വാഷിങ്ടണ്‍: അമേരിക്കയിലെ എച്ച്-1ബി വിസ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ഐ ടി മേഖലയെ മാത്രമല്ല, ഇന്ത്യന്‍ പ്രൊഫഷണലുകളെ ആശ്രയിച്ച് വളര്‍ന്ന പ്രാദേശിക സമ്പദ്വ്യവസ്ഥകളെയും പ്രതികൂലമായി ബാധിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ടെക്‌സസിലെ ഡാലസ്- ഫോര്‍ട്ട് വര്‍ത്ത് മേഖലയിലെ ഭവന വിപണിയില്‍ ഉണ്ടായിരിക്കുന്ന മാന്ദ്യം ഇതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഡാലസിന്റെ വടക്കന്‍ പ്രാന്തപ്രദേശങ്ങള്‍ ഗ്രാമീണ മേഖലയെന്ന നിലയില്‍ നിന്ന് സാങ്കേതിക വികസനത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറിയത് എച്ച്-1ബി വിസയില്‍ അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രൊഫഷണലുകളുടെ സാന്നിധ്യം മൂലമാണെന്നാണ് വിലയിരുത്തല്‍. വീടുകള്‍ വാങ്ങിയും വാടകയ്ക്ക് താമസിച്ചും നികുതി അടച്ചും പ്രാദേശിക ഉപഭോക്താക്കളായും അവര്‍ ഈ മേഖലയിലെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ കരുത്തായി.
2024 സെപ്റ്റംബര്‍ 30ന് അവസാനിച്ച നാല് വര്‍ഷത്തിനിടെ ഡാലസ് മേഖലയില്‍ മാത്രം 32,000-ത്തോളം പുതിയ എച്ച്-1ബി വിസ അനുമതികള്‍ ലഭിച്ചു. സിലിക്കണ്‍ വാലി, സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിങ്ടണ്‍ ഡി സി എന്നിവിടങ്ങളെ മറികടന്ന ഈ കണക്ക് ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ മേഖലയ്ക്ക് പിന്നിലാണ്.
ടെക്‌സസില്‍ നിലവില്‍ 5.44 ലക്ഷത്തിലധികം ഇന്ത്യന്‍ വംശജര്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 1.03 ലക്ഷത്തിലധികം പേര്‍ കോളിന്‍ കൗണ്ടിയിലാണ്. ഡാലസ്- ഫോര്‍ട്ട് വര്‍ത്ത് മേഖലയില്‍ ആകെ 2.35 ലക്ഷം ഇന്ത്യന്‍ അമേരിക്കക്കാര്‍ താമസിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഫ്രിസ്‌കോ നഗരത്തില്‍ ഏഷ്യന്‍ വംശജര്‍ ജനസംഖ്യയുടെ 28 ശതമാനമാണ്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് പൂജാമുറികളും പ്രത്യേക അടുക്കളകളും ഉള്‍പ്പെടുത്തി വീടുകള്‍ നിര്‍മ്മിക്കുന്ന പ്രവണത വരെ രൂപപ്പെട്ടിരുന്നു. ഫ്രിസ്‌കോ, പ്രോസ്പര്‍, സെലീന തുടങ്ങിയ നഗരങ്ങളെ പ്രാദേശികമായി 'ഡാലസ്പുരം' എന്ന് വിശേഷിപ്പിക്കാനും തുടങ്ങി.
എന്നാല്‍ കുടിയേറ്റ വിരുദ്ധ നിലപാടുകളും ജനകീയ രാഷ്ട്രീയത്തിന്റെ സ്വാധീനവും ഈ സാഹചര്യത്തില്‍ വലിയ മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. ട്രംപ് ഭരണകൂടം 2025 സെപ്റ്റംബറില്‍ പുതിയ എച്ച്-1ബി അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് നിര്‍ബന്ധമാക്കി. കൂടാതെ, നറുക്കെടുപ്പ് അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് രീതി അവസാനിപ്പിച്ച് ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്ന സംവിധാനം 2026 ഫെബ്രുവരിയില്‍ നിലവില്‍ വന്നു.
ഇതിന്റെ ഫലമായി 2027 സാമ്പത്തിക വര്‍ഷത്തേക്കുള്ള എച്ച്-1ബി രജിസ്‌ട്രേഷനുകള്‍ 38.5 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഐ ടി കമ്പനികള്‍ അപേക്ഷകളുടെ എണ്ണം ഗണ്യമായി കുറച്ചതായും സൂചനകളുണ്ട്.
