വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുന്നതിനിടെ ആണവയുദ്ധ ഭീതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അമേരിക്കയുടെ 'ഡൂംസ്‌ഡേ' ആണവ കമാന്‍ഡ് വിമാനങ്ങള്‍ വിന്യസിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഈ നീക്കത്തിന് ഉത്തരവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് മേഖലയിലെ സംഘര്‍ഷം ശക്തമായത്. ആക്രമണത്തിന്റെ ആദ്യദിനം തന്നെ ഇറാന്റെ പരമാധികാരി അലി ഖംനേയി കൊല്ലപ്പെട്ടിരുന്നു.
ഇറാനിലെ യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കന്‍ നാവികസേനയുടെ തന്ത്രപ്രധാനമായ ആകാശ കമാന്‍ഡ് വിമാനമായ ബോയിംഗ് ഇ-6ബി മെര്‍ക്കുറി നിരവധി തവണ പറന്നതായി ഫ്‌ളൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ സൂചിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മാര്‍ച്ച് 2-ന് രണ്ട് വിമാനങ്ങള്‍ അമേരിക്കയ്ക്കു മുകളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഒന്ന് ഗള്‍ഫ് തീരപ്രദേശത്തു നിന്ന് പറന്ന് മേരിലാന്‍ഡിലെ നേവല്‍ എയര്‍ സ്‌റ്റേഷന്‍ പാറ്റുക്‌സന്റ് റിവറില്‍ ഇറങ്ങി. മറ്റൊന്ന് നെബ്രാസ്‌കയിലെ ഓഫ്കട്ട് എയര്‍ ഫോഴ്‌സ് ബേസില്‍ നിന്ന് പറന്നുയര്‍ന്ന് പിന്നീട് അവിടെത്തന്നെ തിരിച്ചിറങ്ങി.
തുടര്‍ന്ന് അറ്റ്‌ലാന്റിക് സമുദ്രം കടന്ന് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ ഇ-6ബി വിമാനങ്ങള്‍ പുറപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ഇതിനിടെ, കൊല്ലപ്പെട്ട ആയത്തുള്ള അലി ഖംനേയിയുടെ മകന്‍ മൊജ്തബ ഹുസൈനി ഖംനേയിയെ പുതിയ പരമോന്നത നേതാവായി ഇറാന്‍ നാമനിര്‍ദേശം ചെയ്തതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥ കൂടുതല്‍ ശക്തമായി.
ബോയിംഗ് ഇ-6ബി മെര്‍കുറി എന്ന വിമാനങ്ങളെ സാധാരണയായി 'ഡൂംസ്‌ഡേ പ്ലെയിന്‍സ്' എന്നാണ് വിളിക്കുന്നത്. ആണവയുദ്ധം പോലുള്ള അത്യാഹിത സാഹചര്യങ്ങളില്‍ ഭൂമിയിലെ കമാന്‍ഡ് കേന്ദ്രങ്ങള്‍ നശിച്ചാലും അമേരിക്കയ്ക്ക് തിരിച്ചടിയായി ആണവാക്രമണം നടത്താനുള്ള ശേഷി ഉറപ്പാക്കുകയാണ് ഇവയുടെ പ്രധാന ദൗത്യം.
ഇലക്ട്രോമാഗ്‌നറ്റിക് പള്‍സ് ആക്രമണങ്ങളെയും ചെറുക്കാന്‍ ശേഷിയുള്ള ഈ വിമാനങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റിനും സൈനിക നേതൃത്വത്തിനും അന്തിമ സുരക്ഷാ സംവിധാനമായി കണക്കാക്കപ്പെടുന്നു.
'ടേക്കോ' (ടകാമോ- ടേക്ക് ചാര്‍ജ് ആന്റ് മൂവ് ഔട്ട്) എന്ന ദൗത്യത്തിന്റെ ഭാഗമായി ഏകദേശം അഞ്ച് മൈല്‍ നീളമുള്ള ആന്റിന ഉപയോഗിച്ച് ആണവ സബ്മറീനുകളുമായി നേരിട്ട് ബന്ധപ്പെടാന്‍ ഇവയ്ക്ക് കഴിയും. കൂടാതെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ പോലും ആകാശത്തില്‍ നിന്ന് നിയന്ത്രിക്കാന്‍ ഈ വിമാനങ്ങള്‍ക്ക് കഴിവുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലുടനീളം അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും എംബസികള്‍ക്കും നേരെ ആക്രമണം തുടരുന്നതിനാല്‍ ആണവ സംഘര്‍ഷത്തിലേക്ക് സാഹചര്യം നീങ്ങുമോയെന്ന ആശങ്കയും ഉയരുകയാണ്.
ഇതിനിടെ ഇറാനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ചൈനയും റഷ്യയും സാഹചര്യം നിയന്ത്രണം വിട്ട് വലിയ യുദ്ധത്തിലേക്ക് നീങ്ങാമെന്ന് മുന്നറിയിപ്പ് നല്‍കി. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം മേഖലയില്‍ വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ സൈനികരുടെ നിലപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മോസ്‌കോ ഇറാനുമായി പങ്കുവച്ചതായും സൂചനകളുണ്ട്.
