വാഷിംഗ്ടൺ: ഇറാനുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണിയെക്കുറിച്ച് ശക്തമായ പ്രസ്താവന നടത്തി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഇറാനുമായി ബന്ധമുള്ള 'സ്ലീപ്പർ സെല്ലുകൾ' എവിടെയുണ്ടെന്ന വിവരം അമേരിക്കയ്ക്ക് അറിയാമെന്നും അവരെ കർശനമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച സൈനിക വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക ഇപ്പോൾ നല്ല സുരക്ഷാ നിലയിലാണെന്നും എല്ലാ നീക്കങ്ങളും ശ്രദ്ധയിൽപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്ക ഇറാനെതിരേ നടത്തിയ സൈനിക നീക്കത്തെ കുറിച്ചും ട്രംപ് പ്രതികരിച്ചു. 'ആദ്യ മണിക്കൂറിനുള്ളിൽ തന്നെ കാര്യങ്ങൾ തീർന്നുപോയി; അതിൽ അമേരിക്ക ജയിച്ചു,' എന്നാണ് അദ്ദേഹം അനുയായികളോട് പറഞ്ഞത്. എന്നാൽ ഇതിനെ പിന്തുണയ്ക്കുന്ന വ്യക്തമായ തെളിവുകൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
സൈനിക നടപടിക്ക് നൽകിയ പേരിനെ കുറിച്ചും ട്രംപ് വിശദീകരിച്ചു. നിരവധി പേരുകൾ മുന്നിൽവെച്ചിരുന്നുവെങ്കിലും അവയിൽ ഒന്നും ഇഷ്ടമായില്ലെന്നും ഒടുവിൽ തിരഞ്ഞെടുത്ത പേരാണ് ഇപ്പോഴത്തെ സൈനിക നീക്കത്തിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്ത് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കടലിൽ നങ്കൂരമിട്ട കപ്പലുകളിൽ നിന്ന് ഡ്രോൺ പറത്തി ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്ന വിവരമാണ് അന്വേഷണ ഏജൻസി സംസ്ഥാന പൊലീസിന് നൽകിയിരിക്കുന്നത്.
ഇറാനെതിരായ അമേരിക്കൻ സൈനിക നടപടിക്ക് പ്രതികാരമായി ഇത്തരത്തിലുള്ള അസാധാരണ ആക്രമണങ്ങൾ ഉണ്ടാകാമെന്ന ആശങ്കയിലാണ് മുന്നറിയിപ്പ് നൽകിയതെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനവും പ്രാദേശികവും ആയ നിയമസംരക്ഷണ വിഭാഗങ്ങൾ മുൻകരുതലെടുക്കുന്നതിനാണ് ഈ അറിയിപ്പ് നൽകിയതെന്നും അവർ വ്യക്തമാക്കി.
ഇറാന്റെ 'സ്ലീപ്പർ സെല്ലുകളെ ' കണ്ടെത്തിയെന്ന് ട്രംപ്; കടലിൽ നിന്നുള്ള ഡ്രോൺ ആക്രമണ ഭീഷണിയെന്ന് മുന്നറിയിപ്പ്
