തെഹ്‌റാന്‍- വാഷിംഗ്ടണ്‍ ചര്‍ച്ചകള്‍ക്ക് വാന്‍സ് പാകിസ്ഥാനിലേക്ക്

തെഹ്‌റാന്‍- വാഷിംഗ്ടണ്‍ ചര്‍ച്ചകള്‍ക്ക് വാന്‍സ് പാകിസ്ഥാനിലേക്ക്


വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ തെഹ്റാനും വാഷിംഗ്ടണും തമ്മിലുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പാകിസ്ഥാനിലേക്ക് പോയി. അമേരിക്ക, ഇസ്രായേല്‍, ഇറാന്‍ എന്നിവ തമ്മില്‍ നടന്ന സംഘര്‍ഷം അവസാനിപ്പിച്ച് താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് ശാശ്വത സമാധാനത്തിനായി തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് വേദി ഒരുങ്ങുന്നത്. യുദ്ധത്തെ തുടര്‍ന്ന് എണ്ണവില ബാരലിന് 100 ഡോളറിനു മുകളില്‍ കുതിച്ചുയര്‍ന്നതോടെ പ്രാദേശിക സമ്പദ്വ്യവസ്ഥകള്‍ക്കും ആഗോള വളര്‍ച്ചാ സാധ്യതകള്‍ക്കും കനത്ത പ്രഹരമാണുണ്ടായത്. 

ഇസ്ലാമാബാദ് ആസ്ഥാനമായ ചര്‍ച്ചകളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഇരുപക്ഷവും പരസ്പരം സംശയാസ്പദമായാണ് കാര്യങ്ങള്‍ കാണുന്നത്. ലെബനനില്‍ ഇസ്രായേല്‍ ബോംബിടുന്നത് നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെ വെടിനിര്‍ത്തലിന്റെ പ്രധാന വശങ്ങള്‍ ഇപ്പോഴും തര്‍ക്കത്തിലാണ്. ലെബനനില്‍ ഇസ്രായേല്‍ പ്രതിരോധ സേന ആക്രമണം തുടര്‍ന്നാല്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറുമെന്ന് തെഹ്റാന്‍ ഭീഷണിപ്പെടുത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വെടിനിര്‍ത്തല്‍ നിബന്ധനകളുടെ പരസ്പരവിരുദ്ധമായ വ്യാഖ്യാനങ്ങളില്‍ നിന്നാണ് ആശയക്കുഴപ്പം ഉടലെടുത്തത്. ലെബനനിലെ ശത്രുത അവസാനിപ്പിക്കുന്നത് കരാറിന്റെ ഭാഗമാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എക്സില്‍ പോസ്റ്റ് ചെയ്തു. 

ഇസ്രായേല്‍ ആക്രമണം തുടരുന്നിടത്തോളം കാലം ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് തെഹ്റാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്ലാമാബാദിലെ ചര്‍ച്ചകളുടെ യു എസ് പ്രതിനിധി സംഘത്തെ ജെ ഡി വാന്‍സാണ് നയിക്കുന്നത്. പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നറും സംഘത്തിലുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

പാകിസ്ഥാനിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത വാന്‍സ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇറാന്‍ ചര്‍ച്ചകളെ നല്ല രീതിയില്‍ സമീപിച്ചാല്‍ ക്രിയാത്മക ഇടപെടലിന് വാഷിംഗ്ടണ്‍ തയ്യാറാണെന്ന് പറഞ്ഞു. ചര്‍ച്ചയ്ക്കായ ആകാംക്ഷയോടെ കാത്തിരിക്കുകയാണെ്‌നും ക്രിയാത്മകമായിരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചര്‍ച്ചാ മേശയില്‍ ഇറാന്‍ കളിക്കാന്‍ ശ്രമിച്ചാല്‍ വാഷിംഗ്ടണ്‍ സ്വീകരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

ആദ്യ റൗണ്ട് ചര്‍ച്ചകള്‍ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ നടക്കും.