വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നീക്കം സുപ്രിം കോടതി തള്ളി. ഒരു നൂറ്റാണ്ടിലേറെയായി ഭരണഘടനയുടെ അടിസ്ഥാന തത്വമായി അംഗീകരിക്കപ്പെട്ട ജന്മാവകാശ പൗരത്വം റദ്ദാക്കാന്‍ ലക്ഷ്യമിട്ടിരുന്ന എക്‌സിക്യൂട്ടീവ് ഉത്തരവാണ് കോടതി അസാധുവാക്കിയത്.
ട്രംപിന്റെ കുടിയേറ്റ നയത്തിലെ പ്രധാന നടപടികളിലൊന്നായിരുന്ന ഈ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന ചൂണ്ടിക്കാട്ടി തുടക്കം മുതല്‍ വിവിധ നിയമവെല്ലുവിളികള്‍ നേരിട്ടിരുന്നു.
അമേരിക്കയില്‍ സ്ഥിരമായി താമസിക്കാനുള്ള ഉദ്ദേശം ഉള്ളവരുടെ മക്കള്‍ക്ക് മാത്രമേ ജന്മാവകാശ പൗരത്വം ലഭിക്കാവൂ എന്ന ട്രംപിന്റെ പ്രധാന വാദവും സുപ്രിം കോടതി തള്ളിക്കളഞ്ഞു.
ഭൂരിപക്ഷ വിധി എഴുതിയ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് അമേരിക്കന്‍ ഭരണഘടനയിലെ 14-ാം ഭേദഗതിയെ അത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ ചരിത്രപരമായോ നിയമപരമായോ മതിയായ അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി.
പൗരത്വം ഓരോ വ്യക്തിയുടെയും 'ഡൊമിസൈല്‍' അഥവാ സ്ഥിരതാമസ ഉദ്ദേശത്തെ അടിസ്ഥാനമാക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ഉദ്ദേശമെങ്കില്‍ അതുസംബന്ധിച്ച് നിയമനിര്‍മാണ ചര്‍ച്ചകളില്‍ വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരിക്കേണ്ടതായിരുന്നുവെന്ന് റോബര്‍ട്‌സ് നിരീക്ഷിച്ചു.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 1866ലെ സിവില്‍ റൈറ്റ്‌സ് ആക്ട് സംബന്ധിച്ച ചര്‍ച്ചകളില്‍ 'ഡൊമിസൈല്‍' എന്ന പദം രണ്ട് തവണ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. അതുപോലെ, ഭരണഘടനയിലെ പൗരത്വ വ്യവസ്ഥ സംബന്ധിച്ച ചര്‍ച്ചകളില്‍ ഒരേയൊരു തവണ മാത്രമാണ് ഈ പദം പരാമര്‍ശിക്കപ്പെട്ടത്. അപ്പോഴും സംസ്ഥാന പൗരത്വവും ദേശീയ പൗരത്വവും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നതിനായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ വിധിയോടെ, അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന ജന്മാവകാശ പൗരത്വം തുടരുമെന്ന നിലപാടാണ് സുപ്രിം കോടതി വീണ്ടും ഉറപ്പിച്ചത്.
