ട്രംപിന്റെ കുടിയേറ്റ നടപടികൾക്കെതിരായ പ്രതിഷേധത്തിനിടെ വെടിയേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു; മിനിയാപൊളിസിൽ തെരുവിറങ്ങി നൂറുകണക്കിന് പേർ

ട്രംപിന്റെ കുടിയേറ്റ നടപടികൾക്കെതിരായ പ്രതിഷേധത്തിനിടെ വെടിയേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു; മിനിയാപൊളിസിൽ തെരുവിറങ്ങി നൂറുകണക്കിന് പേർ


മിനിയാപൊളിസ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നടപടികൾക്കെതിരായ പ്രതിഷേധത്തിനിടെയാണ് മിനസോട്ടയിലെ മിനിയാപൊളിസിൽ 37 വയസ്സുകാരൻ ഫെഡറൽ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബോർഡർ പട്രോൾ ഏജന്റുമാരാണ് വെടിയുതിർത്തത്. മരിച്ചത് ഐസിയു നഴ്‌സായ അലെക്‌സ് ജെഫ്രി പ്രെട്ടി ആണെന്ന് കുടുംബം സ്ഥിരീകരിച്ചു.

മിനസോട്ടയിൽ ഫെഡറൽ ഏജന്റുമാരുടെ വെടിവെപ്പിൽ ആളുകൾ കൊല്ലപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്. ഐസിഇ ഏജന്റുമാരുടെ വെടിയേറ്റ് റിനീ ഗുഡ് മരിച്ച ശേഷം രണ്ടാമത്തെ മരണവും. സംഭവം പുറത്തറിഞ്ഞതോടെ കൊടുംതണുപ്പിനെ അവഗണിച്ച് നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പ്രാദേശിക ഭരണകൂടങ്ങളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

വെടിവെപ്പിൽ പങ്കെടുത്ത ഏജന്റ് എട്ടുവർഷത്തെ സേവനപരിചയമുള്ള ഉദ്യോഗസ്ഥനാണെന്ന് ഫെഡറൽ അധികൃതർ അറിയിച്ചു. എന്നാൽ കൊല്ലപ്പെട്ടയാളുടെ പേര് പുറത്തുവിടാൻ മിനിയാപൊളിസ് പൊലീസ് മേധാവി ബ്രയൻ ഒ'ഹാര തയ്യാറായില്ല.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പ്രെട്ടിയുടെ കൈയിൽ തോക്ക് ഉണ്ടായിരുന്നില്ലെന്നും മൊബൈൽ ഫോൺ മാത്രമാണ് കാണപ്പെടുന്നതെന്നും വ്യക്തമാണ്. എന്നാൽ ഇയാൾ ആയുധധാരിയായിരുന്നു എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം.

ഇല്ലിനോയിയിൽ ജനിച്ച പ്രെട്ടി യുഎസ് പൗരനായിരുന്നു. കോടതിരേഖകൾ പ്രകാരം ക്രിമിനൽ കേസുകളൊന്നുമില്ല; ചില ട്രാഫിക് പിഴകൾ മാത്രമാണ് ഉണ്ടായിരുന്നത്. കുടിയേറ്റ നടപടികളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അദ്ദേഹത്തെ ആഴത്തിൽ അലട്ടിയിരുന്നുവെന്നും അതിനാലാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും കുടുംബം പറഞ്ഞു.

'മനുഷ്യരെ അവൻ ഏറെ സ്‌നേഹിച്ചിരുന്നു. തെരുവിൽനിന്ന് ആളുകളെ പിടിച്ചുകൊണ്ടുപോകുന്നതും കുട്ടികളെ വേർപെടുത്തുന്നതും അവനെ വേദനിപ്പിച്ചു,' എന്നും പിതാവ് മൈക്കൽ പ്രെട്ടി പറഞ്ഞു.

പ്രതിഷേധങ്ങളിൽ പങ്കെടുക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് രണ്ടാഴ്ച മുൻപ് മകനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി. 'പങ്കെടുക്കാം, പക്ഷേ അപകടത്തിലേക്ക് പോകരുതെന്ന് പറഞ്ഞിരുന്നു. അവൻ അത് മനസ്സിലാക്കിയിരുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു.