ട്രംപിന്റെ 'വിശ്വസ്ത സഹായി' നതാലി ഹാർപ് ആരാണ്? ഒസോഫിന്റെ പരാമർശത്തോടെ വിവാദം

ട്രംപിന്റെ 'വിശ്വസ്ത സഹായി' നതാലി ഹാർപ് ആരാണ്? ഒസോഫിന്റെ പരാമർശത്തോടെ വിവാദം


വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത വൃത്തങ്ങളിലെ അധികം അറിയപ്പെടാത്ത പേരായ നതാലി ഹാർപ് പെട്ടെന്ന് രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ജോർജിയയിലെ ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഒസോഫ് ട്രംപിനെ വിമർശിക്കുന്നതിനിടെ ഹാർപിന്റെ പേര് പരാമർശിച്ചതാണ് പുതിയ വിവാദത്തിന് വഴിവച്ചത്.

ട്രംപിന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായ ഹാർപ് പ്രസിഡന്റിന്റെ ഏറ്റവും വിശ്വസ്തരായ സഹായികളിലൊരാളായാണ് അമേരിക്കൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. 2025 മുതൽ വൈറ്റ് ഹൗസിൽ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് പദവിയിലാണ് അവർ. വൈറ്റ് ഹൗസിന്റെ 2026ലെ ഔദ്യോഗിക സ്റ്റാഫ് റിപ്പോർട്ടിലും ഹാർപിന്റെ പദവി സ്ഥിരീകരിച്ചിട്ടുണ്ട്. 

ആരാണ് നതാലി ഹാർപ്?

മുൻ ടെലിവിഷൻ അവതാരകയാണ് കാലിഫോർണിയ സ്വദേശിയായ ഹാർപ്. 2019ൽ അസ്ഥി കാൻസറിനെ നേരിടുന്നതിനിടെ ട്രംപിന്റെ 'റൈറ്റ് ടു ട്രൈ' നിയമത്തെ പ്രശംസിച്ചതോടെയാണ് അവർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് 2020ലെ റിപ്പബ്ലിക്കൻ ദേശീയ കൺവൻഷനിൽ സംസാരിക്കുകയും ട്രംപ് അനുകൂല മാധ്യമമായ വൺ അമേരിക്ക ന്യൂസ് നെറ്റ്‌വർക്കിൽ അവതാരകയായി പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് ട്രംപിന്റെ രാഷ്ട്രീയ സംഘത്തിലേക്ക് എത്തി. 

ട്രംപിനൊപ്പം സ്ഥിരമായി സഞ്ചരിക്കുകയും അദ്ദേഹത്തിനായി വാർത്തകളും രേഖകളും അച്ചടിച്ച് നൽകുകയും ചെയ്യുന്ന ഹാർപിന് 'ഹ്യൂമൻ പ്രിന്റർ' എന്ന വിളിപ്പേരും ലഭിച്ചിട്ടുണ്ട്. ട്രംപിന്റെ സമൂഹമാധ്യമ സന്ദേശങ്ങൾ തയ്യാറാക്കുന്നതിലും അവയ്ക്ക് ആവശ്യമായ വിവരങ്ങൾ എത്തിക്കുന്നതിലും അവർക്ക് അടുത്ത പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

വിവാദത്തിലായത് എങ്ങനെ ?

അറ്റ്‌ലാന്റയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് ഒസോഫ് ട്രംപിന്റെ ഭരണപരമായ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചത്. ഇറാനുമായുള്ള യുദ്ധവും സൈനികരുടെ നീണ്ട വിന്യാസവും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ട്രംപ് ഔദ്യോഗിക ചുമതലകളേക്കാൾ സ്വകാര്യ കാര്യങ്ങൾക്കും യാത്രകൾക്കും പ്രാധാന്യം നൽകുകയാണെന്ന് ആരോപിച്ചു. ഇതിനിടെയാണ് ഹാർപിന്റെ പേര് പരാമർശിച്ചത്. 

പരാമർശത്തിനെതിരെ ട്രംപും വൈറ്റ് ഹൗസും കടുത്ത ഭാഷയിൽ പ്രതികരിച്ചു. ട്രംപ് ഒസോഫിനെ പരിഹസിച്ചപ്പോൾ, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും വ്യക്തിപരമായ വിമർശനങ്ങളുമായി രംഗത്തെത്തി. ഇതോടെ ജോർജിയയിലെ സെനറ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ രാഷ്ട്രീയമാനം കൈവന്നിരിക്കുകയാണ്. 

ഹാർപിനെ ചുറ്റിപ്പറ്റി ഉയരുന്ന ചർച്ചയുടെ പ്രധാന കാരണം അവരുടെ ഔദ്യോഗിക പദവിയേക്കാൾ ട്രംപുമായുള്ള അടുത്ത പ്രവർത്തനബന്ധമാണ്. എന്നാൽ ഇരുവരും തമ്മിലുള്ള വ്യക്തിബന്ധത്തെക്കുറിച്ചുള്ള വിവിധ അഭ്യൂഹങ്ങൾക്ക് സ്ഥിരീകരണമൊന്നുമില്ല. അതിനാൽ രാഷ്ട്രീയ ആരോപണങ്ങളെയും വ്യക്തിപരമായ ഊഹാപോഹങ്ങളെയും വേർതിരിച്ചാണ് സംഭവത്തെ കാണേണ്ടത്.

ജോർജിയയിലെ തിരഞ്ഞെടുപ്പ് ട്രംപിനും ഡെമോക്രാറ്റുകൾക്കും നിർണായകമായതിനാൽ, ഒസോഫിന്റെ പരാമർശം ഇനി സാമൂഹികമാധ്യമ തർക്കത്തിൽ ഒതുങ്ങുമോ അതോ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയമാകുമോ എന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.