യു എസ്- ക്യൂബ സൈനിക മേധാവികള്‍ കൂടിക്കാഴ്ച നടത്തി

യു എസ്- ക്യൂബ സൈനിക മേധാവികള്‍ കൂടിക്കാഴ്ച നടത്തി


ഹവാന: അമേരിക്കയും ക്യൂബയും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇരു രാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഗ്വാണ്ടനാമോ ബേയില്‍ കൂടിക്കാഴ്ച നടത്തി. ക്യൂബന്‍ ഭൂവിഭാഗത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ നാവിക താവളത്തിലാണ് ചര്‍ച്ച നടന്നത്.

അമേരിക്കന്‍ സതേണ്‍ കമാന്‍ഡിന്റെ മേധാവികളിലൊരാളായ ഫ്രാന്‍സിസ് ഡൊണോവന്‍, ക്യൂബന്‍ ജനറല്‍ റോബര്‍ട്ടോ ലെഗ്‌റ സോറ്റോലോംഗോയുമായി കൂടിക്കാഴ്ച നടത്തി. പ്രവര്‍ത്തന സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് സതേണ്‍ കമാന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കൂടിക്കാഴ്ചയുടെ ചിത്രം സതേണ്‍ കമാന്‍ഡ് പുറത്തുവിട്ടു.

അമേരിക്ക ആക്രമണം നടത്തിയാല്‍ ഗ്വാണ്ടനാമോ താവളത്തിനെതിരെ ഡ്രോണ്‍ ആക്രമണം നടത്തുന്നതുള്‍പ്പെടെയുള്ള സാധ്യതകള്‍ ക്യൂബന്‍ അധികൃതര്‍ പരിഗണിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്. ഇത് മേഖലയിലെ ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

സന്ദര്‍ശനത്തിനിടെ ജനറല്‍ ഡോണവന്‍ താവളത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുകയും സൈനികരുടെ സുരക്ഷ, പ്രതിരോധ സജ്ജത, പ്രവര്‍ത്തനക്ഷമത തുടങ്ങിയ വിഷയങ്ങള്‍ ക്യൂബന്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു.

മിയാമിയില്‍ നിന്ന് ഏകദേശം 700 കിലോമീറ്റര്‍ അകലെയാണ് ഗ്വാണ്ടനാമോ ബേ സ്ഥിതി ചെയ്യുന്നത്. 2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം തടവിലാക്കപ്പെട്ട ഭീകരരെന്ന് സംശയിക്കുന്നവരുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘന ആരോപണങ്ങളിലൂടെ ലോകശ്രദ്ധ നേടിയ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലൊന്നാണ് ഇത്.

രേഖകളില്ലാത്ത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ തടങ്കല്‍ കേന്ദ്രമായി ഗ്വാണ്ടനാമോയുടെ ഉപയോഗം വിപുലീകരിക്കാനുള്ള പദ്ധതികളും മുമ്പ് പ്രഖ്യാപിച്ചിരുന്നു.

അമേരിക്കന്‍ ഭൂഖണ്ഡത്തിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ജനാധിപത്യത്തിനും ഭീഷണിയാകുന്ന ഘടകങ്ങളെ ചെറുക്കാനുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സുപ്രധാന പ്രവര്‍ത്തന- ലോജിസ്റ്റിക് കേന്ദ്രമാണ് ഗ്വാണ്ടനാമോ ബേ നാവിക താവളമെന്ന് അമേരിക്കന്‍ സതേണ്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

ജനുവരിയില്‍ അമേരിക്ക ക്യൂബയ്ക്കെതിരെ ഏര്‍പ്പെടുത്തിയ ഊര്‍ജ ഉപരോധവും വര്‍ധിച്ചുവരുന്ന രാഷ്ട്രീയ ഭിന്നതകളും ഹവാനയും വാഷിങ്ടണും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.

ഇതിനിടെ, മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ 1996-ലെ ഒരു സംഭവവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കുറ്റപത്രം ഫ്‌ളോറിഡയിലെ കോടതി പുറത്തുവിട്ടതും സംഘര്‍ഷം വര്‍ധിപ്പിച്ചിട്ടുണ്ട്.

ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ക്യൂബന്‍ നേതൃത്വത്തിന് മേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദത്തിന്റെ ഭാഗമാണെന്നും ക്യൂബന്‍ അധികൃതര്‍ ആരോപിക്കുന്നു. ക്യൂബയ്ക്കെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ വാഷിങ്ടണ്‍ ആലോചിക്കുന്നുവെന്ന ആശങ്കകള്‍ക്കിടയില്‍ ഈ കുറ്റപത്രം ഹവാന കൂടുതല്‍ ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നതിനുള്ള കാരണമായി മാറാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.