വാഷിംഗ്ടണ്‍: ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ നയതന്ത്ര മാര്‍ഗ്ഗത്തിലൂടെ പരിഹരിക്കണമെന്നാണ് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇപ്പോഴും ആഗ്രഹിക്കുന്നതെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യക്തമാക്കി. വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചകളില്‍ ഇറാന്‍ അതിനെ ഗൗരവമായി കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫോക്‌സ് ന്യൂസിന്റെ അമേരിക്കാസ് ന്യൂസ് റൂം പരിപാടിയില്‍ സംസാരിച്ച വാന്‍സ് ഇറാന്‍ ആണവായുധം കൈവശം വയ്ക്കാന്‍ പാടില്ലെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. ആ ലക്ഷ്യം നയതന്ത്രപരമായി കൈവരിക്കാനാണ് ശ്രമം. എന്നാല്‍ ആവശ്യമായാല്‍ മറ്റ് മാര്‍ഗങ്ങളും അമേരിക്കയ്ക്ക് ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്ക- ഇറാന്‍ പ്രതിനിധി സംഘം വ്യാഴാഴ്ച ജനീവയില്‍ ഇറാന്റെ ആണവപരിപാടിയെക്കുറിച്ച് മൂന്നാംഘട്ട ചര്‍ച്ച നടത്താനിരിക്കുകയാണ്.
ഇറാന്‍ പരമോന്നത നേതാവ് അലി ഖംനേയ് രാജിവെക്കണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വാന്‍സ് മറുപടി നല്‍കാന്‍ വിസമ്മതിച്ചു.
ഇറാനുമായുള്ള മറ്റൊരു നയതന്ത്ര ചര്‍ച്ചയ്ക്കാണ് ഇരിക്കുന്നതെന്നും യുക്തിസഹമായ ഒരു കരാറിലെത്തുകയാണ് ലക്ഷ്യമെന്നും വാന്‍സ് പറഞ്ഞു.
