ലോസ് ആഞ്ചലസ്: അമേരിക്കയില്‍ നിന്ന് കാനഡയിലേക്ക് നൂറുകണക്കിന് കിലോഗ്രാം മെത്താംഫെറ്റമിനും കൊക്കെയിനും കടത്തിയ അന്തര്‍ദേശീയ മയക്കുമരുന്ന് ശൃംഖലയുടെ തലവനായി കണ്ടെത്തപ്പെട്ട കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ബ്രാംപ്ടണ്‍ സ്വദേശിയായ ഗുരംറിത് സിദ്ധു(63)യ്ക്ക് അമേരിക്കന്‍ ഫെഡറല്‍ കോടതി 20 വര്‍ഷം തടവുശിക്ഷ വിധിച്ചു.
അമേരിക്കന്‍ ജില്ലാ ജഡ്ജിയായ ജോണ്‍ എ ക്രോണ്‍സ്റ്റാഡ് ആണ് ശിക്ഷ വിധിച്ചത്. സിദ്ധു 2026 മാര്‍ച്ചില്‍ കണ്ടിന്യൂയിംഗ് ക്രിമിനല്‍ എന്റര്‍പ്രൈസ് കുറ്റം സമ്മതിച്ചിരുന്നു. 2024 ഒക്ടോബര്‍ മുതല്‍ അദ്ദേഹം ഫെഡറല്‍ കസ്റ്റഡിയിലായിരുന്നു.
2022 സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏകദേശം ഒരു മാസത്തിനിടെ 523 കിലോഗ്രാം മെത്താംഫെറ്റമിനും 347 കിലോഗ്രാം കൊക്കെയിനും ഉള്‍പ്പെടെ ആകെ 850 കിലോഗ്രാമിലധികം മയക്കുമരുന്ന് അമേരിക്കയില്‍ നിന്ന് കാനഡയിലേക്ക് കടത്താന്‍ സിദ്ധു നേതൃത്വം നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൊത്തവില 15 മുതല്‍ 17 മില്യണ്‍ ഡോളര്‍ വരെയാണെന്ന് അധികൃതര്‍ അറിയിച്ചു.
അമേരിക്കയില്‍ നിന്ന് ദീര്‍ഘദൂര ട്രക്കുകള്‍ ഉപയോഗിച്ച് മയക്കുമരുന്ന് കാനഡയിലേക്ക് കടത്തുകയും തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ഈ കേസില്‍ സിദ്ധുവിനെ ഉള്‍പ്പെടെ നിരവധി പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും മറ്റ് പ്രതികള്‍ക്ക് 27 മാസം മുതല്‍ 108 മാസം വരെ തടവുശിക്ഷ ലഭിച്ചതായും യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
