റഷ്യന്‍ എണ്ണ വാങ്ങാനുള്ള ഇളവ് പുതുക്കില്ലെന്ന് യു എസ്

റഷ്യന്‍ എണ്ണ വാങ്ങാനുള്ള ഇളവ് പുതുക്കില്ലെന്ന് യു എസ്


വാഷിംഗ്ടണ്‍: യു എസ്- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണയുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് റഷ്യന്‍ എണ്ണ വാങ്ങാന്‍ ലോകരാജ്യങ്ങള്‍ക്കു നല്‍കിയ ഇളവ് ഇനി പുതുക്കില്ലെന്ന് അമേരിക്ക. ഇളവ് ഇതിനകം അവസാനിച്ചതായി യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി.

കടലില്‍ കുടുങ്ങിയ കപ്പലുകളില്‍ നിന്നുള്ള റഷ്യന്‍ എണ്ണ വാങ്ങാനായിരുന്നു ലോക രാജ്യങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നത്. ഇതിലൂടെ റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് സ്‌കോട്ട് ബെസെന്റ് നേരത്തെ വ്യക്തമാക്കിയത്. ഹോര്‍മൂസ് കടലിടുക്കിലുള്‍പ്പടെ പ്രതിസന്ധിയുണ്ടാക്കി ആഗോള ഊര്‍ജ വിപണിയെ ഇറാന്‍ ബന്ദിയാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ആ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനാണ് താത്ക്കാലിക നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യു എസ് ട്രഷറി സെക്രട്ടറി പറഞ്ഞു. ഇറാനിയന്‍ എണ്ണയ്ക്ക് നല്‍കിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രില്‍ 19ന് അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.