റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരായ യു എസ് തീരുവ ഭീഷണി 500ല്‍ നിന്ന് 100 ശതമാനമായി കുറച്ചു

റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരായ യു എസ് തീരുവ ഭീഷണി 500ല്‍ നിന്ന് 100 ശതമാനമായി കുറച്ചു


വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്ന 500 ശതമാനം തീരുവ 100 ശതമാനമായി കുറയ്ക്കുന്ന ഭേദഗതി ഉള്‍പ്പെടുത്തി പുതിയ റഷ്യ ഉപരോധ ബില്‍ യു എസ് സെനറ്റ് അവതരിപ്പിച്ചു. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇതോടെ വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളിലെ സെനറ്റര്‍മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച ബില്‍ റഷ്യയ്ക്കെതിരായ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കുന്നതാണ് ലക്ഷ്യമിടുന്നത്. റഷ്യന്‍ ഉദ്യോഗസ്ഥര്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഊര്‍ജ പദ്ധതികള്‍ എന്നിവയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതിനൊപ്പം റഷ്യന്‍ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങളെ പിന്തിരിപ്പിക്കാന്‍ തീരുവയും ഉപയോഗിക്കാനാണ് നീക്കം.

ആദ്യ കരട് പ്രകാരം റഷ്യയില്‍ നിന്ന് എണ്ണയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങള്‍ക്കും 500 ശതമാനം തീരുവ ഏര്‍പ്പെടുത്താനായിരുന്നു നിര്‍ദേശം. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള മാസങ്ങളായുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് വ്യവസ്ഥയില്‍ മാറ്റം വരുത്തിയത്.

പുതിയ ഭേദഗതി പ്രകാരം റഷ്യന്‍ അസംസ്‌കൃത എണ്ണ വാങ്ങുന്ന ഏറ്റവും വലിയ അഞ്ച് രാജ്യങ്ങള്‍ക്കു മാത്രമേ പരമാവധി 100 ശതമാനം തീരുവ ബാധകമാകൂ.

റഷ്യന്‍ എണ്ണ വാങ്ങുന്ന ഏറ്റവും വലിയ രാജ്യങ്ങള്‍ ചൈന, ഇന്ത്യ, സ്ലോവാക്യ, ഹംഗറി, അസര്‍ബൈജാന്‍ എന്നിവയാണ്. റഷ്യന്‍ പ്രകൃതി വാതകത്തിന്റെ പ്രധാന ഇറക്കുമതിക്കാര്‍ ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ഹംഗറി, ബെല്‍ജിയം എന്നിവരുമാണ്.

റഷ്യയുടെ പ്രകൃതി വാതക കയറ്റുമതിയുടെ 15 ശതമാനത്തില്‍ താഴെ മാത്രം ഇറക്കുമതി ചെയ്യുകയും ഇറക്കുമതി കുറയ്ക്കാന്‍ കാര്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ബില്ലില്‍ ഇളവും നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം ജപ്പാന്‍, ഫ്രാന്‍സ്, ഹംഗറി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ക്ക് ലഭിച്ചേക്കും.

തീരുവയ്ക്ക് പുറമെ, പാശ്ചാത്യ സമുദ്ര സേവനങ്ങള്‍ക്ക് പുറത്തായി പ്രവര്‍ത്തിക്കുന്ന റഷ്യയുടെ 'ഷാഡോ ഫ്ളീറ്റ്' എണ്ണക്കപ്പലുകള്‍, റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, യമാല്‍ എല്‍ എന്‍ ജി, ആര്‍ട്ടിക് എല്‍ എന്‍ ജി. 1, 2, 3 തുടങ്ങിയ പ്രധാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ പദ്ധതികള്‍ എന്നിവയ്ക്കും ബില്‍ ഉപരോധം നിര്‍ദേശിക്കുന്നു.

ദേശീയ താത്പര്യം കണക്കിലെടുത്ത് ആവശ്യമായാല്‍ ഈ ഉപരോധങ്ങളില്‍ ഇളവ് നല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്.

2025 ഏപ്രിലിലാണ് ബില്‍ ആദ്യമായി അവതരിപ്പിച്ചത്. അടുത്തിടെ അന്തരിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സി ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്‍താലുമായിരുന്നു ബില്ലിന്റെ അവതാരകര്‍.

നിലവില്‍ ബില്ലിന് 26 സെനറ്റര്‍മാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ പിന്തുണ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും സെനറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, റഷ്യയ്ക്കൊപ്പം ഇറാനും ഹിസ്ബുല്ലയ്ക്കുമെതിരായ ഉപരോധ വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്താമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു. എന്നാല്‍ നിലവിലെ ബില്‍ പാസാക്കുന്നതിലാണ് കോണ്‍ഗ്രസ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് സെനറ്റര്‍ ബ്ലൂമെന്‍താല്‍ അഭിപ്രായപ്പെട്ടു.