ദീപാവലി ആഘോഷത്തിനുശേഷം മാലിന്യം തള്ളി; ന്യൂജേഴ്സിയില്‍ ഇന്ത്യക്കാരുടെ പൗരബോധത്തെച്ചൊല്ലി വിമര്‍ശനം

ദീപാവലി ആഘോഷത്തിനുശേഷം മാലിന്യം തള്ളി; ന്യൂജേഴ്സിയില്‍ ഇന്ത്യക്കാരുടെ പൗരബോധത്തെച്ചൊല്ലി വിമര്‍ശനം


ന്യൂജേഴ്സി: ദീപാവലി ആഘോഷങ്ങള്‍ക്കുശേഷം അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ഇന്ത്യക്കാര്‍ ഉപേക്ഷിച്ച മാലിന്യങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയാകുന്നു. ന്യൂജേഴ്സിയിലെ ജേണല്‍ സ്‌ക്വയറിന് സമീപമുള്ള ഇന്ത്യന്‍ സ്ട്രീറ്റില്‍ നിന്നുള്ളതെന്ന് പറയപ്പെടുന്ന ദൃശ്യങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.

ദീപാവലി ആഘോഷങ്ങള്‍ക്കുശേഷം തെരുവില്‍ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും ചിതറിക്കിടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവം സംബന്ധിച്ച വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച സന്ധ്യ എന്ന ഉപയോക്താവ്, 'ഇന്ത്യക്കാരിയാണെന്ന് പറയാന്‍ ലജ്ജ തോന്നുന്നു' എന്ന പ്രതികരണത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന ചില ഇന്ത്യക്കാരില്‍ പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിലുള്ള പൗരബോധത്തിന്റെ അഭാവമാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നു.

സ്വന്തം മാലിന്യം സ്വയം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം മറ്റാരുടെയോ ജോലിയാണെന്ന മനോഭാവമാണ് ഇതിനു പിന്നിലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ശുചീകരണ ജോലികള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ മാത്രം ഉത്തരവാദിത്തമായി കണ്ടിരുന്ന ജാതിവ്യവസ്ഥയുടെയും തൊഴില്‍ വിഭജനത്തിന്റെയും മനോഭാവം ഇതിനു പിന്നിലുണ്ടെന്നും വിമര്‍ശനമുണ്ട്. വിദേശരാജ്യങ്ങളിലേക്ക് കുടിയേറുമ്പോഴും ഇത്തരം മനോഭാവങ്ങള്‍ ചിലര്‍ കൈവിടുന്നില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.

പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന ചര്‍ച്ചയ്ക്കും സംഭവം വഴിവെച്ചിട്ടുണ്ട്.