസ്ഥാനിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. നിയമാനുസൃതമായ എല്ലാ നടപടികളും പാലിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

അഭിമുഖത്തിനായി എത്തിയതിനു പിന്നാലെ, അന്യരായ ചിലർ ഭാര്യയെ പിടികൂടി വിലങ്ങുവെച്ച് കൊണ്ടുപോയെന്നും എന്താണ് സംഭവിക്കുന്നതെന്ന് ആരും വിശദീകരിച്ചില്ലെന്നും സെറാനോ പറഞ്ഞു.

ഇപ്പോൾ റിവേര ഓർടേഗയെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. അവർക്ക് മുൻപ് എൽ സാൽവദോറിൽ നിന്ന് നാടുകടത്തൽ തടയാനുള്ള നിയമപരമായ അനുമതി ലഭിച്ചിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും, ഇപ്പോൾ മെക്‌സിക്കോയിലേക്ക് നാടുകടത്താനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.

ഇത്തരം നീക്കം കുടുംബത്തിന് വലിയ തിരിച്ചടിയാകും. സൈനിക ചുമതലകൾ കാരണം മെക്‌സിക്കോയിലേക്ക് പോകാൻ തനിക്ക് സാധിക്കില്ലെന്ന് സെറാനോ പറഞ്ഞു. ഭാര്യയെ കാണാനാവാത്ത അവസ്ഥ അദ്ദേഹത്തിന് മാനസിക സമ്മർദ്ദം സൃഷ്ടിച്ചിരിക്കുകയാണ്.

റിവേര ഓർടേഗയ്ക്ക് അന്തിമ നാടുകടത്തൽ ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നു ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചെങ്കിലും, അത് തെറ്റാണെന്നും അവർക്കു നിയമപരമായി ഇത് ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.

സംഭവത്തിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ കേസ് ഫെഡറൽ കോടതിയിൽ എത്തിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ നിയമനടപടികൾ തുടരുകയാണ്.