വാഷിങ്ടൺ: രാഷ്ട്രീയ സന്ദേശങ്ങളെ കമ്പ്യൂട്ടർ ഗെയിമുകളാക്കി അവതരിപ്പിച്ച് ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഡിജിറ്റൽ നീക്കം. വൈറ്റ് ഹൗസ് ആരംഭിച്ച 'Arcade.gov' എന്ന വെബ്‌സൈറ്റിൽ പ്രസിഡന്റിന്റെ നയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അഞ്ച് ക്ലാസിക് ഗെയിം മാതൃകകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കുടിയേറ്റക്കാരെ 'ഡീപോർട്ട്' ചെയ്യുന്നതിനെ ഗെയിം ആക്കി അവതരിപ്പിച്ചതോടെ പദ്ധതി രാഷ്ട്രീയ-സാമൂഹിക വിവാദത്തിനും വഴിവെച്ചു.
'Flappy Bill', 'Build the Wall', 'Rio Run', 'Supply Line', 'Trump Savings Tycoon' എന്നിവയാണ് ഗെയിമുകൾ. അതിൽ 'Rio Run' ജനപ്രിയ 'Snake' ഗെയിമിന്റെ മാതൃകയിലാണ്. യുഎസ്-മെക്‌സിക്കോ അതിർത്തിയിലെ റിയോ ഗ്രാൻഡെ കേന്ദ്രീകരിച്ച് കുടിയേറ്റക്കാരെ പിടികൂടി നാടുകടത്തുന്നതാണ് കളിയുടെ ഭാഗം. 'Build the Wall' ആകട്ടെ Tteris മാതൃകയിൽ അതിർത്തി മതിൽ നിർമ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. 'വരുന്ന ഹോർഡിൽനിന്ന് അതിർത്തിയെ സംരക്ഷിക്കുക' എന്ന തരത്തിലുള്ള ഭാഷയാണ് ഗെയിമിൽ ഉപയോഗിച്ചിരിക്കുന്നത്.
രാഷ്ട്രീയ ആശയങ്ങൾ ജനപ്രിയ വിനോദരൂപങ്ങളിലൂടെ അവതരിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പുതിയ ആശയവിനിമയ തന്ത്രമായാണ് ഇതിനെ കാണാനാകുന്നത്. പ്രത്യേകിച്ച് യുവാക്കളെയും ഡിജിറ്റൽ തലമുറയെയും ലക്ഷ്യമിട്ട്, നയങ്ങളെ പ്രസംഗങ്ങളിലൂടെയും ഔദ്യോഗിക പ്രസ്താവനകളിലൂടെയും മാത്രമല്ല, വിനോദത്തിലൂടെയും എത്തിക്കാനുള്ള ശ്രമമാണിത്. 'ഫൺ' എന്നും 'വിജയം' എന്നും വിശേഷിപ്പിക്കുന്ന ട്രംപ് രാഷ്ട്രീയത്തെ എതിരാളികളുടെ 'സോഷ്യലിസ്റ്റ്' കാഴ്ചപ്പാടുമായി താരതമ്യം ചെയ്യുകയാണ് വൈറ്റ് ഹൗസ്.
എന്നാൽ കുടിയേറ്റത്തെ ഗെയിമിന്റെ വിജയ പരാജയം മാനദണ്ഡമാക്കി മാറ്റുന്നതാണ് ഏറ്റവും വലിയ വിവാദം. മനുഷ്യരുടെ കുടിയേറ്റം, നാടുകടത്തൽ, അതിർത്തി നിയന്ത്രണം തുടങ്ങിയ സങ്കീർണ വിഷയങ്ങളെ വിനോദരൂപത്തിലേക്ക് ചുരുക്കുന്നത് രാഷ്ട്രീയ സന്ദേശത്തെ കൂടുതൽ ശക്തമാക്കുമെങ്കിലും, വിഷയത്തിന്റെ മാനുഷിക വശം മറച്ചുവയ്ക്കാനുള്ള സാധ്യതയും ഉയർത്തുന്നു. ട്രംപ് ഭരണകൂടത്തിന്റെ കർശന കുടിയേറ്റ നയങ്ങൾക്ക് അനുകൂലമായ ഒരു 'ഗെയിമിഫൈഡ്' പ്രചാരണമായി വിമർശകർ ഇതിനെ കാണുന്നതും അതുകൊണ്ടാണ്.
പദ്ധതിയുടെ മറ്റൊരു പ്രധാന ചോദ്യം പൊതുപണം ഉപയോഗിച്ചോ, സ്വകാര്യ കരാറുകാരെ നിയമിച്ചോ എന്നതാണ്. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് വൈറ്റ് ഹൗസ് വ്യക്തമായ മറുപടി നൽകിയിട്ടില്ല. സർക്കാർ വിഭവങ്ങൾ ഉപയോഗിച്ചുള്ള രാഷ്ട്രീയ ആശയവിനിമയമാണോ ഇതെന്ന ചർച്ചയ്ക്ക് ഇത് വഴിയൊരുക്കും.
അതേസമയം, 'Build the Wall' sKbnw Tteris മാതൃകയിലാണെന്നതിനെതിരെ Tteris കമ്പനി തന്നെ രംഗത്തെത്തി. ഗെയിം നിർമ്മാണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും പകർപ്പവകാശ ലംഘനത്തെ ഗൗരവമായി കാണുന്നുവെന്നും കമ്പനി വ്യക്തമാക്കി. ഇതോടെ രാഷ്ട്രീയ വിവാദത്തിനൊപ്പം ബൗദ്ധിക സ്വത്തവകാശവുമായി (പേറ്റന്റ്) ബന്ധപ്പെട്ട ചോദ്യവും ഉയർന്നു.
ഡെമോക്രാറ്റിക് വിമർശനവും ശക്തമാണ്. ജനങ്ങൾക്ക് വിലക്കുറവുള്ള ഭക്ഷണവും പ്രായോഗിക ഭരണനടപടികളുമാണ് ആവശ്യമെന്നും ഗെയിമുകളല്ലെന്നും ടെക്‌സസ് പ്രതിനിധി ജാസ്മിൻ ക്രോക്കറ്റ്, വിമർശിച്ചു.
ആകെ നോക്കുമ്പോൾ, 'Arcade.gov' ഒരു ഗെയിം വെബ്‌സൈറ്റ് മാത്രമല്ല; ട്രംപ് ഭരണകൂടം തന്റെ രാഷ്ട്രീയ നയങ്ങളെ ജനപ്രിയ സംസ്‌കാരത്തിലേക്ക് എങ്ങനെ മാറ്റിവയ്ക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. കുടിയേറ്റം പോലുള്ള കടുത്ത രാഷ്ട്രീയ വിഷയങ്ങളെ വിനോദത്തിന്റെ ഭാഷയിൽ അവതരിപ്പിക്കുന്നത് പിന്തുണക്കുന്നവരിൽ സന്ദേശം കൂടുതൽ എളുപ്പത്തിൽ എത്തിക്കാം. എന്നാൽ അതേ തന്ത്രം എതിരാളികൾക്ക് മനുഷ്യാവകാശ പ്രശ്‌നങ്ങളെ നിസ്സാരവൽക്കരിക്കുന്ന രാഷ്ട്രീയ പ്രചാരണമെന്ന വിമർശനത്തിന് ശക്തമായ ആയുധവും നൽകുന്നു.
'ഡീപോർട്ട്' ചെയ്യാൻ കളിക്കാം; ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഗെയിം പ്ലാറ്റ്‌ഫോം വിവാദത്തിൽ
