പുറത്താക്കപ്പെട്ട അമേരിക്കന്‍ സൈബര്‍ ഡയറക്ടര്‍ ഷോണ്‍ കെയിന്‍ക്രോസിനു പകരം കിര്‍സ്റ്റണ്‍ ഡേവിസിന് താല്‍ക്കാലിക ചുമതല

പുറത്താക്കപ്പെട്ട അമേരിക്കന്‍ സൈബര്‍ ഡയറക്ടര്‍ ഷോണ്‍ കെയിന്‍ക്രോസിനു പകരം കിര്‍സ്റ്റണ്‍ ഡേവിസിന് താല്‍ക്കാലിക ചുമതല


വാഷിങ്ടണ്‍: അമേരിക്കയില്‍ തുടര്‍ച്ചയായ സാങ്കേതിക തടസ്സങ്ങള്‍ വ്യോമഗതാഗതം, ബാങ്കിങ്, ദേശീയ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയെ ബാധിച്ചതിനു പിന്നാലെ വൈറ്റ് ഹൗസിലെ ദേശീയ സൈബര്‍ ഡയറക്ടര്‍ ഷോണ്‍ കെയിന്‍ക്രോസിനെ സ്ഥാനത്തുനിന്ന് നീക്കിയതാണെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അദ്ദേഹത്തെ പുറത്താക്കിയതെന്ന് വൈറ്റ് ഹൗസുമായി അടുത്ത വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. പ്രതിരോധ വകുപ്പിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ കിര്‍സ്റ്റണ്‍ ഡേവിസിന് ദേശീയ സൈബര്‍ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. കെയിന്‍ക്രോസിനെ പുറത്താക്കാനുള്ള തീരുമാനത്തെ പ്രസിഡന്റ് പൂര്‍ണമായി പിന്തുണച്ചിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 
എന്നാല്‍ സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ കെയിന്‍ക്രോസ് തയ്യാറായില്ല. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറാണ് കെയിന്‍ക്രോസിനെ മാറ്റാന്‍ സമ്മര്‍ദം ചെലുത്തിയതെന്ന് ആക്‌സിയോസ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേശീയ സൈബര്‍ ഡയറക്ടര്‍ പദവി നിര്‍വഹിക്കുന്നതിന് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും പരിചയസമ്പത്തും കെയിന്‍ക്രോസിനില്ലെന്നായിരുന്നു വിമര്‍ശനം. മൈക്രോസോഫ്റ്റ് സേവനങ്ങള്‍, വ്യോമഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍, ബാങ്കുകള്‍, ദേശീയ സുരക്ഷാ ഏജന്‍സിയുടെ ആഭ്യന്തര ശൃംഖല എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടിരുന്നു. ഈ സംഭവങ്ങള്‍ പരസ്പരം ബന്ധപ്പെട്ടതാണോ അതോ സൈബര്‍ ആക്രമണത്തിന്റെ ഭാഗമാണോ എന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ന്നെങ്കിലും അന്വേഷണത്തില്‍ അത്തരത്തിലുള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളന്‍ നിയമനിര്‍മാതാക്കളെ അറിയിച്ചിരുന്നു.
 വിദേശശക്തികളുടെ ആസൂത്രിതമായ ഇടപെടലാണ് തടസ്സങ്ങള്‍ക്ക് പിന്നിലെന്ന സാധ്യത 98 ശതമാനം ആത്മവിശ്വാസത്തോടെ തള്ളിക്കളയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധി സുപ്രധാന സംവിധാനങ്ങള്‍ തടസ്സപ്പെടുന്നത് അസാധാരണമാണെന്നും അദ്ദേഹം സമ്മതിച്ചു. ദേശീയ സൈബര്‍ ഡയറക്ടറെന്ന നിലയില്‍ ഫെഡറല്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലെ സൈബര്‍ സുരക്ഷാ നയങ്ങളും തന്ത്രങ്ങളും ഏകോപിപ്പിക്കുന്നതിന്റെ ചുമതലയായിരുന്നു കെയിന്‍ക്രോസിന്. കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ പടിയിറക്കത്തിന് വ്യക്തിപരമായ കാരണങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡെയിലി മെയില്‍ റിപ്പോര്‍ട്ട് പ്രകാരം സ്ഥാനമൊഴിയല്‍ സൗഹാര്‍ദപരമായിരുന്നു. അടുത്ത രണ്ടുവര്‍ഷം കൂടി ഈ പദവിയില്‍ തുടരാന്‍ കെയിന്‍ക്രോസിന് താല്‍പര്യമില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. 
ജനുവരിയില്‍ ഡെമോക്രാറ്റുകള്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനു മുമ്പ് പുതിയ ഡയറക്ടറുടെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ഉറപ്പാക്കാന്‍ വൈറ്റ് ഹൗസിന് മതിയായ സമയം ലഭിക്കുന്നതിനുവേണ്ടിയാണ് ഇപ്പോള്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്നും ആക്‌സിയോസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. 
ദേശീയ സൈബര്‍ ഡയറക്ടറുടെ ഓഫീസില്‍നിന്ന് മുതിര്‍ന്ന ഉപദേഷ്ടാവും നയവിഭാഗം മേധാവിയുമായിരുന്ന തോമസ് ലിന്‍ഡ് ജൂണില്‍ രാജിവച്ചതും ഈ മാറ്റത്തിന് മുമ്പുണ്ടായ മറ്റൊരു പ്രധാന സംഭവമാണ്. അദ്ദേഹം ഒക്ടോബറില്‍ ഓപ്പണ്‍ എഐയില്‍ ചേര്‍ന്നിരുന്നു. അതേസമയം, വേനല്‍ക്കാലത്ത് ആന്ത്രോപിക് കമ്പനി മേധാവികളുമായി കെയിന്‍ക്രോസ് സാങ്കേതിക വിഷയങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ സുപ്രധാന സാങ്കേതികസുരക്ഷാ സംവിധാനങ്ങള്‍ തുടര്‍ച്ചയായ വെല്ലുവിളികള്‍ നേരിടുന്നതിനിടെയാണ് ദേശീയ സൈബര്‍ സുരക്ഷാ നേതൃത്വത്തില്‍ ഈ അഴിച്ചുപണി ഉണ്ടായിരിക്കുന്നത്.