വാഷിംഗ്ടൺ: അമേരിക്കൻ സുപ്രീംകോടതിയുടെ ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട സുപ്രധാന വിധിക്ക് പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷിജിൻപിങ്ങിനെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശം ശ്രദ്ധനേടി. എന്നാൽ ഇത് അഭിനന്ദനമല്ല, പരിഹാസപരമായ പ്രതികരണമാണെന്നാണ് വിലയിരുത്തൽ.
അനധികൃത കുടിയേറ്റക്കാരുടെ അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശ പൗരത്വം നഷേധിക്കാൻ ലക്ഷ്യമിട്ടിരുന്ന പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് അമേരിക്കൻ സുപ്രീംകോടതി 6-3 ഭൂരിപക്ഷത്തിൽ തള്ളുകയായിരുന്നു. ഭരണഘടനയിലെ 14ാം ഭേദഗതിപ്രകാരം അമേരിക്കയിൽ ജനിക്കുന്ന മിക്ക കുട്ടികൾക്കും പൗരത്വത്തിന് അവകാശമുണ്ടെന്ന നിലപാടാണ് കോടതി വീണ്ടും ശരിവെച്ചത്.
വിധിക്ക് പിന്നാലെ ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ, 'ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട വലിയ വിജയത്തിന് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും മഹത്തായ ചൈനയെയും അഭിനന്ദിക്കുന്നു' എന്ന് കുറിച്ചു. ഈ സന്ദേശം വ്യാപക ചർച്ചയ്ക്ക് വഴിവച്ചു.
1898ലെ ചരിത്രപ്രസിദ്ധമായ യുണൈറ്റഡ് സ്റ്റേറ്റ് വേഴസസസ്. വോങ് കിം ആർക് കേസിനെയാണ് ട്രംപ് പരോക്ഷമായി പരാമർശിച്ചതെന്നാണ് റപ്പോർട്ടുകൾ. ചൈനീസ് കുടയേറ്റക്കാരുടെ മകനായി അമേരിക്കയിൽ ജനിച്ച വോങ് കിം ആർക് അമേരിക്കൻ പൗരനാണെന്ന് സുപ്രീംകോടതി അന്ന് വിധിച്ചിരുന്നു. പിന്നീട് ഈ വിധിയാണ് അമേരിക്കയിലെ ജന്മാവകാശ പൗരത്വത്തിന്റെ നിയമപരമായ അടിത്തറയായത്.
അടുത്തിടെ പുറപ്പെടുവിച്ച വിധിയിലും ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സ് ഈ ചരിത്രവിധി പരാമർശിച്ച് ഭരണഘടനയുടെ നിലവിലെ വ്യാഖ്യാനത്തിൽ നിന്ന് മാറിനിൽക്കാൻ കാരണമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
സുപ്രീംകോടതി വിധിയെ തുടർന്ന് ട്രംപ് നിരാശ പ്രകടിപ്പിക്കുകയും ഇത് രാജ്യത്തിന് തിരിച്ചടിയാണെന്ന് പറയുകയും ചെയ്തു. ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട നിയമത്തിൽ മാറ്റം കൊണ്ടുവരാൻ കോൺഗ്രസിലൂടെ പുതിയ നിയമനിർമാണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
'ഈ വിധി രാജ്യത്തിന് നല്ലതല്ല. എന്നാൽ കോൺഗ്രസിലൂടെ നിയമം പാസാക്കി ഇത് തിരുത്താനാകും. ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. അതിന് എന്റെ പൂർണ പിന്തുണ ഉണ്ടാകും,' എന്ന് ട്രംപ് വ്യക്തമാക്കി.
ജന്മാവകാശ പൗരത്വ വിധിക്ക് പിന്നാലെ ഷി ജിൻപിങ്ങിനെ അഭിനന്ദിച്ച് ട്രംപ്; കാരണം ഇതാണ്
