കാനഡയുമായുള്ള ദീര്‍ഘകാല പ്രതിരോധ ബോര്‍ഡ് പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി യു എസ്

കാനഡയുമായുള്ള ദീര്‍ഘകാല പ്രതിരോധ ബോര്‍ഡ് പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി യു എസ്


വാഷിങ്ടണ്‍: കാനഡയുമായുള്ള ദീര്‍ഘകാല സൈനിക സഹകരണ സംവിധാനമായ 'പെര്‍മനന്റ് ജോയിന്റ് ബോര്‍ഡ് ഓണ്‍ ഡിഫന്‍സ്' പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചു. പ്രതിരോധ പ്രതിബദ്ധതകളില്‍ കാനഡ വിശ്വസനീയമായ പുരോഗതി കൈവരിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് നടപടി.

യു എസ് പ്രതിരോധ വകുപ്പിന്റെ അണ്ടര്‍സെക്രട്ടറി എല്‍ബ്രിഡ്ജ് കോള്‍ബി സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. വടക്കേ അമേരിക്കന്‍ സംയുക്ത പ്രതിരോധത്തിന് വേദി എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് പുനഃപരിശോധിക്കുന്നതിനായി ബോര്‍ഡിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

1940ല്‍ രൂപീകരിച്ച ഈ ബോര്‍ഡ് അമേരിക്ക- കാനഡ ഉഭയകക്ഷി പ്രതിരോധ സഹകരണത്തിനായുള്ള ഉപദേശക സമിതിയായാണ് പ്രവര്‍ത്തിച്ചു വന്നത്.

കാനഡയുടെ പ്രതിരോധ പ്രതിബദ്ധതകളില്‍ വാഗ്ദാനങ്ങളും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം ഇനി അവഗണിക്കാനാവില്ലെന്നും കോള്‍ബി പറഞ്ഞു. ഇതോടൊപ്പം, ജനുവരിയില്‍ ഡാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നടത്തിയ പ്രസംഗത്തിന്റെ ട്രാന്‍സ്‌ക്രിപ്റ്റും അദ്ദേഹം പങ്കുവച്ചു.

ലോക ക്രമത്തില്‍ വലിയ വിള്ളല്‍ സംഭവിച്ചുവെന്ന് കാര്‍ണി പ്രസംഗത്തില്‍ പറഞ്ഞിരുന്നുവെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അദ്ദേഹം നേരിട്ട് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ ആ പ്രസംഗത്തിന് പിന്നാലെ ട്രംപ് കാര്‍ണിയെ 'ഗവര്‍ണര്‍' എന്ന് വിശേഷിപ്പിച്ചിരുന്നു.

ഇറാനിലെ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്ക് അടച്ചതുമൂലം ആഗോള ഭൗമരാഷ്ട്രീയ അനിശ്ചിതത്വം ശക്തമായ സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ തീരുമാനം. എന്നാല്‍ പ്രതിരോധ ബോര്‍ഡ് നിര്‍ത്തിവയ്ക്കാന്‍ കാരണമായ പ്രത്യേക സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല.

ഇതിനിടെ, കാനഡ പ്രതിരോധ ചെലവ് ഗണ്യമായി വര്‍ധിപ്പിക്കുകയും നേറ്റോ നിശ്ചയിച്ച ലക്ഷ്യങ്ങള്‍ മറികടക്കുകയും ചെയ്തിരുന്നു.

അമേരിക്കയുടെ നടപടി തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്‍സര്‍വേറ്റീവ് മുന്‍ നേതാവ് എറിന്‍ ഒ ടൂള്‍ പ്രതികരിച്ചു. ട്രംപിന്റെ ചൈന സന്ദര്‍ശനത്തിന് പിന്നാലെ ഇത്തരമൊരു പ്രഖ്യാപനം വന്നതിന്റെ സമയക്രമവും അസാധാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.