വാഷിങ്ടൺ: അമേരിക്കയിലെ എച്ച്1ബി വിസ പദ്ധതിയിൽ സമൂല മാറ്റങ്ങൾ നിർദേശിച്ച് പുതിയ ബിൽ കോൺഗ്രസിൽ അവതരിപ്പിച്ചു. റിപ്പബ്ലിക്കൻ അംഗമായ ചിപ് റോയ് അവതരിപ്പിച്ച 'അമേരിക്കൻ വൈറ്റ്‌കോളർ വർക്കർ ജോബ്‌സ് ആക്ട് 2026' എന്ന ബിൽ എച്ച്1ബി വിസയെ സ്ഥിരതാമസത്തിലേക്കുള്ള വഴിയായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
അമേരിക്കയിൽ വിദഗ്ധ തൊഴിലാളികൾ ജോലി ചെയ്യാനും താമസിക്കാനും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംവിധാനങ്ങളിലൊന്നാണ് എച്ച്1ബി വിസ. നിലവിൽ ഈ വിസ കൈവശമുള്ളവരിൽ ഏകദേശം 70 ശതമാനവും ഇന്ത്യൻ വംശജരായതിനാൽ പുതിയ ബിൽ ഇന്ത്യൻ പ്രൊഫഷണലുകളെ വലിയ തോതിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിലെ ലോട്ടറി സംവിധാനത്തിന് പകരം യോഗ്യതയും ശമ്പളവും അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് രീതിയാണ് ബിൽ നിർദേശിക്കുന്നത്. അമേരിക്കൻ തൊഴിലാളികളെ ആദ്യം നിയമിക്കാൻ തൊഴിലുടമകൾ യഥാർഥ ശ്രമം നടത്തിയിരിക്കണമെന്നും, അടുത്തിടെ ജീവനക്കാരെ പിരിച്ചുവിട്ട സ്ഥാപനങ്ങൾക്ക് എച്ച്1ബി തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകരുതെന്നും ബില്ലിൽ പറയുന്നു.
എച്ച്1ബി വിസയുടെ പരമാവധി കാലാവധി നിലവിലെ ആറു വർഷത്തിൽ നിന്ന് രണ്ട് വർഷമാക്കി കുറയ്ക്കണമെന്നും ബിൽ നിർദേശിക്കുന്നു. കൂടാതെ ഗ്രീൻ കാർഡിനായി കാത്തിരിക്കുമ്പോൾ ലഭിക്കുന്ന വിസ ദീർഘിപ്പിക്കൽ ആനുകൂല്യങ്ങളും ഒഴിവാക്കാൻ നിർദേശമുണ്ട്. ഇതോടെ അമേരിക്കയിൽ ജോലി ചെയ്യുന്നതിനൊപ്പം സ്ഥിരതാമസത്തിനുള്ള നടപടികൾ തുടരാനുള്ള നിലവിലെ അവസരം ഇല്ലാതാകും.
വിദേശ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കിയ ശേഷം നിശ്ചിത കാലയളവിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) പദ്ധതിയും അവസാനിപ്പിക്കണമെന്നാണ് ബില്ലിലെ മറ്റൊരു നിർദേശം.
എച്ച്1ബി പദ്ധതി വർഷങ്ങളായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും അമേരിക്കൻ സാങ്കേതിക മേഖലയിലെ തൊഴിലാളികളെ മാറ്റിനിർത്തി കുറഞ്ഞ ചെലവിലുള്ള വിദേശ തൊഴിലാളികളെ നിയമിക്കാൻ ഇത് വഴിയൊരുക്കുന്നുവെന്നുമാണ് ബിൽ അവതരിപ്പിച്ച ചിപ്പ് റോയിയുടെ വാദം.
നിയമപരമായ കുടിയേറ്റ പദ്ധതികളിലും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കിടയിലാണ് പുതിയ ബിൽ കോൺഗ്രസിൽ എത്തിയത്. എച്ച്1ബി അപേക്ഷകൾക്ക് ഉയർന്ന ഫീസും കർശന മാനദണ്ഡങ്ങളും ഇതിനകം നടപ്പാക്കിയ സാഹചര്യത്തിൽ ബിൽ നിയമമായാൽ വിദേശ പ്രൊഫഷണലുകൾക്കും പ്രത്യേകിച്ച് ഇന്ത്യൻ ഐടി മേഖലയ്ക്കും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
എച്ച്1ബി വിസയ്ക്ക് കടുത്ത നിയന്ത്രണം നിർദേശിച്ച് പുതിയ ബിൽ; ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തിരിച്ചടിയായേക്കും