അതേസമയം, ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് സംസ്ഥാന ഏജന്‍സികള്‍ക്കും പൊതുസര്‍വകലാശാലകള്‍ക്കും പുതിയ എച്ച്-1ബി അപേക്ഷകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി. സംസ്ഥാന അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റണ്‍ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.
ഇന്ത്യന്‍ പ്രൊഫഷണലുകളുടെ വരവ് കുറഞ്ഞതോടെ ടെക്‌സസിലെ ചില പ്രദേശങ്ങളിലെ ഭവന വിപണിയും പ്രതിസന്ധിയിലായി. കോളിന്‍ കൗണ്ടിയുടെ വടക്കന്‍ മേഖലകളില്‍ വീടുകളുടെ വില ഒരു വര്‍ഷത്തിനിടെ ഏകദേശം ഒമ്പത് ശതമാനം ഇടിഞ്ഞു. ഡാലസ്-ഫോര്‍ട്ട് വര്‍ത്ത് മേഖലയിലെ മൊത്തത്തിലുള്ള നാല് ശതമാനം ഇടിവിനേക്കാള്‍ ഇരട്ടിയിലധികമാണിത്.
ഡാലസിന് വടക്കുള്ള ട്രഡിഷന്‍ ഹോംസ് എന്ന നിര്‍മാണ കമ്പനിയുടെ വില്‍പ്പനയില്‍ ദക്ഷിണേഷ്യന്‍ ഉപഭോക്താക്കളുടെ വിഹിതം 70 ശതമാനത്തില്‍ നിന്ന് 30 ശതമാനത്തില്‍ താഴെയായി. ഇതോടെ 125 ആഡംബര വീടുകള്‍ പൂര്‍ത്തിയാകാതെ കിടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട തൊഴില്‍ നഷ്ടങ്ങളും വിസ നിയന്ത്രണങ്ങളും ചേര്‍ന്ന് ഈ മേഖലയിലെ ഭവന ആവശ്യകതയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ഇതിനിടെ, ഇന്ത്യന്‍ വംശജര്‍ക്കെതിരായ വംശീയ വിദ്വേഷ പ്രചാരണങ്ങളും വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 2025-ല്‍ ഇര്‍വിങ്ങില്‍ നടന്ന പ്രതിഷേധത്തില്‍ 'ഞങ്ങളുടെ ടെക്‌സസിനെ ഇന്ത്യയാക്കരുത്; എച്ച്-1ബി തട്ടിപ്പുകാരെ നാടുകടത്തുക' എന്ന മുദ്രാവാക്യങ്ങളടങ്ങിയ ബോര്‍ഡുകളുമായി മുഖംമൂടി ധരിച്ച പ്രതിഷേധക്കാര്‍ രംഗത്തെത്തി.
ഫ്രിസ്‌കോ സിറ്റി കൗണ്‍സില്‍ യോഗങ്ങളില്‍ 'ഇന്ത്യന്‍ അധിനിവേശം' എന്ന ആരോപണവും തെളിവുകളില്ലാതെ എച്ച്-1ബി തട്ടിപ്പിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും പതിവായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2024-ല്‍ പ്ലാനോ നഗരത്തില്‍ ദക്ഷിണേഷ്യന്‍ വംശജരായ സ്ത്രീകള്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ കേസില്‍ ഒരു സ്ത്രീ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
ടെക്‌സസിലെ വടക്കന്‍ പ്രാന്തപ്രദേശങ്ങളുടെ വളര്‍ച്ചയില്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിലും ഭവന വിപണിയെ സജീവമാക്കുന്നതിലും സ്‌കൂളുകളുടെയും പ്രാദേശിക ബിസിനസുകളുടെയും വളര്‍ച്ചയ്ക്കും ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകള്‍ ശ്രദ്ധേയമായിരുന്നു.
എന്നാല്‍ രാഷ്ട്രീയ തീരുമാനങ്ങളും കുടിയേറ്റ നയങ്ങളിലെ അനിശ്ചിതത്വവും വംശീയ ആക്രമണങ്ങളും ഈ നിക്ഷേപത്തെ പിന്തിരിപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്.
ടെക്‌സസ് ഇന്ന് അമേരിക്കയ്ക്ക് ഒരു മുന്നറിയിപ്പായി മാറുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രൊഫഷണല്‍ വിസകളില്‍ രാജ്യത്തെത്തുന്ന വിദഗ്ധര്‍ക്ക് സുരക്ഷിതത്വവും സ്ഥിരതയും സ്വാഗതാര്‍ഹമായ അന്തരീക്ഷവും ഉറപ്പാക്കാനായില്ലെങ്കില്‍ പ്രാദേശിക സമ്പദ്വ്യവസ്ഥകള്‍ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
