വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സെപ്റ്റംബറില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് തള്ളി. അത്തരമൊരു യാത്ര ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്നും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
ട്രംപ് സെപ്റ്റംബറില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നും തുടര്‍ന്ന് ഇന്ത്യയിലേക്ക് പോകുമെന്നും ചില പാക് ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ, ഇത്തരമൊരു റിപ്പോര്‍ട്ടിനെ കുറിച്ച് അറിവില്ലെന്ന് പാക് വിദേശകാര്യ വക്താവും പ്രതികരിച്ചു.
വൈറ്റ് ഹൗസിന്റെ പ്രഖ്യാപനത്തിനു ശേഷം രണ്ട് ചാനലുകള്‍ അവരുടെ റിപ്പോര്‍ട്ടുകള്‍ പിന്‍വലിച്ചതായും സ്ഥിരീകരണമില്ലാത്ത വാര്‍ത്ത സംപ്രേഷണം ചെയ്തതിന് ഒരു ടെലിവിഷന്‍ ചാനല്‍ മാപ്പ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. 2006ല്‍ ജോര്‍ജ് ബുഷ് ആണ് അവസാനമായി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച യു എസ് പ്രസിഡന്റ്.
