വാഷിംഗ്ടണ്‍: യുദ്ധത്തിന് ആവശ്യമായ സാമ്പത്തിക വിഭവങ്ങള്‍ കണ്ടെത്താനുള്ള ഇറാന്റെ ശേഷി പരിമിതപ്പെടുത്തി ഹെഹ്റാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള 'ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്' നടപടികള്‍ ശക്തമാക്കി അമേരിക്ക. ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് യു എസ് ട്രഷറിയുടെ ഫിനാന്‍ഷ്യല്‍ ക്രൈംസ് എന്‍ഫോഴ്സ്മെന്റ് നെറ്റ്വര്‍ക്ക് (ഫിന്‍സെന്‍) യോഗം ചേര്‍ന്നതായി ട്രഷറി അറിയിച്ചു.
ഇറാന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട വരുമാന മാര്‍ഗങ്ങളും ആയുധങ്ങളും മറ്റ് ആവശ്യമായ സാമഗ്രികളും കണ്ടെത്തി വാങ്ങുന്നതിനുള്ള ശൃംഖലകളും തടയാന്‍ ആവശ്യമായ വിവരങ്ങള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യമെന്ന് യു എസ് ട്രഷറി വ്യക്തമാക്കി.
ഇറാനെ അന്താരാഷ്ട്ര ബാങ്കിങ് ബന്ധങ്ങളിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്ന ഇടനിലക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നതിനായാണ് യോഗം സംഘടിപ്പിച്ചതെന്നും ട്രഷറി അറിയിച്ചു.
തെഹ്റാന്റെ ശേഷിക്കുന്ന എല്ലാ സാമ്പത്തിക ബന്ധങ്ങളും വിച്ഛേദിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു.
'ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റിന് പിന്തുണ നല്‍കുന്നതില്‍ ധനകാര്യ സ്ഥാപനങ്ങള്‍ യു എസ് സര്‍ക്കാരിനൊപ്പം ഒരേ നിലപാടിലാണ്. ഇറാന്‍ ഭരണകൂടത്തിനെതിരായ നടപടികളില്‍ സ്വകാര്യ മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തനം തുടരും' എന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിന് പിന്നാലെ, അമേരിക്കയ്ക്കെതിരെയും ലോകത്തിനെതിരെയും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശേഷി പുനര്‍നിര്‍മിക്കാന്‍ ഇറാന്‍ ഭരണകൂടത്തിന് ഇനി ഇടമുണ്ടാകില്ലെന്ന് യു എസ് വ്യക്തമാക്കി.
അമേരിക്ക പിന്മാറിയാല്‍ ആഗോള ഊര്‍ജ പ്രതിസന്ധിയെന്ന് ജെ ഡി വാന്‍സ്
ഇറാനുമായുള്ള യുദ്ധത്തിലെ ഇടപെടല്‍ അവസാനിപ്പിച്ച് മധ്യപൂര്‍വദേശത്തുനിന്ന് അമേരിക്ക പിന്മാറുകയാണെങ്കില്‍ ലോകം ഊര്‍ജ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു.
ഇറാന്‍ കപ്പല്‍ഗതാഗതത്തെ ലക്ഷ്യമിട്ട് ആക്രമണം തുടരുന്ന സാഹചര്യത്തില്‍ അമേരിക്ക മധ്യപൂര്‍വദേശത്തോട് 'നിങ്ങള്‍ സ്വയം നോക്കിക്കോളൂ' എന്ന നിലപാട് സ്വീകരിച്ചാല്‍ ആഗോളതലത്തില്‍ ഊര്‍ജ പ്രതിസന്ധി അനിവാര്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇറാന്റെ ആക്രമണങ്ങളില്‍നിന്ന് മേഖലയിലെ അമേരിക്കന്‍ സ്വത്തുക്കളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം ആഗോള ഊര്‍ജ വിപണിയില്‍ എണ്ണയും പ്രകൃതിവാതകവും ലഭ്യമാണെന്ന് ഉറപ്പാക്കുന്ന ഉത്തരവാദിത്തപരമായ നടപടിയാണ് പ്രസിഡന്റ് സ്വീകരിക്കുന്നതെന്നും വാന്‍സ് പറഞ്ഞു.
'അമേരിക്കയുടെ ഇടപെടല്‍ അവസാനിപ്പിച്ച് മേഖലയില്‍നിന്ന് പിന്മാറുന്നത് ആഗോള ഊര്‍ജ വിതരണത്തെ ബാധിക്കും. ഇറാന്‍ കപ്പല്‍ഗതാഗതത്തിനെതിരായ ആക്രമണം തുടരുന്നിടത്തോളം ഇതിന്റെ പ്രത്യാഘാതം ലോകവ്യാപകമായിരിക്കും' എന്നും വാന്‍സ് വ്യക്തമാക്കി.
