എച്ച് 1 ബി വിസയ്ക്ക് കർശന നിയന്ത്രണങ്ങൾ; മൂന്നു വർഷം നിർത്തിവയ്ക്കാൻ യുഎസിൽ ബിൽ

എച്ച് 1 ബി വിസയ്ക്ക് കർശന നിയന്ത്രണങ്ങൾ; മൂന്നു വർഷം നിർത്തിവയ്ക്കാൻ യുഎസിൽ ബിൽ


വാഷിംഗ്്ടൺ : യുഎസിലെ തൊഴിലവസരങ്ങളിൽ സ്വദേശികൾക്ക് മുൻഗണന നൽകുന്നതിനായി എച്ച് 1 ബി വിസ പദ്ധതിയിൽ വൻ മാറ്റങ്ങൾ നിർദേശിച്ച് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ബിൽ അവതരിപ്പിച്ചു. എലി ക്രെയിൻ അവതരിപ്പിച്ച 'എച്ച്1ബി വിസ ദുരുപയോഗം തടയൽ നിയമം 2026' പ്രകാരം ഈ പദ്ധതി മൂന്നു വർഷത്തേക്ക് നിർത്തിവയ്ക്കാനുള്ള നിർദേശവും ഉൾപ്പെടുന്നു.

നിലവിലെ വിസ സംവിധാനത്തിൽ സമഗ്രമായ പരിഷ്‌കരണം ലക്ഷ്യമിട്ടുള്ള ബില്ലിന് നിരവധി അംഗങ്ങൾ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ വർഷംതോറും അനുവദിക്കുന്ന 65,000 വിസകളുടെ എണ്ണം 25,000 ആയി കുറയ്ക്കുക എന്നതാണ് പ്രധാന നിർദേശം. കൂടാതെ, കുറഞ്ഞ ശമ്പള പരിധി വർഷം 2 ലക്ഷം ഡോളറായി ഉയർത്തണമെന്നും ബിൽ പറയുന്നു.

എച്ച് 1 ബി വിസയിലൂടെ യുഎസിലെത്തുന്നവർക്ക് കുടുംബാംഗങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നതിനും വിലക്ക് ഏർപ്പെടുത്താനാണ് നിർദേശം. ഇതോടൊപ്പം, ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിനും നിയന്ത്രണങ്ങൾ വരുത്തും.

ഇപ്പോൾ നിലവിലുള്ള ലോട്ടറി സമ്പ്രദായത്തിന് പകരം ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് സംവിധാനം കൊണ്ടുവരാനും ബിൽ ലക്ഷ്യമിടുന്നു. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മുമ്പ്, യോഗ്യതയുള്ള യുഎസ് പൗരന്മാരെ കണ്ടെത്താനായില്ലെന്നും അടുത്തിടെ പിരിച്ചുവിടലുകൾ നടത്തിയിട്ടില്ലെന്നും തൊഴിലുടമകൾ ഉറപ്പുനൽകണം എന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, എച്ച് 1 ബി വിസയിലുള്ളവർക്ക് ഒന്നിലധികം ജോലികൾ ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും, തേർഡ് പാർട്ടി സ്റ്റാഫിങ് ഏജൻസികൾ വഴി നിയമനം നൽകുന്നത് നിരോധിക്കുകയും ചെയ്യുന്നതാണ് മറ്റ് നിർദേശങ്ങൾ. വിദ്യാർത്ഥികൾക്ക് ജോലി പരിചയം നേടാൻ സഹായിക്കുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (OPT) പദ്ധതി അവസാനിപ്പിക്കണമെന്നും ബിൽ നിർദേശിക്കുന്നു.

വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികൾ വ്യാപകമായി ഉപയോഗിക്കുന്ന പ്രധാന മാർഗമാണ് എച്ച്1ബി വിസ. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യക്കാരായതിനാൽ, ഈ ബിൽ നിയമമായാൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.