വിശാല ഇന്ത്യയുടെ ഭൂപടം യു എസ് പിന്‍വലിച്ചു

വിശാല ഇന്ത്യയുടെ ഭൂപടം യു എസ് പിന്‍വലിച്ചു


വാഷിങ്ടണ്‍: ഇന്ത്യ- യു എസ് വ്യാപാര കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുറത്തു വിട്ട പാക് അധിനിവേശ കശ്മീര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ഭൂപടം ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്ക പിന്‍വലിച്ചു.

പാക് അധിനിവേശ കശ്മീരും അക്‌സായ് ചിന്നും ഇന്ത്യയുടെ ഭാഗമെന്നു കാണിച്ച് അമേരിക്കന്‍ വ്യാപാര പ്രതിനിധിയുടെ ഓഫീസ് (യു എസ് ടി ആര്‍) പുറത്തിറക്കിയ ഭൂപടമാണ് പിന്‍വലിച്ചത്. ഭൂപടം പ്രസിദ്ധീകരിച്ച അമേരിക്കന്‍ നിലപാട് അതിര്‍ത്തി വിഷയത്തില്‍ മുന്‍ നിലപാടില്‍ നിന്നുള്ള വലിയ മാറ്റമെന്നായിരുന്നു വിദഗ്ധ നിരീക്ഷണം. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ യു എസ് ഈ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു.

അമേരിക്ക ഉപയോഗിച്ച് വന്നിരുന്ന ഭൂപടങ്ങളില്‍ സാധാരണയായി പാക് അധിനിവേശ കശ്മീരിനെ പ്രത്യേകമായാണ് രേഖപ്പെടുത്താറുള്ളത്. എന്നാല്‍ കഴിഞ്ഞ ആഴ്ച പുറത്തു വിട്ട ഭൂപടത്തില്‍ തര്‍ക്ക പ്രദേശങ്ങളെയെല്ലാം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലായിട്ടാണ് കാണിച്ചിരുന്നത്.

ഇത് ഉഭയകക്ഷി ബന്ധങ്ങളിലെ വന്‍ മാറ്റമാണോ എന്ന ചോദ്യം ഉയര്‍ത്തിയിരുന്നു. ഇതിനിടെയാണ് യു എസ് ട്രേഡ് പ്രതിനിധിയുടെ ഓഫീസ് തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ നിന്ന് ഭൂപട പോസ്റ്റ് പൂര്‍ണമായും നീക്കം ചെയ്തത്. ഇന്ത്യയ്‌ക്കെതിരെയുള്ള തീരുവ 18 ശതമാനമായി കുറച്ചു കൊണ്ടുള്ള തീരുമാനം അമേരിക്ക പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇത്തരത്തിലൊരു ഭൂപടം പോസ്റ്റ് ചെയ്തതും വ്യാപകമായ ചര്‍ച്ചകള്‍ നടന്നതും.