വിസ തട്ടിപ്പ് കേസില്‍ യുഎസില്‍ പിടിയിലായ നാല് ഇന്ത്യാക്കാര്‍ക്കെതിരെ കുറ്റം ചുമത്തി

വിസ തട്ടിപ്പ് കേസില്‍ യുഎസില്‍ പിടിയിലായ നാല് ഇന്ത്യാക്കാര്‍ക്കെതിരെ കുറ്റം ചുമത്തി


വാഷിംഗ്ടണ്‍: വ്യാജ കവര്‍ച്ചകള്‍ ആസൂത്രണം ചെയ്യുകയും അതുവഴി ഇരകളെന്ന വ്യാജേന അമേരിക്കന്‍ സര്‍ക്കാര്‍ അനുവദിക്കുന്ന പ്രത്യേക യു വിസകള്‍ കൈക്കലാക്കാനും ശ്രമിച്ച സംഭവത്തില്‍ കേസുമായി ബന്ധപ്പെട്ട് പിടിയിലായ നാല് ഇന്ത്യാക്കരടക്കം ആറ് പ്രതികള്‍ക്കെതിരെ ഫെഡറല്‍ കോടതി ഗൂഢാലോചനയക്കമുള്ള കുറ്റം ചുമത്തി. ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലുമായി യു വിസയുടെ പേരില്‍ തട്ടിപ്പ് നടത്തിയതിനാണ് നാല് ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ഫെഡറല്‍ കോടതി വെള്ളിയാഴ്ച കുറ്റം ചുമത്തിയത്.

ഭിഖാഭായ് പട്ടേല്‍, നിലേഷ് പട്ടേല്‍, രവിനബെന്‍ പട്ടേല്‍, രജനി കുമാര്‍ പട്ടേല്‍ എന്നിവര്‍ക്കും പാര്‍ത്ഥ് നായി, കെവോംഗ് യംഗ് എന്നിവര്‍ക്കെതിരായാണ് കോടതി കുറ്റം ചുമത്തിയത്. പാര്‍ത്ഥ് നായിയെയും കെവോംഗ് യംഗിനെയും ഇരകളായി ചിത്രീകരിച്ചുകൊണ്ടാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. ചില ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഇരകളായവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക സഹായ പദ്ധതിയാണ് യു വിസ. ഇതാണ് പ്രതികള്‍ വ്യാജമായി നേടാന്‍ ശ്രമിച്ച് പിടിയിലായത്.

വ്യാജ കവര്‍ച്ചകള്‍ പ്ലാന്‍ ചെയ്താണ് ഇവര്‍ യു വിസ സ്വന്തമാക്കാന്‍ ശ്രമിച്ചത്. യു വിസ തട്ടിപ്പില്‍ പങ്കാളിയാകാന്‍ നാല് പേര്‍ ചേര്‍ന്ന് പാര്‍ത്ഥ് നയിയ്ക്ക് ആയിരക്കണക്കിന് ഡോളര്‍ നല്‍കിയതായി കുറ്റപത്രത്തില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. കവര്‍ച്ച നാടകം ഒരുക്കി കൊള്ളക്കാരായി ചിലര്‍ അഭിനയിച്ചുകൊണ്ടാണ് തട്ടിപ്പ് ശ്രമം നടന്നത്. ഇരകളെന്ന വ്യാജേന യു വിസ സ്വന്തമാക്കാനാണ് തട്ടിപ്പ് പ്ലാന്‍ ചെയ്തത്. കുറ്റകൃത്യത്തിന് ഇരകളായെന്നും അന്വേഷണത്തില്‍ സഹായിച്ചിട്ടുണ്ടെന്നും കാട്ടിയാണ് ഇവര്‍ യു വിസ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനായി ഫോമുകള്‍ സമര്‍പ്പിച്ചതെന്നതടക്കം കുറ്റപത്രത്തില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തി യു എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന് വഞ്ചനാപരമായ യു-വിസ അപേക്ഷകള്‍ സമര്‍പ്പിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ചൂണ്ടികാട്ടിയാണ് കോടതി പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്.

നയി (26), യങ് (31), ഭിഖാഭായ് പട്ടേല്‍ (51), നിലേഷ് പട്ടേല്‍ (32), രവിനാബെന്‍ പട്ടേല്‍ (23), രജനികുമാര്‍ പട്ടേല്‍ (32) എന്നീ 6 പ്രതികള്‍ക്കെതിരെയും വിസ തട്ടിപ്പ് ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. വിസ അപേക്ഷയില്‍ തെറ്റായ മൊഴി നല്‍കിയതിന് രവിനാബെന്‍ പട്ടേലിനെതിരെ മറ്റൊരു കുറ്റവും ചുമത്തിയിട്ടുണ്ട്. ഗൂഢാലോചന കുറ്റത്തിന് പരമാവധി അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കും. രവിനബെന്‍ പട്ടേലിനെതിരായ തെറ്റായ പ്രസ്താവനയെന്ന കുറ്റത്തിന് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.