വാഷിംഗ്ടണ്‍: മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷങ്ങളില്‍ ഇടപെടുപ്പോള്‍ എണ്ണയുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ കേള്‍ക്കാറുള്ള യു എസ് പുതിയ നേട്ടത്തിലേക്ക്.
ഇറക്കുമതി രാജ്യത്തില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണ- പ്രകൃതിവാതക ഉത്പാദകരില്‍ ഒരാളായാണ് കഴിഞ്ഞ ഒരു ദശകത്തിനിടെ അമേരിക്ക മാറിയിരിക്കുന്നത്. ഇറാനുമായി പുതിയ സംഘര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ പുറത്തുവന്ന ഏറ്റവും പുതിയ ഉല്‍പാദന കണക്കുകള്‍ ശ്രദ്ധേയമാണ്.
യു എസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ 2026 മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരം അമേരിക്കയുടെ എണ്ണ ഉത്പാദനം ദിനംപ്രതി 24 മില്യണ്‍ ബാരലായി ഉയര്‍ന്നു. ഇത് സൗദി അറേബ്യയുടെ 10.9 മില്യണ്‍ ബാരലും റഷ്യയുടെ 10.5 മില്യണ്‍ ബാരലും ചേര്‍ന്നതിനെക്കാള്‍ കൂടുതലാണ്.
2016ലാണ് ആദ്യമായി യു എസ് എല്‍ എന്‍ ജി കയറ്റുമതി ആരംഭിച്ചത്. ഇപ്പോള്‍ അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ എല്‍ എന്‍ ജി കയറ്റുമതിക്കാര്‍. ശരാശരി 1516 ബില്യണ്‍ ക്യൂബിക് ഫീറ്റ് ദിവസേന കയറ്റുമതി ചെയ്യുന്നു. 2026 മാര്‍ച്ചോടെ അമേരിക്കയുടെ പ്രകൃതിവാതക ഉldപാദനം 110 ബില്യന്‍ ക്യൂബിക്ക് ഫീറ്റ് പിന്നിട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ 'ഡ്രൈ നാച്വറല്‍ ഗ്യാസ്' ഉത്പാദകനെന്ന പദവി 2009 മുതല്‍ അമേരിക്ക നിലനിര്‍ത്തി വരികയാണ്. വാര്‍ഷിക അടിസ്ഥാനത്തില്‍ അമേരിക്കയുടെ വാതക ഉത്പാദനം ഏകദേശം ഒരു ട്രില്യണ്‍ ക്യൂബിക് മീറ്ററാണെന്നാണ് പുതിയ കണക്കുകള്‍. റഷ്യ 618642 ബില്യണ്‍ ക്യൂബിക് മീറ്ററുമായി രണ്ടാമതും തുടര്‍ന്ന് ഇറാനും റഷ്യയും സ്ഥാനങ്ങള്‍ പങ്കുവെക്കുന്നു. അമേരിക്കയുടെ ഉത്പാദനം റഷ്യയുടേതിനെക്കാള്‍ ഏകദേശം 1.5 മുതല്‍ 1.7 മടങ്ങ് കൂടുതലാണ്.
2025-ല്‍ ദിനശരാശരി 107- 108 ബില്യന്‍ ക്യുബിക്ക് ഫീറ്റ് എന്ന റെക്കോര്‍ഡ് ഉത്പാദനം രേഖപ്പെടുത്തിയിരുന്നു. 2026 ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഷോര്‍ട്ട്-ടേം എനര്‍ജി ഔട്ട്ലുക്കില്‍ 2026-ല്‍ 'ഡ്രൈ' ഉത്പാദനം 110 ബില്യന്‍ ക്യുബിക്ക് ഫീറ്റ് ആയി ഉയരുമെന്നും വിപണിയിലേക്കുള്ള മൊത്തം ഉത്പാദനം 2026-ല്‍ 120 ബില്യന്‍ ക്യുബിക്ക് ഫീറ്റും 2027-ല്‍ 122 ബില്യന്‍ ക്യുബിക്ക് ഫീറ്റും ആയിരിക്കുമെന്നുമാണ് പ്രവചനം.
എല്‍ എന്‍ ജി രംഗത്ത് മുന്‍പന്തിയിലുള്ള ഖത്തര്‍ ഉള്‍പ്പെടെ പ്രധാന രാജ്യങ്ങളുടെ സംയുക്ത ഉത്പാദനം ഏകദേശം 117 ബില്യന്‍ ക്യുബിക്ക് ഫീറ്റ് മാത്രമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പരിസ്ഥിതി പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുവെങ്കിലും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രചാരണം നടത്തിയ ഊര്‍ജ്ജ സ്വാതന്ത്ര്യവും നിയന്ത്രണങ്ങളിലെ ഇളവുകളും ഫലം കണ്ടുവെന്ന വാദം ഉയരുന്നു. 2016- 2020 കാലയളവില്‍ ഊര്‍ജ്ജ ഉത്പാദനം ഏകദേശം 60 ശതമാനം വര്‍ധിച്ചുവെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്.
