വെനിസ്വേലയുടെ ഭരണകാര്യങ്ങളില്‍ യു എസിന് പരമാവധി സ്വാധീനമുണ്ടെന്ന് വൈറ്റ് ഹൗസ്

വെനിസ്വേലയുടെ ഭരണകാര്യങ്ങളില്‍ യു എസിന് പരമാവധി സ്വാധീനമുണ്ടെന്ന് വൈറ്റ് ഹൗസ്


വാഷിങ്ടണ്‍: വെനിസ്വേലയുടെ ഭരണകാര്യങ്ങളില്‍ അമേരിക്കയ്ക്ക് പരമാവധി സ്വാധീനമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളൈന്‍ ലെവിറ്റ് പറഞ്ഞു.

വെനിസ്വേലയിലെ ഇടക്കാല അധികാരികളുമായി തങ്ങള്‍ ഏകോപനം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അവരുടെ തീരുമാനങ്ങള്‍ തുടര്‍ന്നും അമേരിക്കന്‍ ഐക്യനാടുകള്‍ നിര്‍ണ്ണയിക്കുന്നതായിരിക്കുമെന്നും ലെവിറ്റ് പറഞ്ഞു.

വെനിസ്വേലയില്‍ നിലവില്‍ അമേരിക്കന്‍ സൈനികര്‍ നിലയുറപ്പിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു. വെനിസ്വേലയിലെ എണ്ണത്തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യത്തിന് ആവശ്യമെങ്കില്‍ യു എസ് സൈന്യത്തെ ഉപയോഗിക്കാനുള്ള അവകാശം പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിലനിര്‍ത്തുന്നുണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. വെള്ളിയാഴ്ച ട്രംപ് എണ്ണക്കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു.

വെള്ളിയാഴ്ച നടക്കുന്ന യോഗം എണ്ണക്കമ്പനികളുടെ മുന്നിലുള്ള അതിവിശാലമായ അവസരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ളതാണെന്ന് ലെവിറ്റ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.