വാഷിംഗ്ടൺ: അടിസ്ഥാന പലിശ നിരക്ക് കാൽ ശതമാനമായി വെട്ടിക്കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് . 4.25-4.50 ശതമാനത്തിൽ നിന്ന് പലിശനിരക്ക് 4.00-4.25 ശതമാനമായി. 2024 ഡിസംബറിൽ സെൻട്രൽ ബാങ്ക് നിരക്കുകൾ 25 ബേസിസ് പോയിന്റുകൾ കുറച്ചതിനുശേഷം ഇത് ആദ്യത്തെ ഫെഡ് നിരക്ക് കുറയ്ക്കലായിരുന്നു. ഒന്നിനെതിരെ 11 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. വിയോജിപ്പ് പ്രകടിപ്പിച്ചത് സ്റ്റീഫൻ മിറാൻ മാത്രമാണ്.
'ഫെഡറൽ ഫണ്ട് നിരക്കിന്റെ ലക്ഷ്യ പരിധി 1/4 ശതമാനം പോയിന്റ് കുറച്ച് 4 മുതൽ 41/4 ശതമാനമാക്കാൻ കമ്മിറ്റി തീരുമാനിച്ചു. ഫെഡറൽ ഫണ്ട് നിരക്കിന്റെ ലക്ഷ്യ ശ്രേണിയിൽ കൂടുതൽ ക്രമീകരണങ്ങൾ പരിഗണിക്കുമ്പോൾ നിലവിലെ സാഹചര്യം കമ്മിറ്റി ശ്രദ്ധാപൂർവ്വം വിലയിരുത്തി' എന്ന് യുഎസ് ഫെഡ് വ്യക്തമാക്കി. ട്രഷറി സെക്യൂരിറ്റികൾ, ഏജൻസി കടം, ഏജൻസി മോർട്ട്‌ഗേജ് പിന്തുണയുള്ള സെക്യൂരിറ്റികൾ എന്നിവയുടെ ഹോൾഡിങ്ങുകൾ കുറയ്ക്കുന്നത് തുടരുമെന്ന് സെൻട്രൽ ബാങ്ക് കൂട്ടിച്ചേർത്തു.
യുഎസിൽ വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാർഡ് പലിശയും കുറയാൻ സഹായിക്കുന്നതാണ് തീരുമാനം. ഒൻപത് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. പലിശനിരക്ക് വെട്ടിക്കുറയ്ക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
വർഷത്തിന്റെ ആദ്യ പകുതിയിൽ സാമ്പത്തിക പ്രവർത്തനങ്ങളുടെ വളർച്ച മിതമായതായി സമീപകാല സൂചകങ്ങൾ സൂചിപ്പിക്കുന്നുവെന്ന് ജെറോം പവൽ അധ്യക്ഷനായ യുഎസ് ഫെഡറൽ റിസർവ് പറഞ്ഞു. തൊഴിൽ നേട്ടങ്ങൾ മന്ദഗതിയിലായി, തൊഴിലില്ലായ്മ നിരക്ക് വർധിച്ചു. പണപ്പെരുപ്പം ഒരു പരിധിവരെ ഉയരുകയും ചെയ്തുവെന്ന് ഫെഡറൽ റിസർവ് വ്യക്തമാക്കി.
ജൂലൈയിൽ 4.2 ശതമാനമായിരുന്ന യുഎസിലെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിൽ 4.3 ശതമാനമായി ഉയർന്നു. 2025 ജൂലൈയിലെ 79,000 തൊഴിലവസരങ്ങളിൽ നിന്ന് ഓഗസ്റ്റിൽ 22,000 തൊഴിലവസരങ്ങൾ കുത്തനെ കുറഞ്ഞു. കൂടാതെ, മാർച്ച് വരെയുള്ള 12 മാസത്തിനുള്ളിൽ യുഎസ് സമ്പദ്‌വ്യവസ്ഥ മുൻപ് കണക്കാക്കിയതിനേക്കാൾ 9,11,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
യുഎസ് ജിഡിപി ഈ വർഷം 1.6 ശതമാനവും 2026 ൽ 1.8 ശതമാനവും 2027 ൽ 1.9 ശതമാനവും ഉയരുമെന്നാണ് വിലയിരുത്തൽ. ഇത് ജൂണിൽ പ്രവചിച്ചതിനേക്കാൾ അല്പം ശക്തമാണ്. ജിഡിപി വർഷത്തിന്റെ ആദ്യ പകുതിയിൽ ഏകദേശം ഒന്നര ശതമാനം വേഗതയിൽ വർധിച്ചു. കഴിഞ്ഞ വർഷത്തെ 2.5 ശതമാനത്തിൽ നിന്നാണ് മാറ്റമുണ്ടായത്.
ഫെഡറൽ റിസർവ് ചെയർമാനായി ജെറോം പവലിന്റെ കാലാവധി 2026 മെയ് മാസത്തിൽ അവസാനിക്കും. ഈ സ്ഥാനത്തേക്ക് പ്രസിഡന്റ് ട്രംപ് തന്റെ അനുയായികളെ കണ്ടുവച്ചിരിക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ്, ഫെഡറൽ റിസർവ് ഗവർണർ കെവിൻ വാർഷ്, ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വാലർ എന്നിവരുടെ പേരുകളാണ് പദവിയിലേക്ക് ഉയർന്നുകേൾക്കുന്നത്.
അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ്
